വിശാൽ നായകനാകുന്ന തുപ്പറിവാളൻ രണ്ടാംഭാഗത്തിൽ നിന്നും പിൻമാറിയതിന്റെ വിശദീകരണവുമായി സംവിധായകൻ മിഷ്കിൻ. വിശാൽ തന്റെ അമ്മയെ അസഭ്യം പറഞ്ഞെന്നും അത് ചോദിക്കാൻ ചെന്ന തന്റെ സഹോദരനെ മർദ്ധിച്ചെന്നും മിഷ്കിൻ ആരോപിക്കുന്നു. സിനിമയ്ക്ക് വേണ്ടി താൻ അനാവശ്യമായി പണം ചെലവിട്ടു എന്ന് വിശാൽ ആരോപിച്ചിരുന്നു അങ്ങനെയെങ്കിൽ വിശാലിനോട് ആരോപണം തെളിയിക്കാൻ മിഷ്കിൻ ആവശ്യപ്പെട്ടു.
"തുപ്പറിവാളൻ തന്റെ സഹോദരന് വേണ്ടി എഴുതിയ സിനിമയാണ്. പക്ഷെ ഞാൻ എന്റെ സഹോദരനെക്കാൾ സ്നേഹിക്കുന്ന വിശാലിന് ആ സിനിമ നൽകി. മുന്ന് സഹസംവിധായകരെ വച്ചാണ് സിനിമ പൂർത്തീകരിച്ചത്. നാല് ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട സിനിമ ആറ് മണിക്കൂർ കൊണ്ട് ചിത്രീകരിച്ചു. സിനിമ തിയേറ്ററുകളിൽ വൻ വിജയമാണ് കരസ്ഥമാക്കിയത്. തുടർച്ചയായി ചെയ്ത സിനിമകളെല്ലാം പരാജയപ്പെട്ട് നിൽക്കുന്ന വിശാലിന് അതൊരു ആശ്വാസമായിരുന്നു."- മിഷ്കിന്റെ പറഞ്ഞു.
മുന്നുകോടിയാണ് ആദ്യഭാഗത്തിന്റ പ്രതിഫലമായി തനിക്ക് ലഭിച്ചതെന്ന് മിഷ്കിൻ പറയുന്നു. ഒന്നാം ഭാഗം ഇറങ്ങി ഒന്നര വർഷത്തിന് ശേഷം കൊഹിനൂർ രത്നവുമായി ബന്ധപ്പെട്ട രണ്ടാം ഭാഗത്തിന്റെ കഥ എഴുതി. ആ സിനിമ നിർമ്മിക്കാൻ തയ്യാറായി ഒരു നിർമാതാവ് രംഗത്ത് വന്നതായും മുൻകൂറായി പണം തന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമാതാവ് തന്നെ സമീപിച്ചതിന് ശേഷമാണ് കഥ വിശാലിനോട് പറയുന്നതെന്ന് മിഷ്കിൻ പറഞ്ഞു. കഥ കേട്ടപ്പോൾ വിശാലിന്റെ കണ്ണ് നിറഞ്ഞ രംഗവും ഈ സിനിമ ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞതും അദ്ദേഹം പ്രേഷകരോട് വെളിപ്പെടുത്തി. സിനിമ നിർമിക്കാമെന്ന് വിശാൽ പറഞ്ഞെങ്കിലും തിയേറ്ററുകളിൽ ഓടിയില്ലെങ്കിൽ വൻ നഷ്ടമുണ്ടാകുമെന്നതിനാലും വിശാലിന് ആ ബാധ്യത താങ്ങാൻ പറ്റാത്തതിനാൽ മറ്റൊരു നിർമാതാവിനെ വയ്ക്കാമെന്നും താൻ നിർദേശിച്ചിരുന്നതായും മിഷ്കിൻ പറഞ്ഞു.
ചെന്നൈയുടെ പശ്ചാത്തലത്തിൽ രണ്ടാം ഭാഗം ഒരുക്കാമെന്നും നിലവിലെ കഥ മൂന്നാംഭാഗമായി പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും വിശാൽ സമ്മതിച്ചില്ല. അങ്ങനെ സിനിമയുടെ ലൊക്കേഷൻ അന്വേഷിച്ച് യു.കെയിലെത്തി. അവിടെ തനിക്ക് ചിലവായത് ഏഴ് ലക്ഷം രൂപയാണ് പക്ഷേ വിശാൽ എന്തിനാണ് 35 ലക്ഷം എന്ന് കള്ളം പറഞ്ഞതെന്ന് അറിയില്ലെന്നും മിഷ്കിൻ പറഞ്ഞു.
ബജറ്റുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസം കടുത്തതോടെ വിശാൽ തന്റെ അമ്മയെ അസഭ്യം പറഞ്ഞു, അനുജനെ മർദ്ധിച്ചു. വിശാലിനോട് താൻ ചെയ്ത തെറ്റെന്താണെന്ന് അറിയില്ല. വിശാൽ ഒരു നിർമാതാവിന്റെ മകനാണ് ഞാൻ ഒരു തയ്യൽക്കാരന്റെ മകനും. പേപ്പറും പേനയും കിട്ടിയാൽ തനിക്ക് കഥ എഴുതാനാകും ഇനി സിനിമയില്ലെങ്കിൽ ഹോട്ടലിൽ ജോലിചെയ്തോ തെരുവിൽ പാട്ടുപാടിയോ ജീവിക്കുമെന്ന് മിഷ്കിൻ പറഞ്ഞു. വിശാൽ എങ്ങനെയുള്ള ആളാണെന്ന് സമൂഹം ഒരിക്കൽ മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയ്ക്ക് വേണ്ടി മിഷ്കിൻ അനാവശ്യമായി പണം ചിലവാക്കുന്നു എന്നായിരുന്നു വിശാലിന്റെ ആരോപണം. കൃത്യമായ ആസൂത്രണമില്ലാതെ വിദേശത്ത് പോയ മിഷ്കിൻ ലൊക്കേഷൻ തിരഞ്ഞ് നടക്കുകയായിരുന്നു എന്ന് വിശാൽ ആരോപിച്ചിരുന്നു. സിനിമയിൽ നിന്ന് പുറത്തുപോയ ശേഷം മിഷ്കിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ വിശാൽ നടത്തിയിരുന്നു. ബാക്കി ഭാഗം സംവിധാനം ചെയ്യാൻ അഞ്ചുകോടി രൂപ പ്രതിഫലം മിഷ്കിൻ ആവശ്യപ്പെട്ടു. കൂടാതെ സിനിമയുടെ സകല അവകാശങ്ങളും തന്റെ പേരിൽ ആക്കണമെന്നും അയാൾ ആവശ്യപ്പെട്ടതായി വിശാൽ പറയുന്നു. ഈ പ്രശ്നങ്ങളെ തുടർന്നാണ് വിശാൽ സിനിമയുടെ സംവിധാനം ഏറ്റെടുത്തത്.