kk-shylaja

 രാത്രി തൃശൂരിലേക്ക് പാഞ്ഞത് ബാത്ത്‌‌റൂമിൽ പോവാനും നിൽക്കാതെ

തിരുവനന്തപുരം: 'കോറോണ പടർന്ന ഗൾഫ് രാജ്യങ്ങളിൽ നിന്ന് പതിനായിരക്കണക്കിനാളുകൾ തിരിച്ചുവരാൻ പോവുകയാണ്. ഇവിടെ ഒരാളും മരണപ്പെടാതെ എല്ലാവരെയും രക്ഷിക്കാനാവുമോയെന്നാണ് സർക്കാർ നോക്കുന്നത്'- നിയമസഭയിൽ കൊറോണ ചർച്ചയിലെ പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയായി മന്ത്രി കെ.കെ.ശൈലജ പറഞ്ഞു..

തൃശൂരിൽ കൊറോണ സ്ഥിരീകരിച്ച ദിവസം, മന്ത്രിമാരായ എ.സി.മൊയ്തീനും വി.എസ്.സുനിൽകുമാറുമൊത്ത് രാത്രി 9.30ന്റെ വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് നെടുമ്പാശേരിയിലെത്തി. അവിടെ നിന്ന് ഒന്നര മണിക്കൂർ യാത്രയുണ്ട് തൃശൂരിലേക്ക്. ബാത്ത്‌റൂമിൽ പോലും പോയില്ല. മനസ് നിറയെ ബേജാറായിരുന്നു. ഞങ്ങൾ നേരേ വിട്ടു. 12ന് തുടങ്ങിയ യോഗങ്ങൾ പുലർച്ചെ രണ്ടരയ്ക്കാണ് തീർന്നത്.

ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തെ കുറ്റപ്പെടുത്തിയിട്ടില്ല. അവർ രോഗവിവരം മറച്ചുവച്ചു. ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്തില്ല. പനി വന്നിട്ടും സ്വകാര്യാശുപത്രിയിലെ ഡോക്ടറോട് ഇറ്റലിയിൽ നിന്നാണ് വന്നതെന്ന് പറഞ്ഞില്ല. വീടുകളിൽ നിരീക്ഷണത്തിന് വിധേയമാകണമെന്ന വിമാനത്തിലെ അറിയിപ്പ് അവഗണിച്ചു. അവർ ചെയ്തത് ശരിയല്ലെന്നാണ് പറഞ്ഞത്. അയൽവീട്ടുകാർ പനി ബാധിച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് വിവരം ഡോക്ടർ മനസിലാക്കിയത്. ഇറ്റലി കുടുംബത്തോട് അനുനയത്തിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു, അവരെ ഉപദ്രവിച്ചിട്ടില്ല. ഇക്കാര്യങ്ങൾ പുറത്തു പറയാതിരുന്നാൽ മറ്റുള്ളവർക്ക് മുൻകരുതലെടുക്കാൻ സാധിക്കുമോ..?

ഇറ്റലി കുടുംബം സഞ്ചരിച്ച പേഷ്യന്റ് ഫ്ലോ ചാർട്ടിൽ, അവർ ഭക്ഷണം കഴിച്ച ആനന്ദഭവൻ ഹോട്ടൽ ആര്യാസായിപ്പോയി. എവിടെയൊക്കെപ്പോയെന്നും, ആരൊക്കെയായി ബന്ധം പുലർത്തിയെന്നും കണ്ടെത്തുക എളുപ്പമല്ല. അവർ സഞ്ചരിച്ച വഴിയിൽ ഇത്ര കിലോമീറ്ററിലുള്ള ഹോട്ടലെന്ന വിവരം കണ്ട് നിരവധി പേർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 മറ്റ് രാജ്യങ്ങളിൽ നിന്ന് ദോഹ വഴിയെത്തുന്നവരെ സ്ക്രീനിംഗിനു ശേഷം വീടുകളിൽ നിരീക്ഷണത്തിന് അയയ്ക്കുകയാണ് ചെയ്യുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ആദ്യ ഘട്ടത്തിൽ നാല് ഡോക്ടർമാരുണ്ടായിരുന്നത് പിന്നീട് ഏഴാക്കി. ഇപ്പോൾ 12ഡോക്ടർമാരും 15പാരാമെഡിക്കൽ ജീവനക്കാരുമുണ്ട്

.

 ബസ്‌സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കി. എത്ര നിരീക്ഷണമുണ്ടായാലും ഉത്തരവാദിത്വമുള്ള പെരുമാറ്റമാണ് വേണ്ടത്. വിദേശത്തു നിന്നെത്തിയവരെ കണ്ടെത്താൻ പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡംഗങ്ങൾ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ സഹായിക്കണം. നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണവും, വസ്ത്രവും, മരുന്നും എത്തിക്കും. കർണാടക, തമിഴ്നാട് അതിർത്തിയിലും ജാഗ്രതയുണ്ട്.