മൂവാറ്റുപുഴ:ജനാധിപത്യ കേരളാ കോൺഗ്രസ് പിരിച്ചു വിട്ട് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിച്ചതായി ചെയർമാൻ ഫ്രാൻസിസ് ജോർജ് അറിയിച്ചു. നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ ചേർന്ന ലയനസമ്മളനത്തിൽ സംസ്ഥാന നേതാക്കളായ ഡോകെ.സി.ജോസഫ്, ആൻറണി രാജു, പി.സി.ജോസഫ് എന്നിവർ പങ്കെടുത്തില്ല.ഇതോടെ ഇടതു പക്ഷത്തുള്ള കേരളകോൺഗ്രസിലും പിളർപ്പായി.
280 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 240 പേർ പങ്കെടുത്തെന്ന് ഫ്രാൻസിസ് ജോർജ് വിഭാഗം അവകാശപ്പെട്ടു.ഒമ്പത് ജില്ലാ പ്രസിഡന്റുമാർ എത്തിയിരുന്നു. മുൻ എം.പി വക്കച്ചൻ മറ്റത്തിൽ,മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ .തുടങ്ങിയവർ പങ്കെടുത്തവരിൽ പെടുന്നു.തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട,കോട്ടയം ജില്ലാ പ്രസിഡന്റുമാർ എത്തിയില്ല.സംസ്ഥാന ജനറൽ സെക്രട്ടറി ഏലിയാസ് സക്കറിയ ലയന പ്രമേയം അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി ആൻറണി ആലഞ്ചേരി പിന്താങ്ങി. പി.ജെ.ജോസഫ് യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല പാർട്ടി പിരിച്ചുവിട്ടതായി ഇലക് ഷൻ കമ്മിഷനെ അറിയിക്കുമെന്ന് സമ്മേളനത്തിന് ശേഷം ഫ്രാൻസിസ് ജോർജ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. .ഐക്യ കേരള കോൺഗ്രസ് അനിവാര്യമാണ്.2016ൽ പാർട്ടി രൂപീകരിക്കുമ്പോൾ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ ഇപ്പോഴില്ല.രാജ്യത്ത് ഇടതുപക്ഷ പാർട്ടികളുടെ ശക്തി ക്ഷയിച്ചു. കോൺഗ്രസിനൊപ്പം ദേശീയ തലത്തിൽ ഒന്നിച്ച് നിന്ന് കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്ന് ഫ്രാൻസിസ് ജോർജ്പറഞ്ഞു
ഫ്രാൻസിസ് ജോർജ് വഞ്ചിച്ചു
മൂവാറ്റുപുഴ:ഫ്രാൻസിസ് ജോർജും ഒരു വിഭാഗവും പാർട്ടിയിൽ നിന്നും പുറത്തു പോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചതായി ജനാധിപത്യ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ ഡോ.കെ.സി.ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ പി.സി.ജോസഫ്, വൈസ് ചെയർമാൻ ആൻറണി രാജു എന്നിവർ പറഞ്ഞു. പാർട്ടി എൽ.ഡി.എഫിൽ തുടരും.ഫ്രാൻസിസ് ജോർജ് പാർട്ടിയെ വഞ്ചിക്കുകയായിരുന്നു. ഭാവി പരിപാടികൾ തീരുമാനിക്കാൻ കോട്ടയം റോട്ടറി ഹാളിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3ന് യോഗം ചേരുമെന്നും അവർ അറിയിച്ചു. .