corona-

ന്യൂഡൽഹി: ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കൊറോണയ്ക്കെതിരെ (കൊവിഡ് 19) സംയുക്ത പ്രതിരോധ നീക്കത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് ശക്തമായ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ സാർക്ക് രാജ്യങ്ങളോട് നരേന്ദ്രമോദി അഭ്യർത്ഥിച്ചു.. വിഡിയോ കോൺഫറൻസിലൂടെ ആലോചിച്ച് പ്രതിരോധ നടപടികൾ തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനുൾപ്പടെയുള്ള രാജ്യങ്ങൾക്കാണ് നിർദ്ദേശം നൽകിയത്. സാർക്ക് രാജ്യങ്ങളുടെ യോഗത്തിലാണ് മോദിയുടെ നിർദ്ദേശം.

ആഗോള ജനസംഖ്യയുടെ ഗണ്യമായ പങ്കുള്ള ദക്ഷിണ ഏഷ്യ, ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് സാദ്ധ്യമായ എല്ലാ വഴികളും തേടണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാർ വിവിധ തലങ്ങളിൽ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നരേന്ദ്ര മോദിയുടെ നിർദ്ദേശം പരിഗണിക്കുമെന്ന് പാക് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പാക് ദേശീയ സുരക്ഷ കൗൺസിൽ മോദിയുടെ നിർദ്ദേശം ചർച്ച ചെയ്യും.

അതേസമയം കൊറോണയെത്തുടർന്ന് രാജ്യത്തെ ആദ്യമരണം റിപ്പോർട്ട് ചെയ്ത ക‍ർണാടകത്തിൽ മാർച്ച് 20 വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിയേറ്ററുകൾ, മാളുകൾ, ഓഡിറ്റോറിയം തുടങ്ങിയവ അടച്ചിടും. വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ആവശ്യപ്പെട്ടു.