jyotiraditya-scindia

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ ജോതിരാദിത്യ സിന്ധ്യക്കും കുടുംബത്തിനുമെതിരെ കള്ളപ്രമാണമുണ്ടാക്കി വസ്തുതട്ടിപ്പ് നടത്തിയെന്ന പരാതിയിൻ മേൽ നടപടി. മദ്ധ്യപ്രദേശ് സർക്കാറിന്റെ ഇക്ണോമിക്ക് ഒഫെൻസസ് വിംഗ് ( ഇ.ഒ.ഡബ്ല്യു)​ ആണ് വ്യാഴാഴ്ച കേസിന്റെ അന്വേഷണം ആരംഭച്ചു.

ജോതിരാദിത്യ സിന്ധ്യ ബുധനാഴ്ച കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറ്റം നടത്തിയിരുന്നു. സിന്ധ്യക്കൊപ്പം കൂറ് മാറ്റത്തിനായി നിൽക്കുന്ന 22 എം.എൽ.എമാരും മദ്ധ്യപ്രദേശിലെ കമൽ നാഥ് സർക്കാറിന് ഭീഷണിയാണ്. ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ബി.ജെ.പി സർക്കാർ മദ്ധ്യപ്രദേശിൽ അധികാരത്തിൽ വരും. അതിനായുള്ള പടയൊരുക്കങ്ങൾ ബി.ജെ.പി പാളയത്തിൽ തുടങ്ങിയിട്ടുണ്ട്.

സുരേന്ദ്ര ശ്രീവാസ്തവയുടെ പരാതിയനുസരിച്ച് സിന്ധ്യക്കെതിരായ കേസ് അന്വേഷിക്കാനുള്ള ഉത്തരവ് നൽകിക്കഴിഞ്ഞെന്ന് ഇക്ണോമിക്ക് ഒഫൻസസ് വിംഗിലെ ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശ്രീവാസ്തവ വ്യാഴാഴ്ച നൽകിയ പരാതിയിൽ മഹൽഗാവിൽ സിന്ധ്യയും കുടുംബവും വ്യാജരേഖകൾ നിർമ്മിച്ച് വസ്തു വിറ്റതായും,​ ആ ഭൂമി 2009ലെ രേഖകളിലുള്ളതിനെക്കാൾ 6,​000 ചതുരശ്ര അടി ചെറുതാണെന്നുമാണ് പരാതിയിൽ പറയുന്നത്. ഇതിനെതിരെയുള്ള പരാതി 2014ൽ ലഭിച്ചെങ്കിലും കാര്യമായി അന്വേഷിക്കാതെ 2018ൽ കേസ് അവസാനിപ്പിച്ചു. വീണ്ടും പരാതി ലഭിച്ചതിനെ തുടർന്നാണ് പുനരന്വേഷണം നടത്തുന്നതെന്നും ഇ.ഒ.ഡബ്ല്യു ഉദ്യോഗസ്ഥൻ പറഞ്ഞു.

രാഷ്ട്രീയപകപോക്കലിന്റെ ഭാഗമാണ് കേസെന്ന് സിന്ധ്യയുടെ സന്തതസഹചാരിയായ പങ്കജ് ചതുർവേദി ആരോപിച്ചു. '2014ൽ അന്വേഷിച്ച കേസ് ഇപ്പോൾ പുറത്തെടുത്തത് രാഷ്ട്രീയ പകപോക്കലാണ്. നിയമത്തിലും ഭരണഘടനയിലും വിശ്വാസം ഉള്ളതിനാൽ ഭയപ്പെടുന്നില്ല. ഈ പ്രവൃത്തിക്ക് ഉചിതമായ മറുപടി കമൽ നാഥിന് നൽകും'- ചതുർവേദി വ്യക്തമാക്കി