തിരുവനന്തപുരം: കൊറോണ ബാധിത രാജ്യങ്ങളിൽ ഉള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത് നല്ല കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ ബാധിത രാജ്യമായ ഇറ്റലിയിൽ ഉള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ തിരികെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നിരവധി തവണ കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
ഇപ്പോൾ അതിനായി വിമാനം അയക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിൽ വരാൻ ആഗ്രഹിക്കുന്ന അവരെ തടയാൻ ശ്രമിക്കുന്നത് ക്രൂരതയാണെന്നും രോഗബാധ ഉണ്ടാകും എന്ന് പറഞ്ഞുകൊണ്ട് അവരെ അതിന് അനുവദിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
അതിനിടെ, കേരളത്തിൽ വീണ്ടും കൊറോണ രോഗം സ്ഥിരീകരിച്ചുണ്ട്. ഒരു വിദേശ പൗരനടക്കം മൂന്നുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ ലണ്ടനിൽ നിന്നെത്തിയ മലയാളിയും മറ്റൊരാൾ വർക്കലയിലെ റിസോർട്ടിൽ താമസിച്ചിരുന്ന ഇറ്റലി സ്വദേശിയുമാണ്.
ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന ആൾക്കും കൊറോണ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വെള്ളനാട് സ്വദേശിയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചത്.