farroq-

ശ്രീനഗർ:ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ തടങ്കലിലാക്കിയ മുൻ മുഖ്യമന്ത്രിയും നാഷണൽകോൺഫറൻസ് നേതാവും ലോക്സഭാംഗവുമായ ഫറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു. ഏഴുമാസത്തെ വീട്ടുതടങ്കലിന് ശേഷമാണ് മോചിപ്പിച്ചത്. അദ്ദേഹത്തിന്റെ തടങ്കൽ പിൻവലിച്ച് ജമ്മു കാശ്മീർ ഭരണകൂടം ഇന്നലെ ഉത്തരവിറക്കി. അതേസമയം, ഫറൂഖ് അബ്ദുള്ളയോടൊപ്പം തടങ്കലിലാക്കിയ പുത്രനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയെയും മറ്റൊരു മുൻ മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തിയെയും മോചിപ്പിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ആഗസ്റ്റ് 5നാണ് കേന്ദ്രസർക്കാർ ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് 83കാരനായ ഫറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കിയത്. പിന്നീട് രണ്ടു വർഷം വരെ വിചാരണയില്ലാതെ തടവിൽ വയ്ക്കാൻ വ്യവസ്ഥയുള്ള

ജമ്മു കാശ്‌മീർ പൊതുസുരക്ഷാ നിയമപ്രകാരം സെപ്റ്റംബർ 15ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ശ്രീനഗറിലെ അദ്ദേഹത്തിന്റെ വസതി സബ് ജയിലായി പ്രഖ്യാപിച്ച് അവിടെ തടങ്കലിൽ പാർപ്പിക്കുകയുമായിരുന്നു. പൊതുജീവിതത്തിന് ശല്യമുണ്ടാക്കിയെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. അത് പ്രകാരം മൂന്ന് മാസത്തേക്കായിരുന്നു തടങ്കൽ. കഴിഞ്ഞ ഡിസംബറിൽ തടങ്കൽ മൂന്ന് മാസം കൂടി നീട്ടിയിരുന്നു. ഇന്നലെ ആ കാലാവധി കഴിഞ്ഞതോടെയാണ് മോചനം.

ഫറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചതിനെ നിരവധി നേതാക്കൾ സ്വാഗതം ചെയ്‌തു.
ഇവർക്കൊപ്പം തടങ്കലിലാക്കിയ പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജദ് ലോണും ആറ് മാസമായി തടങ്കലിലാണ്.

ഭീകരർക്കും വിഘടനവാദികൾക്കും,സാമൂഹ്യ വിരുദ്ധർക്കും എതിരെ പ്രയോഗിക്കുന്ന പൊതുസുരക്ഷാ നിയമം ഉന്നത രാഷ്‌ട്രീയ നേതാക്കൾക്കെതിരെ പ്രയോഗിക്കുന്നത് ആദ്യമായിരുന്നു.