തിരുവനന്തപുരം:കൊറോണ രോഗബാധ ഉൾപ്പെടെ ചർച്ച ചെയ്യാൻ തിങ്കളാഴ്ച (16ന് ) വൈകിട്ട് നാലിന് തിരുവനന്തപുരത്ത് മാസ്‌ക്കറ്റ് ഹോട്ടലിൽ സർവകക്ഷിയോഗം ചേരും. സെൻസസ് വിഷയങ്ങൾ ചർച്ച ചെയ്യാനാണ് നേരത്തേ സർവകക്ഷിയോഗം വിളിച്ചിരുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് കൊറോണയും ചർച്ചചെയ്യുന്നത്.
നമ്മുടെ കുട്ടികളാണ്, അവർ വരട്ടെ
ആദ്യ കൊറോണ മരണം കർണാടകയിലെ കൽബുർഗിയിൽ സംഭവിച്ചതിന് പിന്നാലെ അവിടെ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക് വരാൻ തയ്യാറാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അവർ മാത്രമല്ല വൈറസ് ബാധിത മേഖലകളിൽ നിന്നെത്തുന്ന ആരെയും സർക്കാർ തടയില്ല. അവർ നമ്മുടെ കുട്ടികളാണ്. അവർക്ക് ഇവിടെ പരിശോധയും ചികിത്സയും ലഭ്യമാക്കും. ഇറ്റലിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഫലിച്ചു. കേന്ദ്രസർക്കാർ ഇറ്റലിയിലേക്ക് പ്രത്യേക വിമാനം അയയ്‌ക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്. പ്രവാസികളുടെ കാര്യത്തിലും ഇതേ നിലപാടാണ് സർക്കാരിനുള്ളത്. കോട്ടയത്ത് പിതാവിനെ കാണാനെത്തിയ യുവാവ് നിരീക്ഷണത്തിലായപ്പോൾ പിതാവ് മരിച്ചിട്ടും സാമൂഹ്യബോധത്തോടെ പെരുമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒറ്റക്കെട്ടായി അതിജീവിക്കും
പല ദുരന്തങ്ങളെയും ഒറ്റക്കെട്ടായി നമ്മൾ അതിജീവിച്ചവരാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. നിപ്പയുടെ സമയത്തെ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. നിപ്പ ഒരു പ്രദേശത്ത് മാത്രമായിരുന്നെങ്കിൽ കൊറോണ നാടാകെയുണ്ട്. അന്ന് ഒരു പ്രദേശത്ത് നമ്മൾ നടത്തിയ പ്രവർത്തനങ്ങൾ ഇപ്പോൾ സംസ്ഥാനത്താകെ നടത്തും.
അതിർത്തികളിൽ പരിശോധന
സംസ്ഥാന അതിർത്തി കടന്ന് വരുന്ന ട്രെയിനുകൾ പൊലീസ് പരിശോധിക്കും. ആരോഗ്യപ്രവർത്തകർ അതിർത്തി പോയിന്റുകളിൽ മറ്റുവാഹനങ്ങൾ പരിശോധിക്കും. മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ എൻട്രി പോയിന്റുകളിൽ പരിശോധന ഒരുക്കും.