mamtha-banerjee

കൊൽക്കത്ത: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുപരിപാടികൾ റദ്ദാക്കണമെന്ന കേന്ദ്ര നിർദ്ദേശം അവഗണിച്ച് പതിനായിരങ്ങളെ പങ്കെടുപ്പിച്ച് മമത ബാനർജിയുടെ അവാർഡ് ദാന ചടങ്ങ്. കൊൽക്കത്തയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെയാണ് പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി സർക്കാരിന്റെ കായിക പുരസ്‌കാര വിതരണ ചടങ്ങ് നടത്തിയത്.

മുഖ്യമന്ത്രിയുടെ പെരുമാറ്റം നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷം രൂക്ഷ വിമർശനം ഉയർത്തി. ചടങ്ങിലെത്തിയ മമത കേന്ദ്രസർക്കാരിന്റെ നിർദ്ദേശവും വായിച്ചു. കായിക മത്സരങ്ങൾ ഉൾപ്പെടെ പൊതുപരിപാടികൾ മാറ്റി വയ്ക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് അപൂർവ പരിപാടി ആയതുകൊണ്ടാണ് മാറ്റി വയ്ക്കാത്തതെന്നായിരുന്നു മമതയുടെ വിശദീകരണം.

കൊറോണയുടെ പേരിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ ചുമയും കഫക്കെട്ടും കൊറോണ അല്ലെന്നും മമത പറഞ്ഞു. അസുഖമുള്ളവർ ഡോക്ടറെ കണ്ട ശേഷം 14 ദിവസം വിശ്രമിക്കണം. ഹസ്തദാനം ഒഴിവാക്കണം. പകരമായി നമസ്‌തേ പറയണം. മറ്റുള്ളവരുമായി അകലം പാലിക്കണമെന്നും മമത പറഞ്ഞു. ധാരാളം വെള്ളം കുടിക്കണമെന്നും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണമെന്നും മമത ജനങ്ങളോട് നിർദ്ദേശിച്ചു.