isl

മഡ്ഗാവ്: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ എടികെയും ചെന്നൈയിൻ എഫ്.സിയും തമ്മിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ കലാശപ്പോരാട്ടം ഇന്ന് അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കും. രാത്രി 7.30ന് ഗോവയിലെ ഫറ്രോർഡ സ്റ്രേഡിയത്തിലാണ് ഫൈനലിന്റെ കിക്കോഫ്. കാണികളുടെയും താരങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് അടച്ചിട്ട സ്റ്രേഡിയത്തിൽ മത്സരം നടത്തുന്നതെന്ന് ഐ.എസ്.എൽ അധികൃതർ വ്യക്തമാക്കി. സ്റ്റാർ സ്പോർട്സ്, ഹോട്ട് സ്റ്രാർ എന്നിലവയിലൂടെ ആരാധകർക്ക് മത്സരത്തിന്റെ തത്സമയ സംപ്രേഷണം കാണാം.

എടികെയും ചെന്നൈയിനും രണ്ടു തവണ വീതം കിരീടം കൈക്കലാക്കിയിട്ടുണ്ട്. 2014, 16 സീസണുകളിലായിരുന്നു എടിക്കെ വെന്നിക്കൊടി പാറിച്ചതെങ്കിൽ 2015, 18 വർഷങ്ങളിയിരുന്നു ചെന്നൈയിന്റെ കിരീടനേട്ടം. ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് ഏറ്രവും കൂടുതൽ തവണ ഐ.എസ്.എൽ കിരീടം സ്വന്തമാക്കിയവർ എന്ന റെക്കാഡ് സ്വന്തമാക്കാം. ഇരുടീമും ആദ്യമായാണ് ഫൈനലിൽ എത്തുന്നത്. ഇരുടീമും ഫൈനലിൽ ഇതുവരെ തോറ്റിട്ടില്ല എന്നതും കൗതുകകരമായ വസ്തുതയാണ്.

ആക്രമണ ഫുട്ബാൾ കളിക്കുന്ന രണ്ട് ടീമുകൾ തമ്മിലുള്ള മത്സരം ആരാധകർക്ക് വിരുന്നാകുമെന്നാണ് പ്രതീക്ഷ. വാൽകിസിന്റെ നേതൃത്വത്തിലുള്ള ചെന്നൈയിൻ ആക്രമണ നിരയും റോയ് കൃഷ്ണ നയിക്കുന്ന എടികെ മുന്നേറ്ര നിരയും ടൂർണമെന്റിലെ ഏറ്രവും മൂർച്ചയേറിയതാണ്.

ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഗോവയെ പ്ലേ ഓഫിൽ വീഴ്ത്തിയാണ് ചെന്നൈയിൻ ഫൈനലിൽ എത്തിയത്. കരുത്തരായ ബംഗളൂരുവിനെയാണ് എടികെ പ്ലേഓഫിൽ തകർത്തത്.