coronavirus

ന്യൂഡൽഹി:കൊറോണയ്‌ക്കെതിരെ രാജ്യമാകെ ജാഗ്രത ശക്തമാക്കുന്നതിനിടെ രോഗം റിപ്പോർട്ട് ചെയ്യാത്ത ഒഡിഷ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. രോഗ പ്രതിരോധത്തിന് 200 കോടി രൂപയും സംസ്ഥാന സർക്കാർ നീക്കിവച്ചു. മാർച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാശാലകളും അടച്ചിടും. ഒഡീഷ നിയമസഭ മാർച്ച് 29 വരെ പിരിഞ്ഞു.

ഉത്തർപ്രദേശിൽ മാച്ച് 22 വരെ സ്‌കൂളുകളും കോളേജുകളും അടച്ചു.

ഹരിയാനയിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 31 വരെ അടച്ചു

കൊറോണ സ്ഥിരീകരിക്കാത്ത മദ്ധ്യപ്രദേശിലും സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ജമ്മുകാശ്‌മീരിൽ ജിമ്മുകൾ, മാളുകൾ, വിനോദ കേന്ദ്രങ്ങൾ, സ്വിമ്മിംഗ് പൂളുകൾ എന്നിവ മാർച്ച് 31 വരെ അടച്ചു.

ഡൽഹി ഐ. ഐ. ടിയിലെ വിദ്യാർത്ഥികളോട് ഹോസ്റ്റൽ ഓഴിയാൻ നിർദ്ദേശിച്ചു.

കാൺപൂർ ഐ.ഐ.ടിയും ഡൽഹി ജെ.എൻ.യു, ജാമിയ സർവ്വകലാശാലകളും ക്ളാസുകളും പരീക്ഷകളും നിറുത്തിവച്ചു.

കുവൈറ്റിൽ ജനങ്ങൾ

വീട്ടിലിരിക്കണം

കുവൈറ്റ് സിറ്റി: കൊറോണയെ പ്രതിരോധിക്കാൻ കുവൈറ്റ് എല്ലാ ജനങ്ങളും നിർബന്ധമായി വീടുകളിൽ കഴിയണമെന്ന് നിർദ്ദേശിച്ചു. പുറത്തു പോകുന്ന വിദേശികളെ നാട് കടത്തും. വിമാന സർവീസുകൾ രണ്ടുദിവസത്തിനുള്ളിൽ പൂർണമായും നിറുത്തലാക്കും. എല്ലാ പൊതുഗതാഗത സർവീസും നിറുത്തലാക്കി. ഹോട്ടലുകളും മാളുകളും അടച്ചു. തുച്ഛമായ വിലയ്ക്ക് സാധനങ്ങൾകിട്ടുന്ന പ്രസിദ്ധമായ ഫ്രൈഡേ മാർക്കറ്റും അടച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. രാജ്യത്തെമ്പാടും വെള്ളിയാഴ്ച പ്രാർത്ഥന നിറുത്തലാക്കി. ഫെബ്രുവരി 27 ന് ശേക്ഷം എത്തിയ വിദേശികൾ കൊറോണ പരിശോധനയ്‌ക്കും രണ്ടാഴ്ചത്തെ ക്വാറന്റൈനും വിധേയരാവണം.

സാർക്ക് രാജ്യങ്ങൾക്ക്

മോദിയുടെ ഉപദേശം

ന്യൂഡൽഹി: കൊറോണയ്ക്കെതിരെ സംയുക്തമായി പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സാർക്ക് രാജ്യങ്ങളെ ആഹ്വാനം ചെയ്‌തു. സാർക്ക് രാഷ്ട്രത്തലവൻമാർക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ശക്തമായ പ്രതിരോധ പദ്ധതികൾ ആവിഷ്‌കരിക്കാമെന്നും മോദി ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.

മോദിയുടെ നിർദ്ദേശം പരിഗണിക്കുമെന്ന് പാകിസ്ഥാൻ സർക്കാർ അറിയിച്ചു. 20 രോഗബാധിതരാണ് പാകിസ്ഥാനിലുള്ളത്.

ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ്, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നിവയാണ് സാർക്ക് രാജ്യങ്ങൾ.