corona-

ന്യൂഡൽഹി : ലോകത്ത് കൊറോണ രോഗബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 5056 ആയി. 127 രാജ്യങ്ങളിലായി 1,35,000 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ 514 പേർ മരിച്ചു. ഇന്ത്യയിൽ കൊറോണ രോഗബാധിതരുടെ എണ്ണം 81 ആയി. ഇതിൽ 16 ഇറ്റാലിയൻ പൗരന്മാരും ഉൾപ്പെടുന്നതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. കെനിയ, കസാക്കിസ്ഥാൻ, എതോപ്യ എന്നീ രാജ്യങ്ങളിലും കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇറ്റലിയിൽ ഇന്നലെ മാത്രം 186 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 1016 ആയി. 15,113 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ഇറ്റലി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റോമിലെ എല്ലാ കത്തോലിക്ക പള്ളികളും അടച്ചിടും. 900ഓളം പള്ളികളാണ് റോമിൽ അടച്ചിടുന്നത്.

ദക്ഷിണകൊറിയയിൽ പുതുതായി 110 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ 1663 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫിയയ്ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിൽ സ്ഥിഗതിഗതികൾ നിയന്ത്രണവിധേയമായി തുടങ്ങിയതായാണ് റിപ്പോർട്ട്.

കൊറോണ ബാധിച്ച്‌ ഇന്ന് ഏഴുപേർ മാത്രമാണ് മരിച്ചതെന്ന് ചൈനീസ് നാഷണൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. മരണം കൂടുതലും ഹ്യൂബെയ് പ്രവിശ്യയിലാണ്. എട്ടു പുതിയ കേസുകൾമാത്രമാണ് റിപ്പോർട്ട് ചെയ്തത്. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് അധികൃതർ സൂചിപ്പിച്ചു.