ജറുസലേം : ലോകാരാഗ്യ സംഘടന ആഗോളമഹാമാരിയായി പ്രഖ്യാപിച്ച കൊറോണ (കോവിഡ് 19) രോഗത്തിനെതിരെ നിർണായക കണ്ടെത്തലുമായി ഇസ്രായേൽ ശാസ്ത്രജ്ഞർ. അയ്യായിരത്തിലധികം ആളുകളുടെ ജീവൻ കവർന്ന കോവിഡ് 19 രോഗത്തിന് വാക്സിൻ വികസിപ്പിച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചു. ഇസ്രയേൽ ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് ഹാരെറ്റ്സ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വരുംദിവസങ്ങളിൽ പുതിയ വാക്സിനെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നും ഇസ്രയേൽ ശാസ്ത്രജ്ഞർ അറിയിച്ചു. പ്രധാനമന്ത്രിയിുടെ ഓഫീസിന്റെ മേൽനോട്ടത്തിലുള്ള ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസർച്ചിൽ നടന്നുവരുന്ന ഗവേഷണത്തിൽ സാർസ് കോവ്–2 എന്ന പുതിയ വൈറസിന്റെ ജൈവശാസ്ത്രഘടനയും പ്രത്യേകതകളും മനസിലാക്കാനായെന്ന് റിപ്പോർട്ടിൽ പറയുന്നു.
പുതിയ ചികിത്സാരീതികളും വാക്സിനുകളും തയ്യാറാക്കാനും രോഗപ്രതിരോധത്തിനുള്ള ആന്റിബോഡികൾ ഉൽപാദിപ്പിക്കാനും ഉൾപ്പെടെ സഹായകരമാകുന്നതാണു കണ്ടെത്തൽ എന്നാണ് വിവരം. എന്നാൽ സുരക്ഷിതമായ രീതിയിൽ ഉപയോഗിക്കാവുന്ന വിധത്തിൽ വാക്സിൻ തയാറാക്കണമെങ്കിൽ ഇനിയും മാസങ്ങളെടുക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ലോകോത്തര നിലവാരമുള്ള ജൈവശാസ്ത്ര ഗവേഷണ കേന്ദ്രമാണ് ഇസ്രയേലിലേതെന്നും അൻപതിൽപരം പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് വാക്സിന്റെ ഗവേഷണം നടക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്താക്കുന്നുണ്ട്.
ഇസ്രയേൽ പ്രതിരോധ സേനയുടെ സയൻസ് കോപ്സിന്റെ ഭാഗമായി മധ്യ ഇസ്രയേൽ നഗരമായ നെസ് സിയോണയിൽ 1952ൽ സ്ഥാപിതമായ ബയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പിന്നീട് സർക്കാർ ഇതര സംഘടനയാകുകയായിരുന്നു. വാക്സിൻ വികസിപ്പിക്കാൻ ഫെബ്രുവരി ഒന്നിനാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗവേഷണ കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്നാണു സൂചന. എന്നാൽ ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല
അതേസമയം ഒരു വാക്സിൻ ആദ്യം പരീക്ഷിക്കുക മൃഗങ്ങളിലായിരിക്കും. ഈ പ്രീ–ക്ലിനിക്കൽ ടെസ്റ്റ് വിജയിച്ചാൽ മാത്രമാണ് മനുഷ്യരിൽ ക്ലിനിക്കൽ ടെസ്റ്റ് നടത്തുക. വാക്സിന്റെ പാർശ്വഫലങ്ങളും പൂർണ സ്വഭാവവും ലോകമെമ്പാടുമുള്ള വ്യത്യസ്ത മനുഷ്യ വിഭാഗങ്ങളെ അതെങ്ങനെ ബാധിക്കുന്നുവെന്നുമെല്ലാം മനസിലാക്കണം. ഇതിന് മാസങ്ങൾ മുതൽ ഒന്നര വർഷം വരെ വേണ്ടിവരുമെന്നാണ് വിദഗ്ധർതന്നെ വ്യക്തമാക്കുന്നത്.
മൂന്ന് ആഴ്ച മുൻപ് ജപ്പാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിരവധി വൈറസ് സാംപിളുകൾ എത്തിയതായി ഇസ്രയേലിലെ പ്രധാന വാർത്താ പോർട്ടലായ വൈനെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ച സാംപിളുകൾ മൈനസ് 80 ഡിഗ്രി താപനിലയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. ഇതിനു ശേഷമാണ് ഗവേഷണം ശക്തമായത്.
ജനിതക ഘടന പുറത്തുവന്ന് ഒന്നര മാസത്തിനു ശേഷം, മാസച്യുസിറ്റ്സിലെ ബോസ്റ്റൺ ആസ്ഥാനമായുള്ള മോഡേണ ബയോടെക്നോളജി കമ്പനി കൊറോണയ്ക്കെതിരെയുള്ള വാക്സിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷ്യസ് ഡിസീസസിൽ ക്ലിനിക്കൽ ട്രയലിനായി ഇത് അയച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, നിലവിൽ ആഗോളതലത്തിൽ ഇരുപതിലധികം വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. അതിനിടെ, വൈറസിനെ വേർതിരിച്ചെടുത്തെന്ന (Isolate) വാദവുമായി കാനഡയും രംഗത്തുവന്നിരുന്നു.. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കും ഭാര്യ സോഫിക്കും കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കാനഡയിലെ ഒരു സംഘം ഗവേഷകർ പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഘത്തിൽ ഒരു ഇന്ത്യൻ വംശജനും ഉൾപ്പെടുന്നു. ടോറന്റോയിലെ സണ്ണിബ്രൂക് അശുപത്രിയിലെയും വാട്ടർലൂവിലെ ടോറന്റോ ആൻഡ് മക്മാസ്റ്റർ സർവകലാശാലയിലെയും ഗവേഷകര്‍ ചേർന്നാണ് വൈറസിനെ വേർതിരിച്ചടുത്തതെന്നാണു വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്.