ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഐ.പി.എൽ ഉൾ
പ്പെടെയുള്ള കായിക മത്സരങ്ങൾ മാറ്രി. ലോകത്താകമാനം കൊറോണ വ്യാപനത്തെ തുടർന്ന് കായിക മത്സരങ്ങളെല്ലാം നീട്ടിവയ്ക്കുകയോ,ഉപേക്ഷിക്കുകയോ ആണ്.
ഫുട്ബാൾ ലീഗുകളും മറ്രും അടച്ചിട്ട സ്റ്രേഡിയത്തിൽ നടത്തി നോക്കിയെങ്കിലും നിലവിലെ സാഹചര്യത്തിൽ മത്സരങ്ങൾ നീട്ടിവയ്‌ക്കാൻ തന്നെയാണ് വിവിധ കായിക അസോസിയേഷനുകളുടെ തീരുമാനം. അതേ സമയം തന്നെ ആഴ്സനൽ കോച്ച് അർട്ടേട്ട,ചെൽസി താരം കല്ലം ഹഡ്സൺ ഒഡേയ് എന്നിവർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയിലാണ് കായിക ലോകം.
ഇന്ത്യ Vs ദക്ഷിണാഫ്രിക്ക
പരമ്പര റദ്ദാക്കി
കൊറോണ വൈറസ് ഭീഷണിയെത്തുടർന്ന് ഇന്ത്യും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര റദ്ദാക്കി. ഈ മാസം 15-ന് ലക്‌നൗവിലും 18-ന് കൊൽക്കത്തയിലും നടക്കേണ്ട ഏകദിനങ്ങളാണ് ഉപേക്ഷിച്ചത്. പരമ്പരയിലെ ധർമ്മശാലയിൽ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. നേരത്തെ ഈ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നെങ്കിലും കളിക്കാരുടെ സുരക്ഷയെ മുൻനിറുത്തി പിന്നീട് മത്സരങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഡൽഹിയിൽ നിന്നും ഏറ്രവും അടുത്ത വിമാനത്തിൽ തന്നെ നാട്ടിലേക്ക് തിരിച്ച് പറക്കുമെന്ന് ബി.സി.സി.ഐ അധികൃതർ അറിയിച്ചു. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുമായി ആലോചിച്ച ശേഷം പരമ്പര പുനക്രമീകരിക്കുമെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഐ.പി.എൽ രണ്ടാഴ്‌ച നീട്ടി
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐ.പി.എൽ മത്സരങ്ങളും നീട്ടിവയ്ക്കുകയാണെന്ന് ബി.സി.സി.ഐ അറിയിച്ചു. നിലവിലെ തീരുമാന പ്രകാരം ഏപ്രിൽ 15നാണ് ഇത്തവണത്തെ ഐ.പി.എല്ലിന് തുടക്കമാകുക. നേരത്തേ ഈ മാസം 29ന് ഐ.പി.എൽ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കർശന നടപടികളിലേക്ക് കടന്നതോടെ ഐ.പി.എൽ അനിശ്ചിതത്വത്തിലായിരുന്നു.
നടപടികളുടെ ഭാഗമായി വിദേശികൾക്ക് അനുവദിച്ചിരുന്ന വിസകളെല്ലാം ഏപ്രിൽ 15 വരെ റദ്ദാക്കിയതോടെ ഐ.പി.എല്ലിൽ വിദേശ താരങ്ങളുടെ പങ്കാളിത്തം സംശയത്തിലായിരുന്നു. ഇതോടെയാണ് ഐ.പി.എൽ നീട്ടിവയ്ക്കാൻ അധികൃതർ തീരുമാനിച്ചത്. ഇന്ന് കൂടുന്ന ഐ.പി.എൽ ഭരണ സമിതി യോഗത്തിൽ ഐ.പി.എൽ നടത്തിപ്പ് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യും. അടച്ചിട്ട സ്റ്റേഡിയത്തിൽ ഐ.പി.എൽ നടത്താൻ ഫ്രാഞ്ചൈസികൾക്ക് എതിർപ്പില്ലെന്നാണ് വിവരം. അതേസമയം ഡൽഹിയിൽ ഐ.പി.എൽ മത്സരങ്ങൾ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ വ്യക്തമാക്കിയത് അധികൃതരെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. കർണാടക, മഹാരാഷ്ട്ര സർക്കാരുകളും ഐ.പി.എൽ നടത്താനാവില്ലെന്ന നിലപാടിലാണ്.
കൊറോണയും ഇന്ത്യൻ കായികരംഗവും
ഡൽഹിയിൽ നടക്കേണ്ട ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് (മാർച്ച് 24-29) റദ്ദാക്കി.
ബംഗളൂരുവിൽ നടക്കേണ്ട ഫിബ 3-3 ബാസ്കറ്റ്ബാൾ ഒളിമ്പിക് യോഗ്യത ടൂർണമെന്റ് (മാർച്ച് 18-22) നീട്ടി.
മേയ് 31 വരെയുള്ള എല്ലാ ചെസ് മത്സരങ്ങളും റദ്ദാക്കി.
ഐ ലീഗ് ഫുട്ബാളിലെ ശേഷിക്കുന്ന മത്സരങ്ങൾ ആളൊഴിഞ്ഞ സ്റ്റേഡിയത്തിലാകും നടത്തുകയെന്ന് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. ഗോകുലം എഫ്.സിയുടെ ഹോം മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയും ഖത്തറും തമ്മിൽ മാർച്ച് 26നും അഫ്ഗാനിസ്ഥാനെതിരെ ജൂൺ 9തിനും നടക്കേണ്ട ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങൾ മാറ്രിവച്ചു
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്രി.
ഇന്ത്യൻ അത്‌ലറ്രിക് അസോസിയേഷനും മത്സരങ്ങൾ എല്ലാം ഒരറിയിപ്പുണ്ടാകുന്നവരെ നിറുത്തി വച്ചിരിക്കുകയാണ്.
ന്യൂഡൽഹിയിൽ നടക്കേണ്ട ഷൂട്ടിംഗ് ലോകകപ്പ് മാറ്രി
എല്ലാ ദേശീയ ടെന്നിസ് മത്സരങ്ങളും ഒരറിയിപ്പുണ്ടാകുന്ന വരെ റദ്ദാക്കി
ഐ.പി.എൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എന്നിവ മാറ്രി
ഏപ്രിൽ 15വരെ പാരാ അത്‌ലറ്രിക് മത്സരങ്ങൾ എല്ലാം ഉപേക്ഷിച്ചു
അടുത്ത ആഴ്ച നടക്കേണ്ട ചാമ്പ്യൻസ് ലീഗ്, യൂറോപ്പ മത്സരങ്ങൾ മാറ്രിവച്ചതായി യു.ഇ.എഫ്.എ അറിയിച്ചു.
ഏപ്രിൽ 20 ന് നടക്കേണ്ടിയിരുന്ന ബോസ്റ്റൺ മാരത്തൺ സെപ്തംബർ 14ലേക്ക് മാറ്രി