kamalnath

ഭോപ്പാൽ: രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്ന മദ്ധ്യപ്രദേശിൽ പുതിയ നീക്കവുമായി മുഖ്യമന്ത്രി കമൽനാഥ് ഗവർണർ ലാൽജി ടണ്ടനെ കണ്ടു. വരുന്ന നിയമസഭാ സമ്മേളനത്തിൽ സ്പീക്കർ നിശ്ചയിക്കുന്ന ദിവസം വിശ്വാസം തെളിയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമൽനാഥ് ഗവർണർക്ക് കത്തു നൽകി.

കൊറോണ വൈറസ് ഭീതിയെ തുടർന്ന 16ന് നിശ്ചയിച്ച മദ്ധ്യപ്രദേശ് നിയമസഭ സമ്മേളനം മാറ്റിവയ്ക്കാൻ സാദ്ധ്യതയുണ്ടെന്ന രാഷ്ട്രീയ ഊഹാപോഹങ്ങൾക്കിടെയാണ് കമൽനാഥ് രാജ്ഭവൻ സന്ദർശിച്ചത്.

ബി.ജെ.പിയുടെ കുതിരക്കച്ചവടം തടയണമെന്നും ബംഗളൂരുവിൽ പാർപ്പിച്ചിരിക്കുന്ന എം.എൽ.എമാരെ തിരിച്ചെത്തിക്കണമെന്നും കമൽനാഥ് ആവശ്യപ്പെട്ടു.

"മദ്ധ്യപ്രദേശ് സർക്കാരിന് വിശ്വാസം തെളിയിക്കേണ്ടതുണ്ട്. പക്ഷേ സ്വാതന്ത്ര്യമുണ്ടെങ്കിൽ മാത്രം. 22 എം.എൽ.എമാർ തടവിലാക്കപ്പെടുമ്പോൾ എന്ത് സ്വാതന്ത്രം. ചില എം.എൽ.എമാർ പറയുന്നത് തിരിച്ചെത്തുമെന്നാണ്. പക്ഷേ, എപ്പോൾ തിരിച്ചെത്തും?" ഗവർണറെ കണ്ടശേഷം കമൽനാഥ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം 22 എം.എൽ.എമാർ പാർട്ടി വിട്ടതിന് തുടർന്നാണ് മദ്ധ്യപ്രദേശിൽ സർക്കാരിന്റെ നിലനില്പ് ഭീഷണിയിലായത്. ഇവർ സ്പീക്കർക്ക് രാജി നൽകിയിരുന്നു. ഗവർണറെയും രാജിക്കാര്യം അറിയിച്ചിട്ടുണ്ട്. വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് 22 പേർക്കും സ്പീക്കർ എൻ.പി. പ്രജാപതി കത്ത് നൽകി. ബി.ജെ.പിയുടെ കുതിരക്കച്ചവട നീക്കങ്ങൾക്കെതിരെ കോൺഗ്രസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

കൊറോണ ഭീതിയിൽ നിയമസഭാ സമ്മേളനം നീട്ടിവച്ചാൽ വിമത എം.എൽ.എമാരെ അയോഗ്യരാക്കാൻ കമൽനാഥിന് സമയം ലഭിക്കും.