തിരുവനന്തപുരം: 2020ൽ എന്തോ ദുരന്തം വരുമെന്ന് തനിക്ക് തോന്നിയിരുന്നതായും താൻ അക്കാര്യം പ്രവചിച്ചിരുന്നതായും മാതാ അമൃതാനന്ദമയി. കൊറോണ രോഗബാധ വിഷയമാക്കിയുള ഫേസ്ബുക്ക് കുറിപ്പിലാണ് അമൃതാനന്ദമയി ഇക്കാര്യം പറഞ്ഞത്.
2020ൽ കോവിഡ് പോലെയുള്ള മഹാമാരികളോ പ്രകൃതി ദുരന്തങ്ങളോ ലോകത്ത് സംഭവിക്കുമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായും കുറിപ്പിൽ പറയുന്നുണ്ട്. 2002ലാണ് താൻ ഇത്തരത്തിലുള്ള പ്രവചനം നടത്തിയതെന്നും മനുഷ്യൻ പ്രകൃതിയോട് ചെയ്ത സ്വാർത്ഥമായ കാര്യങ്ങളാണ് ഇത്തരത്തിലുള്ള കാരണമായതെന്നും സന്യാസിനി പറയുന്നു.
അന്ന് മുതൽ 'ഓം ലോക സമസ്താ സുഖിനോ ഭവന്തു' എന്ന മന്ത്രം എല്ലാ ദിവസവും താൻ ജപിക്കാൻ തുടങ്ങിയിരുന്നു എന്നും ദുരന്തം സംഭവിക്കുമെന്ന് മനസിലാക്കിയതോടെ പ്രത്യേക ധ്യാനം ലോക സമാധാനത്തിനായി ആരംഭിച്ചിരുന്നുവെന്നും അമൃതാനന്ദമയി പറയുന്നു. കോവിഡ് 19 മൂലമുണ്ടായ അവസ്ഥകളെ അതിജീവിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുകയും ശക്തമായി പ്രാർത്ഥിക്കുകയും വേണം. അവർ പറഞ്ഞു.
ആശ്രമത്തിന് കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നിർദേശങ്ങൾ ലഭിച്ചിരുന്നു. അതുകൊണ്ട് പ്രതിരോധ നടപടികൾ പിന്തുടരേണ്ടതുണ്ട്. എല്ലാവരും ഈ അവസ്ഥയുടെ വ്യാപ്തി ഉൾക്കൊണ്ട് സഹകരിക്കണം. നമ്മുടെ ഭാഗത്ത് നിന്നുണ്ടാാകുന്ന ചെറിയ പിഴവ് പോലും വലിയ ദുരന്തങ്ങൾക്ക് കാരണമാകാം. അമൃതാനന്ദമയി പറയുന്നു.
കഴിഞ്ഞ 45 വർഷമായി അമൃതാനന്ദമയിയുടെ ഒരു പരിപാടി പോലും റദ്ദാക്കേണ്ടി വന്നിട്ടില്ലെന്നും പക്ഷെ ഇപ്പോൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു. തനിക്ക് ഒന്നിനെയും ഭയമില്ലെന്നും മരണത്തെ പോലും താൻ ഭയപ്പെടുന്നില്ലെന്നും അവർ പറയുന്നു.
'ഒരു തീവ്രവാദി വീടിനുപുറത്ത് കാത്തുനിൽക്കുന്നു എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എപ്പോൾ വാതിൽ തുറന്ന് പുറത്ത് വന്നാലും അത് നമ്മെ ആക്രമിച്ചേക്കാം. ഈ അവസ്ഥയിൽ മുൻകരുതലുകൾ സ്വീകരിച്ച് പ്രാർത്ഥനയിൽ മുഴുകണം' അമൃതാനന്ദമയിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.