തിരുവനന്തപുരം : ജില്ലയിലും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി. മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമാണ് ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. കൂടാതെ പേരൂർക്കട ജില്ലാ ആശുപത്രിയിലും ഫോർട്ട് താലൂക്ക് ആശുപത്രിയിലും ഐസൊലേഷൻ മുറികൾ സജ്ജമാക്കി.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കളക്ടറുടെ നേതൃത്വത്തിൽ കോർപറേഷന്റെയും മുനിസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
തിരുവനന്തപുരം എയർപോർട്ട് വഴി വരുന്നവരെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ പ്രത്യേക സംവിധാനം ശക്തിപ്പെടുത്തിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ടൂറിസം മേഖലയിലെ ഹോം സ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ വൈറസ് ബാധിത രാജ്യങ്ങളിൽ നിന്ന് എത്തി താമസിക്കുന്നവരെ കണ്ടെത്തി അവർക്ക് വൈറസ് ബാധയില്ലെന്ന് ഉറപ്പ് വരുത്തും.
സംശയമുള്ളവരെ അവർ താമസിക്കുന്ന സ്ഥലങ്ങളിൽ തന്നെയാണ് നിരീക്ഷണത്തിലാക്കുന്നത്. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിൽ ഐസൊലേഷനിലേക്ക് മാറ്റും. സ്വകാര്യ ആശുപത്രികളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂമും സജ്ജമാണ്.
മെഡിക്കൽ കോളേജിലെ സംവിധാനങ്ങൾ
l കൊറോണ ക്ലിനിക്ക്
l 49 ഐസൊലേഷൻ റൂമുകൾ
l ഐസൊലേഷൻ ഐ.സി.യു
(ആവശ്യത്തിന് അനുസരിച്ച് )
l കെ.എച്ച്.ആർ.ഡബ്ല്യു.എസ്. ഡീലക്സ് പേ വാർഡിന്റെ താഴത്തെ നിലയിൽ കൊറോണ ക്ലിനിക്ക് ഒ.പി
l പ്രത്യേക പരിശീലനം നേടിയ വിദഗ്ദ്ധ ഡോക്ടർമാരും, നഴ്സുമാരുടെയും സേവനം
l എല്ലാ ദിവസവും പ്രത്യേക മെഡിക്കൽ ബോർഡ് ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും
ജനറൽ ആശുപത്രിയിൽ
l കെ.എച്ച്.ആർ.ഡബ്ല്യു.എസ്. പേ വാർഡുകൾ പൂർണായും കൊറോണ ചികിത്സയ്ക്കായി മാറ്റി
l 24മണിക്കൂർ പ്രവർത്തിക്കുന്ന കൊറോണ ക്ലിനിക്
l 24 ഐസൊലേഷൻ മുറികൾ
പ്രത്യേക ആംബുലൻസ് സർവീസ്
വൈറസ് ബാധ സംശയിക്കുന്നവരെ എയർപോർട്ടിൽ നിന്നു ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസുകൾ സജ്ജമാക്കി. 24 മണിക്കൂറും രണ്ട് ആംബുലൻസുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ രോഗികളെ സുരക്ഷിതമായി കൊണ്ട് പോകുന്നതിന് 15സർക്കാർ ആംബുലൻസുകളുമുണ്ട്. രോഗിയെ ആശുപത്രിയിൽ ഇറക്കിയ ശേഷം അണുവിമുക്തമാക്കിയതിന് ശേഷമാണ് വീണ്ടും ആംബുലൻസ് ഉപയോഗിക്കുന്നത്.
വിളിക്കാം
കൊറോണ സംശയങ്ങൾക്കോ ആശുപത്രി സേവനമോ
വേണ്ടവർക്ക്
0471- 2730045, 2730067
എന്നീ കാൾ സെന്ററിൽ
ബന്ധപ്പെടാം.
ഓൺലൈൻ സാദ്ധ്യതകൾ തേടി കോച്ചിംഗ് സെന്ററുകൾ
തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ നീറ്റ്, കീം എന്നീ മത്സര പരീക്ഷകൾക്കായി ഓൺലെെൻ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ. നാളെ മുതൽ നടത്താൻ തീരുമാനിച്ചിരുന്ന ക്ലാസുകൾ 31 വരെ നിറുത്തിവയ്ക്കാനുള്ള സർക്കാർ നിർദ്ദേശത്തെ തുടർന്നാണിത്. നിലവിൽ ഏപ്രിൽ ഒന്ന് മുതൽ ക്ലാസുകൾ തുടങ്ങാനാണ് കോച്ചിംഗ് സെന്ററുകളുടെ തീരുമാനം.
ക്ലാസ് തുടങ്ങിയ ശേഷം കൂടുതൽ സമയം ചെലവഴിച്ചും ഓൺലെെൻ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയും സമയ നഷ്ടം മറികടക്കാനാണ് കോച്ചിംഗ് സെന്ററുകൾ തയ്യാറെടുക്കുന്നത്. കോഴ്സ് വീഡിയോകൾ, ഓൺലെെൻ മോക് പരീക്ഷകൾ എന്നീ മാർഗങ്ങളിലൂടെ വിഷയങ്ങളിൽ കൂടുതൽ ഊന്നൽ നൽകാനാണ് ശ്രമം.മേയ് 3ന് തുടങ്ങുന്ന നീറ്റ്, ഏപ്രിൽ 20, 21 തീയതികളിൽ നടക്കുന്ന കീം എന്നീ പരീക്ഷകൾക്കാണ് വിദ്യാർത്ഥികൾ പ്രധാനമായും തയ്യാറെടുക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലേക്ക് പരിശീലനത്തിനെത്താൻ വിദ്യാർത്ഥികളും സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കളും വിമുഖത കാണിക്കുമോ എന്ന സംശയവുമുണ്ട്. മതിയായ കോച്ചിംഗ് ലഭിച്ചില്ലെങ്കിൽ വിദ്യാർത്ഥികളെ സാരമായി ബാധിക്കും. ഇതൊഴിവാക്കാൻ ദേശീയ തലത്തിൽ നടക്കുന്ന പ്രവേശന പരീക്ഷകൾ നീട്ടി വയ്ക്കുന്നതിന് സർക്കാരിന് കേന്ദ്രത്തോട് ആവശ്യപ്പെടാനും സംസ്ഥാനത്തിന് കീഴിൽ നടക്കുന്ന പരീക്ഷകൾ നീട്ടിവയ്ക്കാനും സർക്കാരിന് സാധിക്കുമെന്നും കോച്ചിംഗ് സെന്റർ ഉടമകൾ പറയുന്നു.