തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിക്കെതിരെ രംഗത്ത് വന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വൻവിമർശനമാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ തന്റെ വാദം ന്യായീകരിച്ച് ചെന്നിത്തല വീണ്ടും രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ആരോഗ്യമന്ത്രി ദിവസവും പത്രസമ്മേളനം വിളിക്കുന്നതിനെതിരായ നിലപാട് രമേശ് ചെന്നിത്തല ആവർത്തിച്ചത്.
ദിനംപ്രതി കൊറോണ ബാധിച്ചവരെയും സ്ഥിരീകരണവും സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ട് ജനങ്ങളിൽ ഭീതിയുണ്ടാക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശി.ച്ചുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. വാർത്താസമ്മേളനത്തിന് പകരം ജനങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
'അനാവശ്യ പത്രസമ്മേളനങ്ങള്‍ ഒഴിവാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്, ദിനംപ്രതി കോറോണ ബാധിച്ചവരെയും, സ്ഥിരീകരണവും സംബന്ധിച്ച വാർത്തകൾ പുറത്ത് വിടരുത് എന്നും, അത് ജനങ്ങളിൽ ഭീതി ഉണ്ടാക്കും എന്നാണ്. കണക്കുകൾ നിരത്തി ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കുന്ന രീതി മാറ്റി കോൺഫിഡൻസ് ബിൽഡിംഗ് മെഷേഴ്‌സിലേക്ക് പരിഷ്‌കൃത രാജ്യങ്ങൾ മാറി. ഈ പാത നമ്മുടെ നാടും പിന്തുടരണം,' - രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയാണെന്നും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനു പകരം ദിവസവും പത്രസമ്മേളനം വിളിച്ച് പ്രതിച്ഛായ വർദ്ധിപ്പിക്കാനാണ് ശ്രമമെന്നുമായിരുന്നു ചെന്നിത്തല ആരോപിച്ചിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദേശം ചൂണ്ടിക്കാട്ടി ചെന്നിത്തല വീണ്ടും രംഗത്തെത്തിയത്.
എന്നാൽ ഈ പോസ്റ്റിന് താഴെയും രമേശ് ചെന്നിത്തലയെ വിമർശിച്ച് നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.