ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട് ആഗോള മഹാമാരിയായി 132 രാജ്യങ്ങളിലേക്ക് പടർന്നുപിടിച്ച കൊറോണ വൈറസ് ബാധിച്ച് ലോകത്താകെ മരണം 5,000 കവിഞ്ഞു.1.34 ലക്ഷത്തിലേറെ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ വരെ മരണസംഖ്യ 5,043 ആണ്. ചൈനയിലാണ് മരണം കൂടുതൽ - 3,176. ഇറ്റലിയിൽ 1,016 പേരും ഇറാനിൽ 514 പേരും മരണമടഞ്ഞു.
ഇറാനിൽ ഇന്നലെ മാത്രം 85 പേർ മരിച്ചു.11,364 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയിയുടെ വിദേശ കാര്യ ഉപദേഷ്‌ടാവ് അലി അക്ബർ വെലായത്തിക്കും രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനിൽ പത്തു പേർ മരിച്ചു. 596 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആസ്‌ട്രേലിയൻ ആഭ്യന്തരമന്ത്രി പീറ്റർ ഡട്ടനും കൊറോണ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി സ്കോട്ട് മോറിസണും മന്ത്രിമാരും ക്വാറന്റൈനിലാണ്.
രോഗം രൂക്ഷമാകുമ്പോൾ ലോക രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും നിയന്ത്രണങ്ങളും മുൻകരുതൽ നടപടികളും ശക്തമാക്കി. കൊറോണ ബാധ പരിശോധിക്കാനുള്ള രണ്ടു ലക്ഷം കേന്ദ്രങ്ങൾ രാജ്യത്തുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇന്ത്യയിൽ 16 വിദേശികൾ ഉൾപ്പെടെ 81 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കൊറോണ മരണം വ്യാഴാഴ്‌ച കർണാടകത്തിൽ റിപ്പോർട്ട് ചെയ്‌തിരുന്നു.
ഗൂഗിൾ ഇന്ത്യയുടെ ബംഗളൂരു ഓഫീസിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാമെന്ന് ഗൂഗിൾ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ, മുൻകരുതലുകൾ
ആൾക്കൂട്ടം ഒഴിവാക്കാൻ സുപ്രീം കോടതിയിൽ നിയന്ത്രണം. അത്യാവശ്യ കേസുകൾ മാത്രമേ പരിഗണിക്കൂ. ബെഞ്ചുകൾ പരിമിതപ്പെടുത്തും
ഇന്ത്യൻ അതിർത്തിയിലെ 18 അന്താരാഷ്ട്ര ചെക്പോസ്റ്റുകൾ അടച്ചിടും.
ഇന്ത്യ - ബംഗ്ലാദേശ് അതിർത്തി വഴിയുള്ള ട്രെയിനുകളും ബസുകളും നിർത്തിവച്ചു.
മഹാരാഷ്‌ട്ര, ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ തിയേറ്ററുകളും മാളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.
മഹാരാഷ്ട്രയിൽ 17പേർക്ക് കൊറോണ സ്ഥിരീകരിച്ചു.
ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുളള എയർ ഇന്ത്യ സർവീസുകൾ ഏപ്രിൽ 30 വരെ നിറുത്തി
ഇറാനിലെ ഖ്വോം നഗരത്തിൽ കുടുങ്ങിയ 44 ഇന്ത്യക്കാരെ കൂടി ഇന്നലെ ഇന്ത്യ ഒഴിപ്പിച്ചു. ചൊവ്വാഴ്‌ച 58 പേരെ കൊണ്ടുവന്നിരുന്നു. ഇവരെയെല്ലാം രാജസ്ഥാനിലെ ജയ്സാൽമീറിലുള്ള സൈനിക ക്യാമ്പിൽ ക്വാറന്റൈനിലാക്കി.
മാലദ്വീപ്, അമേരിക്ക, മഡഗാസ്‌കർ, ചൈന എന്നിവിടങ്ങളിൽ നിന്ന് 1031 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചു
ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യാക്കാരെ കൊണ്ടുവരാൻ ഇന്ന് ഉച്ചയ്‌ക്ക് എയർ ഇന്ത്യ വിമാനം ഡൽഹിയിൽ നിന്ന് പോകും. നാളെ ഉച്ചയ്‌ക്ക് ഇന്ത്യക്കാരുമായി തിരിച്ചെത്തും
കർണാടകത്തിൽ നിയന്ത്രണം
കർണാടകയിൽ മാളുകളും സിനിമാതിയേറ്ററുകളും പബ്ബുകളും അടച്ചു.
കോളേജുകളും യൂണിവേഴ്സിറ്റികളും അടച്ചു.
വിവാഹങ്ങളും ജന്മദിന പാർട്ടികളും അടക്കമുള്ള സ്വകാര്യ ചടങ്ങുകൾക്ക് നിയന്ത്രണം.