സെൻസെക്‌സ് 1,325 പോയിന്റ് മുന്നേറി
നിഫ്‌റ്റിയുടെ നേട്ടം 365 പോയിന്റ്
കൊച്ചി: കൊറോണ സൃഷ്‌ടിച്ച വലിയ ആഘാതത്തിൽ നിന്ന് നേട്ടത്തിന്റെ ട്രാക്കിലേക്ക് ഇന്ത്യൻ ഓഹരികൾ ഇന്നലെ തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തിൽ കനത്ത നഷ്‌ടമുണ്ടായെങ്കിലും പിന്നീട് നേട്ടത്തിലേക്ക് ഓഹരി സൂചികകൾ ഇരച്ചുകയറുകയായിരുന്നു. സെൻസെക്‌സ് 1,325 പോയിന്റുയർന്ന് 34,103ലും നിഫ്‌റ്റി 365 പോയിന്റ് മുന്നേറി 9,955ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കൊറോണ മഹാമാരി ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ അമേരിക്കൻ കേന്ദ്രബാങ്കാ ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക് തുടങ്ങിയ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചേക്കുമെന്ന സൂചനയെ തുടർന്ന്, ആഗോള ഓഹരി വിപണികളിൽ ദൃശ്യമായ ഉണർവാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെ വീഴ്‌ചകളെ തുടർന്ന് മിക്ക ഓഹരികളുടെയും വില കുത്തനെ കുറഞ്ഞിരുന്നു. വില കുറഞ്ഞ ഓഹരികൾ വാങ്ങിക്കൂട്ടാൻ തിരക്കുണ്ടായതും ഓഹരി വിപണികൾക്ക് ഉണർവായി.
വിപണിയുടെ ചാഞ്ചാട്ടം നിരീക്ഷിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന് റിസർവ് ബാങ്കും സെബിയും വ്യക്തമാക്കിയതും നിക്ഷേപകർക്ക് ആശ്വാസമായി. എസ്.ബി.ഐ., ടാറ്രാ സ്‌റ്റീൽ, എച്ച്.ഡി.എഫ്.സി., സൺ ഫാർമ, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഒ.എൻ.ജി.സി എന്നിവയാണ് ഇന്നലെ നേട്ടത്തിന് നേതൃത്വം പിടിച്ച ഓഹരികൾ. ഇവ 16 ശതമാനം വരെ മുന്നേറി. ഏഷ്യൻ, പെയിന്റ്‌സ്, നെസ്‌ലെ ഇന്ത്യ, എച്ച്.സി.എൽ., ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവ നഷ്‌ടം നേരിട്ടു.
നേട്ടം
₹3.55 ലക്ഷം കോടി
ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിലുണ്ടായ നേട്ടം 3.55 ലക്ഷം കോടി രൂപയാണ്. ഫെബ്രുവരി 12 മുതൽ മാർച്ച് 12 വരെയായി സെൻസെക്‌സിൽ നിന്ന് 33.95 ലക്ഷം കോടി രൂപ കൊഴിഞ്ഞിരുന്നു. കൊറോണ മഹാമാരി ആഞ്ഞടിച്ച വ്യാഴാഴ്‌ച മാത്രം നഷ്‌ടമായത് 12 ലക്ഷം കോടി രൂപയാണ്.
മെച്ചപ്പെട്ട് രൂപയും
റെക്കാഡ് നഷ്‌ടത്തിൽ നിന്ന് ഇന്ത്യൻ റുപ്പി ഇന്നലെ നിലമെച്ചപ്പെടുത്തി. ഒരുവേള ഡോളറിനെതിരെ 74.50 വരെ ഇടിഞ്ഞ രൂപ, ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് 73.74ലാണ്. ഓഹരി വിപണിയുടെ നേട്ടമാണ് കരുത്തായത്.
സർക്യൂട്ട് ബ്രേക്കർ
നിഫ്‌റ്റി 45 മിനുട്ട്
വ്യാപാരം നിറുത്തി
വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ കനത്ത നഷ്‌ടം നേരിട്ട പശ്‌ചാത്തലത്തിൽ ഇന്നലെ നിഫ്‌റ്റിയുടെ വ്യാപാരം 45 മിനുട്ട് നേരം നിറുത്തിവച്ചു. ഓഹരി സൂചികയുടെ 'സർക്യൂട്ട് ബ്രേക്കർ" തകർന്നതാണ് കാരണം.
ഒരു മണിക്ക് മുമ്പ് സൂചിക 10 ശതമാനത്തിനുമേൽ നഷ്‌ടം കുറിച്ചാൽ വ്യാപാരം നിറുത്തണമെന്നാണ് വ്യവസ്ഥ. ഓഹരിവില ഒരു പരിധിയിൽ കൂടുതൽ (സർക്യൂട്ട് ബ്രേക്കർ) ഇടിയുമ്പോഴാണ് വ്യാപാരം നിറുത്തിവയ്ക്കുന്നത്.
45 മിനുട്ട് ഇടവേളയ്ക്ക് ശേഷം ഓഹരികൾ നേട്ടത്തിലേക്ക് തിരിച്ചുകയറി.