മുംബയ്: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് റിസർവ് ബാങ്കിന്റെ മൊറട്ടോറിയം നടപടി നേരിടുന്ന യെസ് ബാങ്കിനെ രക്ഷിക്കാൻ എസ്.ബി.ഐയ്ക്കൊപ്പം അണിചേർന്ന് സ്വകാര്യ ബാങ്കുകളും. യെസ് ബാങ്കിന്റെ ഓഹരി പുനഃക്രമീകരണത്തിന് കേന്ദ്ര കാബിനറ്ര് അംഗീകാരം നൽകിയതിന് പിന്നാലെയാണ് സ്വകാര്യ ബാങ്കുകളുടെ നിക്ഷേപ വാഗ്ദാനം. സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ 725 കോടി ഓഹരികൾ ഒന്നിന് 10 രൂപ നിരക്കിൽ 7,250 കോടി രൂപയ്ക്ക് വാങ്ങുമെന്ന് എസ്.ബി.ഐ വ്യക്തമാക്കിയിരുന്നു.
യെസ് ബാങ്കിൽ നിക്ഷേപിക്കുന്നതിൽ നിന്ന് മറ്റ് പൊതുമേഖലാ ബാങ്കുകളെ വിലക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ഇവയുടെ മൂലധന സ്ഥിതിയും ഭദ്രമല്ലാത്തതിനാലാണിത്. യെസ് ബാങ്കിൽ നിക്ഷേപത്തിനായി രൂപീകരിക്കുന്ന കൺസോർഷ്യത്തിലെ അംഗങ്ങളെ എസ്.ബി.ഐയ്ക്ക് തീരുമാനിക്കാമെന്ന് സർക്കാരും റിസർവ് ബാങ്കും വ്യക്തമാക്കിയിരുന്നു. സ്വകാര്യ ബാങ്കുകളെയും ആഗോള നിക്ഷേപക സ്ഥാപനങ്ങളെയുമാണ് എസ്.ബി.ഐ ഉന്നമിട്ടത്. ഇതിന്റെ ചുവടുപിടിച്ചാണ് സ്വകാര്യ ബാങ്കുകൾ നിക്ഷേപത്തിന് സജ്ജരായത്. എൽ.ഐ.സിയും യെസ് ബാങ്കിൽ നിക്ഷേപം നടത്തിയേക്കും. എന്നാൽ, തുക തീരുമാനമായിട്ടില്ല.
നിക്ഷേപ വാഗ്ദാനം
യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികൾ എസ്.ബി.ഐ വാങ്ങും; 7,250 കോടി രൂപയാണ് എസ്.ബി.ഐ നിക്ഷേപിക്കുക. സ്വകാര്യ ബാങ്കുകളുടെ വാഗ്ദാനം ഇങ്ങനെ:
ഐ.സി.ഐ.സി.ഐ ബാങ്ക് : ₹1,000 കോടി
ആക്സിസ് ബാങ്ക് : ₹600 കോടി
എച്ച്.ഡി.എഫ്.സി : ₹1,000 കോടി
കോട്ടക് മഹീന്ദ്ര ബാങ്ക് : ₹500 കോടി