corona-death

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗബാധ കാരണം വീണ്ടും മരണം. ഡൽഹിയിലെ ആർ.എം.എൽ(റാം മനോഹർ ലോഹ്യ) ആശുപത്രിയിൽ ചികിത്സയിലായിരുന്ന 69കാരിയാണ് രോഗബാധ മൂലം മരണത്തിന് കാഴ്ചനടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. കോവിഡ് 19 രോഗത്തോടൊപ്പം തന്നെ മറ്റുചില രോഗങ്ങളും ഇവർക്ക് ഉണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു.

മകനിൽ നിന്നുമാണ് കൊറോണ രോഗം ഇവരിലേക്ക് പകർന്നുകിട്ടിയത്. നേരത്തെ ഇവരുടെ മകനിൽ കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിലെ ജനക്പുരിയിൽ നിന്നും വരുന്നയാളാണ് 69കാരി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

ഇന്നലെയാണ് കൊറോണ രോഗം ബാധിച്ച് രാജ്യത്ത് ആദ്യമായി ഒരാൾ മരണമടഞ്ഞത്. കർണാടകത്തിലെ കൽബുർഗിയിൽ നിന്നുമുള്ള 76 കാരനായ മുഹമ്മദ് ഹുസ്സൈൻ സിദ്ധിഖി ആണ് മരണപ്പെട്ടത്. ഇയാൾ സൗദിയിലെ ഉംറയിൽ പങ്കെടുത്ത ശേഷം ഫെബ്രുവരി 29നാണ് ഇയാൾ രാജ്യത്തേക്ക് മടങ്ങിയത്തിയത്.

സൗദിയിൽ നിന്നും നേരെ ഹൈദരാബാദിലേക്കാണ് മുഹമ്മദ് ആദ്യം എത്തിയത്. ശേഷം കൽബുർഗിയിലെ വീട്ടിലേക്കും വന്നു. തുടർന്ന് രോഗലക്ഷണങ്ങളായ ചുമയും മറ്റും ആരംഭിച്ച ശേഷം മാർച്ച് അഞ്ചിന് മുഹമ്മദ് ഇവിടുത്തെ ഒരു സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. മുഹമ്മദിന് ന്യുമോണിയയും അതോടൊപ്പം കൊറോണ ലക്ഷണങ്ങളും ഉണ്ടായിരുന്നു.