കരുവാരകുണ്ട്: അപൂർവ രോഗം തളർത്തിയ ജീവിതത്തിൽ നിന്ന് കരകയറാൻ റിൻഷാദിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ കാരുണ്യഹസ്‌തം. മരുന്ന് കിട്ടാതെ ദുരിതത്തിലായ, തരിശ് മുള്ളറയിലെ കുറ്റിത്തൊടിക നൗഷാദിന്റെ മകൻ റിൻഷാദ് ബാബുവിന് (20) 1.16 ലക്ഷം രൂപയുടെ മരുന്നുകൾ യൂസഫലിയുടെ നിർദേശപ്രകാരം വീട്ടിലെത്തിച്ചു നൽകി.
തലച്ചോറിലെ ഞരമ്പിനെ ബാധിച്ച രോഗമാണ് റിൻഷാദിനെ അലട്ടിയത്. സാബ്രിൽ 500 എം.ജി ഗുളിക കിട്ടാതിരുന്നത് റിൻഷാദിനെ വലയ്ക്കുന്നുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട എം.എ. യൂസഫലി മരുന്ന് ശേഖരിച്ച് നൽകാൻ ജീവനക്കാരോട് നിർദേശിക്കുകയായിരുന്നു. 10 വർഷമായി ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ് റിൻഷാദ്. ഇസ്രയിലിൽ നിർമ്മിക്കുന്ന മരുന്ന് കേരളത്തിൽ തിരുവനന്തപുരത്താണ് ലഭിക്കുന്നത്. രണ്ടുമാസമായി ഇവിടെ മരുന്ന് ലഭിക്കുന്നില്ല.
ദുബായ്, അബുദാബി, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച 1,060 ഗുളികകൾ ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, റിൻഷാദിന്റെ വീട്ടിലെത്തി കൈമാറി.