സൗരാഷ്ട്ര രഞ്ജി ചാമ്പ്യൻമാർ
രാജ്കോട്ട്: എട്ട് വർഷത്തിനുള്ളിൽ നാല് ഫൈനലുകൾ കളിച്ച സൗരാഷ്ട്രയുടെ രഞ്ജി കിരീടത്തിനായുള്ള കാത്തിരിപ്പിന് അവസാനമായി. രാജ്കോട്ടിലെ സ്വന്തം മൈതാനത്ത് നടന്ന ഫൈനലിൽ ബംഗാളിനെതിരെ നേടിയ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിൻബലത്തിൽ സൗരാഷ്ട്ര ആദ്യമായി രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിട്ടു. സ്കോർ: സൗരാഷ്ട്ര 425/10,105/4, ബംഗാൾ 381/10. ഒന്നാം ഇന്നിംഗ്സിൽ നേടിയ 44 റൺസിന്റെ ലീഡാണ് സൗരാഷ്ട്രയുടെ കിരീടമുറപ്പിച്ചത്. സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സിൽ 34 ഓവറിൽ 4 ന് 105 റൺസെന്ന നിലയിൽ നിൽക്കെ ഇരു ക്യാപ്ടൻമാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. 354/6 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ബംഗാൾ ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും
63 റൺസെടുത്ത അനുസ്തുപ് മജുംദാറിനെ സൗരാഷ്ട്ര ക്യാപ്ടൻ ജയദേവ് ഉനദ്കഡ് പുറത്താക്കിയതോടെ മത്സരത്തിന്റെ ഗതി മാറുകയായിരുന്നു. ധർമ്മദർശൻ ജഡോജ സൗരാഷ്ട്രയ്ക്കായി 3 വിക്കറ്ര് വീഴ്ത്തി. ഇതുവരെ 14 രഞ്ജി ഫൈനലുകളിൽ കളിച്ച ബംഗാളിന്റെ 12 മത്തെ തോൽവിയാണിത്. രണ്ട് തവണയേ അവർക്ക് ചാമ്പ്യൻമാരാകാനായിട്ടുള്ളൂ.
നേരത്തെ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ അർപിത് വസവദയാണ് കളിയിലെ താരം.