rejith-kumar

റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ മത്സരാർത്ഥി ഡോ. രജിത് കുമാറിനെ അറസ്‌റ്റ് ചെയ്യാൻ സാധ്യത. സഹമത്സരാർത്ഥിയായ രേഷ്‌മയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്ന് രജിത് കുമാറിനെ ബിഗ് ബോസിൽ നിന്ന് താൽക്കാലികമായി പുറത്താക്കിയിരുന്നു. എന്നാൽ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 324, സെക്ഷൻ 323, സെക്ഷൻ 325 എന്നിവ പ്രകാരം ഗുരുതര കുറ്റകൃത്യമാണ് രജിത്കുമാർ ചെയ്‌തതെന്നും ഷോ നടക്കുന്നത് ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ ആയതിനാൽ ചെന്നൈ പൊലീസിന് സ്വമേധയാ കേസെടുക്കാനാകുമെന്നും ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്‌കൂൾ ടാസ്‌ക് എന്ന പേരിൽ മത്സരാർത്ഥികളെ വിദ്യാർത്ഥികളായും അദ്ധ്യാപകരായും തരംതിരിച്ചുള്ള ഗെയിമിലായിരുന്നു സംഭവം. വിദ്യാർത്ഥിയായെത്തിയ ഡോ.രജിത്കുമാർ രേഷ്‌മയ്ക്ക് പിറന്നാൾ സമ്മാനം നൽകുന്നുവെന്ന പേരിൽ രണ്ട് കണ്ണിലും മുളക് തേക്കുകയായിരുന്നു. ഇതിന് പിന്നാലെ രേഷ്]മ കണ്ണിന് ചികിത്സ തേടി. ഇതോടു കൂടിയാണ് ബിഗ് ബോസിലെ ഏറ്റവും ആരാധക പിന്തുണയുള്ള രജിത് കുമാറിനെ താൽകാലികമായി പുറത്താക്കാൻ ബിഗ് ബോസ് തീരുമാനിച്ചത്. എന്നാൽ അറസ്‌റ്റുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.