കൊല്ലം: ഇളവൂരിൽ ഇത്തരിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ മരണം സ്വാഭാവികമോ അസ്വാഭാവികമോയെന്ന സംശയം ഒരു നാടിനെയാകെ ഉത്ക്കണ്ഠയിലാഴ്ത്തുന്നു.ഫെബ്രുവരി 27 വ്യാഴാഴ്ച ആണ് കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ സംഭവ പരമ്പകൾക്ക് തുടക്കമാവുന്നത്-ദേവനന്ദയെന്ന ഏഴു വയസുകാരിയെ കാണാതാവുന്നത്. തൊട്ടടുത്ത ദിവസം രാവിലെ ആ കുരുന്ന് ശരീരത്തെ ജീവനില്ലാതെ ആറ്റിൽ കണ്ടെത്തുകയായിരുന്നു. കരഞ്ഞുപോയി കേരളമാകെ. എത്രയെത്ര അമ്മമാരാണ് ആർത്തുകരഞ്ഞത്. അവരെല്ലാം ദേവനന്ദയെ സ്വന്തം മകളായി കണ്ടു.അവരെല്ലാം കണ്ട ആശങ്ക കേരളമാകെ പടർന്നുകയറുകയായിരുന്നു. അത് വേദനയുടെ കണ്ണീരായി പെയ്തിറങ്ങുമ്പോൾ കൊല്ലത്തെ ഇളവൂർ എന്ന ഗ്രാമമാകെ ദേവനന്ദയുടെ വീട്ടിലായിരുന്നു.
പിന്നീട് സംശയങ്ങളുടെ കുത്തൊഴുക്കായി. ഈ കുഞ്ഞ് വീണു മരിച്ചതോ അതോ കൊലപാതകമോ?നാട്ടുകാരല്ല കേരളക്കരയാകെ ആ സംശയം ഇനിയുംമാറിയിട്ടില്ല. 63 പേരെ ഇതിനകം പോലീസ് ചോദ്യംചെയ്തു. അധ്യാപകരെയും ദേവനന്ദയുടെ കൂട്ടുകാരെയും നാട്ടുകാരെയും ബന്ധുക്കളെയും തുടങ്ങി പോലീസ് എല്ലാ പഴുതുകളുമടച്ചാണ് ചോദ്യം ചെയ്യൽ തുടരുന്നത്. പൊലീസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥരും നാട്ടുകാരും പുറത്തുവിട്ട സംശയങ്ങൾ ഓരോന്നോരോന്നായി ചുരുളഴിച്ച് മടക്കി വയ്ക്കുകയാണ് പൊലീസ് . അന്വേഷണം ശരിയായ ദിശയിൽ തന്നെയെന്നാണെന്ന് പോലീസ് പറയുന്നതെങ്കിലും വ്യക്തമായൊരു വഴിത്തിരിവ് ഇനിയും ഉണ്ടായിട്ടില്ല.സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന കഥകൾക്കും പഞ്ഞമില്ല. പണ്ടൊരിക്കൽ ദേവനന്ദയെ കാണാതായപ്പോൾ കുട്ടി ഓടിവന്ന സാഹചര്യം ഏറെ സംശയിക്കേണ്ടതുണ്ടെന്ന് ഒരു വാദമുണ്ട്. അത്തരത്തിൽ പോലീസ് ആഴത്തിൽ പഠിച്ചാൽ പിന്നിൽ ആരോ ഉണ്ടെന്ന തോന്നലാണ് നാട്ടുകാർക്കുള്ളത്. ചില ഓൺലൈൺ മാധ്യമങ്ങളിൽ ഒരു ചെറുപ്പക്കാരനെപ്പറ്റിയും കഥകൾ പ്രചരിക്കുന്നുണ്ട്. പക്ഷേ ഇക്കാര്യങ്ങളൊന്നും തള്ളാനോ കൊള്ളാനോ പൊലീസ് തയ്യാറായിട്ടില്ല. പോലീസ് നായ പോയ വഴി ഇപ്പോഴും സംശയം ജനിപ്പിച്ചുതന്നെ പോലീസിന് മുന്നിലുണ്ട്. വലിയ ഒഴുക്കില്ലാതിരുന്നിട്ടും ദേവനന്ദ വീണിടത്തല്ല മൃത ശരീരം കണ്ടെത്തിയതെന്ന ആരോപണങ്ങളും പോലീസിനെ വല്ലാതെ കുഴയ്ക്കുന്നു.
ശാസ്ത്രീയമായ തെളിവുകൾ പൂർണമാകാൻ ഫോറൻസിക് ഡോക്ടർമാർ നൽകുന്ന റിപ്പോർട്ടിലൂടെ മാത്രമെ കഴിയു. ഫോറൻസിക് ഡോക്ടമാരുടെ അന്തിമ റിപ്പോർട്ട് കൂടി പോലീസിന് കിട്ടിയാലെ ഇക്കാര്യത്തിലൊരു തീർപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കാനാവു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് ഡോക്ടർമാരുടെ വിദഗ്ധ സംഘം കുറെ ദിവസങ്ങളായി റിപ്പോർട്ടിന്റെ പിന്നാലെയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടും പിന്നീട് നടത്തിയ പരിശോധനകളും , നേരത്തെ ശേഖരിച്ച ആന്തരികാവയത്തിന്റെ സാമ്പിൾ എന്നിവ നോക്കിയായിരിക്കും അന്തിമ റിപ്പോർട്ട് നൽകുക .ദേവനന്ദയുടേത് മുങ്ങി മരണമല്ല, കുട്ടിയെ പള്ളിക്കലാറ്റിൽ തള്ളിയിട്ടതാകാമെന്ന ബന്ധുക്കളുടെ മൊഴി ഒട്ടൊന്നുമല്ല പൊലീസിന് കീറാമുട്ടിയാകുന്നത്. ഈ ആഴ്ച തന്നെ ഇതൊക്കെ പുറത്തറിയാനാകുമെന്നാണ് പോലീസിനും നാട്ടുകാർക്കുമുളള പ്രതീക്ഷ. ഫോറൻസിക് റിപ്പോർട്ടിൽ എല്ലാ സാധ്യതകളും സമഗ്രമായി വിലയിരുത്താനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്. മൃതദേഹം ഒഴുകിപ്പോയിട്ടുണ്ടോ, വയറ്റിലുണ്ടായിരുന്ന ഭക്ഷണം, ആന്തരികാവയവങ്ങളുടെ റിപ്പോർട്ട് , ശരീരത്തിലുണ്ടായ മാറ്റങ്ങൾ എന്നിവ വിശദമായി പരിശോധിച്ചാവും റിപ്പോർട്ട് നൽകുക.ഫോറൻസിക് മേധാവിയും സീനിയർ പോലീസ് സർജനുമായ പ്രൊഫ.ശശികലയുടെ നേതൃത്വത്തിലുളള ഡോക്ടർമാരാണ് ഫോറൻസിക് പരിശോധനാ ഫലം തയ്യാറാക്കുന്നത്. ഈ റിപ്പോർട്ട് കിട്ടിയ ശേഷം പോലീസിന് പലതും പറയാനും ചെയ്യാനുമുണ്ടാവും.