corona-virus

തിരുവനന്തപുരം: ജില്ലയിൽ കൊറോണ വൈറസുണ്ടെന്ന് സംശയിക്കുന്ന ഇറ്റലിയിൽ നിന്നെത്തിയ വ്യക്തിയെ അഭിനന്ദിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ. മറ്റുള്ളവർക്ക് തന്റെ രോഗം പകരാതിരിക്കാൻ അദ്ദേഹമെടുത്ത മുൻകരുതലുകളെയാണ് കളക്ടർ അഭിനന്ദിച്ചിരിക്കുന്നത്. യുവാവ് ഇറ്റലിയിൽ നിന്ന് വിവിധ രാജ്യങ്ങൾ സന്ദർശിച്ചശേഷമാണ് പതിനൊന്നാം തീയതി തിരുവനന്തപുരത്തെത്തിയത്.

'ഒരു പോസിറ്റീവ് കാര്യം എന്താണെന്നുവച്ചാൽ അദ്ദേഹം സ്വയം ആരോടും സംസാരിക്കാതെ മാസ്‌ക്‌വച്ച് ആശുപത്രിയിൽ എത്തുംവരെ ആളുകളുമായി നിശ്ചിത അകലം പാലിച്ചു. ഐസൊലേഷൻ മോഡിൽ തന്നെയായിരുന്നു. ഇപ്പോഴും ഏല്ലാ കാര്യത്തിലും സഹകരിക്കുന്നുണ്ട്. ഇപ്പോഴുള്ള സാഹചര്യത്തിൽ രോഗബാധയുണ്ടെന്ന് സംശയിക്കുന്നവർ ഇങ്ങനെയാണ് ചെയ്യേണ്ടത്. ആദ്യമായി അദ്ദേഹത്തിന്റെ പെരുമാറ്റത്തെ അഭിനന്ദിക്കുന്നു'- കളക്ടർ പറഞ്ഞു.

ഇറ്റലിയിൽ നിന്നെത്തുന്ന എല്ലാവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ വയ്‌ക്കുമെന്നും കളക്ടർ അറിയിച്ചു. ഇപ്പോൾ രോഗബാധ സംശയിക്കുന്നയാൾ വിമാനത്താവളത്തിൽ നിന്ന് നേരെ പോയത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ്. എന്നാൽ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തതിനാൽ തിരിച്ചയക്കുകയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കുകയും ചെയ്തു. കുളിക്കുമ്പോൾ പനി ലക്ഷണം തോന്നിയതോടെ ഇയാൾ ദിശ നമ്പറിൽ വിളിച്ചറിയിച്ചു.തുടർന്ന് യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിൾ ആലപ്പുഴ ലാബിൽ അയച്ചിരിക്കുകയാണ്. ആലപ്പുഴ വൈറോളജി ലാബിൽ നിന്ന് ഇന്ന് ഉച്ചയോടെ അന്തിമഫലം ലഭിക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ആട്ടോയിൽ പോകും വഴി ഇയാൾ സമീപത്തെ ഒരു ജ്യൂസ് കടയിൽ കയറിയതായി വിവരം കിട്ടിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ആശുപത്രിയിൽ 5 പേരും വീട്ടിൽ 160 പേരുമാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്.

.