കൊച്ചി:സ്വർണവില റെക്കാഡ് കുതിപ്പിന് താത്കാലിക വിരാമമിട്ട് ഇന്നലെ കുത്തനെ ഇടിഞ്ഞു. കേരളത്തിൽ പവന് 1,200 രൂപ കുറഞ്ഞ് 30,600 രൂപയായി. ഗ്രാമിന് 150 രൂപ കുറഞ്ഞ് 3,825 രൂപയിലെത്തി. ഒറ്റ ദിവസം സ്വർണത്തിന് ഇത്രയും വിലകുറയുന്നത് അത്യപൂർവമാണ്.
മാർച്ച് ആറിന് വില സർവകാല റെക്കാഡ് കുറിച്ചിരുന്നു. അന്ന്, പവന് 32,320 രൂപയും ഗ്രാമിന് 4,040 രൂപയുമായിരുന്നു വില.
രാജ്യാന്തര വില ഔൺസിന് ഏഴു വർഷത്തെ ഉയരത്തിൽ നിന്ന് ഇന്നലെ 1,555 ഡോളറിലേക്ക് താഴ്‌ന്നത് ഇന്ത്യയിലും വില കുറയാൻ സഹായിച്ചു. കഴിഞ്ഞ മാസാന്ത്യം 1,700 ഡോളർ വരെ എത്തിയിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം വ്യാഴാഴ്‌ച 74.28 വരെ കൂപ്പുകുത്തിയിരുന്നു. ഇന്നലെ മൂല്യം 73 നിലവാരത്തിൽ ആയതും സ്വർണവില താഴാൻ വഴിയൊരുക്കി.
എന്തുകൊണ്ട്
വില ഇടിവ് ?
കൊറോണ, ആഗോള സമ്പദ്‌വളർച്ചയെ കുത്തനെ ഇടിക്കുമെന്ന ഭീതി മൂലം ഓഹരി-കടപ്പത്ര വിപണികൾ നേരിട്ട തകർച്ച സ്വർണ വില വർദ്ധിപ്പിച്ചിരുന്നു. നിക്ഷേപകർ ഓഹരി വിപണി വിട്ട് സ്വർണത്തിലേക്ക് പണമൊഴുക്കി. ഓഹരികൾ ഒരു പരിധിയിൽ കൂടുതൽ തകരുന്നത് അഭികാമ്യമല്ല എന്ന ബ്രോക്കർമാരുടെ മുന്നറിയിപ്പ് (മാർജിൻ കോൾ) ഇന്നലെയുണ്ടായി. തുടർന്ന്, സ്വർണത്തിൽ നിന്ന് പണം പിൻവലിച്ച്, നിക്ഷേപകർ വീണ്ടും ഓഹരികളിലേക്ക് തിരിച്ചെത്തിയത് സ്വർണവില ഇടിയാൻ കാരണമായി.