ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ കൊന്നതിന് മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സേൻഗറിന് 10 വർഷം തടവ്. ഡൽഹി കോടതിയാണ് ശിക്ഷ വിധിച്ചത്. കുൽദീപ് സേൻഗറുടെ സഹോദരൻ അതുൽ സേൻഗറും ഈ കേസിൽ കസ്റ്റഡിയിലാണ്. സേൻഗർ സഹോദരൻമാരോട് ഉന്നാവിലെ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകാനും കോടതി ഉത്തരവിട്ടു.
" പീഡനത്തിനിരയായ പെൺകുട്ടിക്ക് അച്ഛനെ നഷ്ടപ്പെട്ടു, വീട്ടിലേക്ക് തിരിച്ചെത്താനാവാത്ത സ്ഥിതിയിലാണ് പെൺകുട്ടി. പെൺകുട്ടിയുടെ കുടുംബത്തിൽ നാല് കുട്ടികളുണ്ട്, അതിൽ മൂന്ന് പേർ പെൺകുട്ടികളാണ്." വിധി പറയുന്നതിനിടെ ജില്ലാ ജഡ്ജി ധർമേശ് ശർമയുടെ വാക്കുകൾ. സമൂഹത്തോട് ബാധ്യയുണ്ടായിരിക്കേണ്ട സ്ഥാനം വഹിച്ച വ്യക്തിയാണ് സേൻഗർ. നീതിയും നിയമവും നിഷേധിച്ച് കൊണ്ട് അയാൾ പൊറുക്കാനാകാത്ത കുറ്റം ചെയ്തിരിക്കുകയാണ്. അയാളുടെ പ്രവൃത്തി ദാക്ഷിണ്യം അർഹിക്കുന്നില്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം ആഗസ്റ്റിൽ കുൽദീപ് സേൻഗറും കേസിൽ പ്രതികളായ മറ്റുള്ളവരും ചേർന്ന് പെൺകുട്ടിയുടെ അച്ഛന്റെ പേരിൽ ആയുധം കൈവശം വച്ചെന്ന കള്ളക്കേസുണ്ടാക്കി. പ്രാദേശികമായി നിർമ്മിച്ച ഒരു കൈത്തോക്കാണ് അവർ തെളിവായി ഉപയോഗിച്ചത്. കസ്റ്റഡിയിലെടുത്ത ശേഷം പൊലീസുകാരുടെ മർദ്ധനത്തെ തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ മരിച്ചു. സംഭവത്തിൽ രണ്ട് പൊലീസുകാർക്കെതിരെ നടപടിയെടുത്തിരുന്നെങ്കിലും അവർ ജാമ്യത്തിലിറങ്ങി.
പെൺകുട്ടി സേൻഗറിനെതിരെ നൽകിയ കേസ് പിൻവലിക്കാനാണ് ഇരയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കിയത്. പെൺകുട്ടിയുടെ അച്ഛന്റെ മൃതദേഹത്തിൽ ഗുരതരമായ പരിക്കുകളുണ്ടായിരുന്നത് കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് സേൻഗർ ഡൽഹിയിലായിരുന്നുവെന്നും പക്ഷേ ഉന്നാവ് പൊലീസുമായി അയാൾ ഫോണിൽ ബന്ധപ്പെട്ടിരുന്നതിന് തെളിവുണ്ടെന്നും ജഡ്ജി പറഞ്ഞു.
പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം രാജ്യവ്യാപകമായി പ്രതിഷേധത്തിന് വഴിവച്ചിരുന്നു. പൊലീസിൽ നിന്ന് നീതി കിട്ടാതായതോടെ പെൺകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ വീടിനുമുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം രാജ്യത്താകെ ശ്രദ്ധ നേടിയത്.
പീഡനക്കേസിൽ സേൻഗറിന് ജയിൽ ശിക്ഷ വിധിച്ച കോടതി ഇരയ്ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ചിരുന്നു.