ടൊറൻടോ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോറി ട്രൂഡോയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബ്രിട്ടനിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെയാണ് സോഫി ട്രൂഡോ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജസ്റ്റിൻ ട്രൂഡോയേയും അടുപ്പമുള്ളവരെയും ഐസൊലേഷനിലേക്ക് മാറ്റി. എന്നാൽ ട്രൂഡോയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും രോഗലക്ഷണങ്ങളില്ലെന്നും സർക്കാർ അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് 14 ദിവസത്തേക്ക് പ്രധാനമന്ത്രി എെസൊലേഷനിൽ ആയിരിക്കും. ഇറ്റലി, അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം നേതാക്കളുമായി ട്രൂഡോ വ്യാഴാഴ്ച ഫോൺ മീറ്റിംഗുകൾ നടത്തുകയും കൊറോണയെക്കുറിച്ചുള്ള പ്രത്യേക കാബിനറ്റ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി യോഗങ്ങളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. എന്നാൽ ഫോണിലൂടെയും വീഡിയോ കോൺഫറൻസിംഗ് വഴിയും പ്രധാനമന്ത്രി മറ്റ് മന്ത്രിമാരുമായി ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് ഔദ്യാേഗിക വൃത്തങ്ങൾ അറിയിച്ചു.
കാനഡയിൽ ഏകദേശം 103 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.