share-market-down

മുംബയ്: ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ്-19 ഓഹരി വിപണിയിലും ആഞ്ഞടിക്കുന്നു. വ്യാഴാഴ്ച കനത്ത നഷ്ടത്തെ തുടർന്ന് നി‌ർത്തിവച്ച ഓഹരി വിപണിയിൽ വെള്ളിയാഴ്ച വ്യാപാരം പുനഃരാരംഭിച്ചത് കുത്തനെയുള്ള ഇടിവോടെ. സെൻസെക്‌സ് 30,​000ന് താഴെയായി.

3090 പോയിന്റ് നഷ്ടത്തിൽ 29687 പോയിന്റുമായി സെൻസെക്‌സും 966 പോയിന്റ് താഴ്ന്ന് നിഫ്റ്റി 8624ലുമെത്തി. കനത്ത ഇടിവ് നേരിട്ടതിനെ തുടർന്ന് 10.20 വരെ വ്യാപാരം നിർത്തിവച്ചു. രൂപയുടെ മൂല്യം ഡോളറിനെതിരെ 74.40 നിലവാരത്തിലേക്ക് താഴ്ന്നു.‌ വ്യാപാരം പുനഃരാരംഭിച്ചപ്പോൾ സെൻസെക്‌സ് നേരിട്ടത് 1493 പോയിന്റിന്റെ നഷ്ടമാണ്. നിഫ്റ്റിക്ക് നഷ്ടമായത് 456 പോയിന്റ്. നിലവിൽ സെൻസെക്‌സിന് 31284 പോയിന്റും നിഫ്റ്റിക്ക് 9133 പോയിന്റുമാണുള്ളത്.

ഓഹരി വിപണിക്കും രൂപയ്ക്കുമൊപ്പം സ്വർണ്ണവിലയും കൂപ്പുകുത്തി. ആഭ്യന്തരവിപണിയിൽ വെള്ളിയാഴ്ച രാവിലെ പവന് കുറഞ്ഞത് 1200 രൂപയാണ്. ഇതോടെ പവന്റെ വില 30,​320 രൂപയിലെത്തി. മാർച്ച് ഒമ്പതിന് എക്കാലത്തെയും ഉയർന്ന വിലയായ 32,​320 ലേക്ക് സ്വർണ്ണവിലയെത്തിയിരുന്നു.

ഓഹരി വിപണിയിൽ ബി.എസ്.ഇയിൽ 88കമ്പനികളുടെ ഓഹരികൾക്ക് മാത്രമാണ് നേട്ടത്തിലുള്ളത്. 1400 ഓഹരികൾ നഷ്ടത്തിലാണ്. 12 വർഷത്തിനിടെ ലോവർ സർക്യൂട്ട് ഭേദിക്കുന്നത് ഇതാദ്യം. കൊട്ടക് മഹീന്ദ്ര ബാങ്ക്,​ ബി.പി.സി.എൽ,​ എച്ച്.സി.എൽ ടെക്ക്,​ ഗെയിൽ,​ ടെക്ക് മഹീന്ദ്ര,​ ടി.സി.എസ്,​ ഒ.എൻ.ജി.സി,​ കോൾ ഇന്ത്യ,​ ആക്സിസ് ബാങ്ക്,​ മുരുതി സുസുകി,​ എസ്.ബി.ഐ,​ ഐ.ടി.സി,​ ഹിൻഡൽകോ,​ ബ്രിട്ടാനിയ തുടങ്ങിയവരുടെ ഓഹരികൾ കനത്ത നഷ്ടത്തിലാണ്.