തിരുവനന്തപുരം: എത്രവട്ടം കണ്ണടച്ച് ഇരുട്ടാക്കിയാലും മഴയെയും കാലാവസ്ഥയെയും പഴിചാരി രക്ഷപ്പെട്ടാലും അധികാരികൾ മനസിലാക്കേണ്ടത് വെട്ടിപ്പൊളിച്ചും കുത്തിക്കുഴിച്ചും ഇട്ടിരിക്കുന്ന ഒാരോ റോഡിന്റെയും ഉത്തരവാദിത്വം നിങ്ങളുടേത് തന്നെയാണ്. അത്തരത്തിൽ തിരിഞ്ഞു നോക്കാതെ മാസങ്ങളായി ഗതികേടിൽ നട്ടം തിരിയുന്ന ഒരുകൂട്ടം റോഡുകളുണ്ട് നഗരത്തിന്റെ ഹൃദയഭാഗത്ത്. മെഡിക്കൽ കോളേജ്, പേട്ട, പാളയം, പിം.എം.ജി, പാറ്റൂർ, പട്ടം തുടങ്ങിയ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന കുന്നുകുഴി വാർഡിലെ പി.എം.ജി -വരമ്പാശ്ശരി, പാളയം-വരമ്പാശ്ശേരി, ജനറൽ ആശുപത്രി-വരമ്പാശ്ശേരി, പാറ്റൂർ-വരമ്പാശ്ശേരി, ലാ-കോളേജ്-വരമ്പാശ്ശേരി, പട്ടം-ഗൗരീശ എന്നീ റോഡുകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്.
'ചിലയിടത്ത് മെറ്റൽ, ചിലയിടത്ത് മണ്ണ്, ചിലയിടത്ത് കുണ്ടും കുഴിയും". ഇവയല്ലാതെ ടാർ ഒരിടത്തും കാണാനാകില്ല. അഥവാ അല്പം നടുവിലുണ്ടെങ്കിൽ ഇരു വശവും കുഴിയുമായിരിക്കും. ആറു മാസത്തോളമായി കുടിവെള്ളത്തിന്റെയും അറ്റകുറ്റ പണിയുടെയും പേരിൽ റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട്. ദിനംപ്രതി കുഴികളുടെ എണ്ണവും ആഴവും കൂടി വരുന്നു. പൈപ്പുകൾ പൊട്ടിയൊലിച്ചും, പൊടിയും പുകയും കൊണ്ട് അന്തരീക്ഷ മലിനീകരണവും രൂക്ഷം. ഇതുവഴിയുള്ള യാത്ര നരകയാത്രയായി മാറിക്കഴിഞ്ഞു. ഈ റോഡുകളിൽ പലതും ഉയർന്ന വാഹന സാന്ദ്രതയുള്ള മേഖലകളാണ്. പ്രധാന റോഡുകൾ പ്രതിഷേധങ്ങളുടെ പേരു പറഞ്ഞു ബ്ലോക്ക് ചെയ്യുമ്പോൾ യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഇൗ റോഡുകളെ തന്നെ. ടാറിംഗിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനെന്ന് നഗരസഭ വ്യക്തമാക്കി.
ഇവിടെയല്ലാം തകർന്ന് തരിപ്പണം
l മുളവന
l തേക്കുംമൂട്
l വരമ്പാശ്ശേരി
l ഗൗരീശപട്ടം
l ലാ കോളേജ് ജംഗ്ഷൻ
l മിറാന്റാ ജംഗ്ഷൻ
l തമ്പുരാൻ മുക്ക്
l കണ്ണാശുപത്രി - മൂന്ന്
മുക്ക് റോഡ്
l കണ്ണമ്മൂല-പുത്തൻപാലം
തലപൊക്കിയും താഴ് ത്തിയും മാൻഹോളുകൾ
മാൻഹോളുകളിൽ ചിലത് റോഡിൽ നിന്നു ഉയരത്തിലും ചിലത് റോഡിൽ തന്നെ അല്പം കുഴികളിലുമാണ് ഇരിക്കുന്നത്. ഒന്നു പോലും റോഡിനോട് ചേർന്നില്ല. ഇവയിൽ തട്ടി വാഹനങ്ങൾ വീഴുന്നതും പതിവ്. ലാ കോളേജ് ജംഗ്ഷനിൽ മൂന്നു മാസം മുൻപ് ഇതിലൊരു കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരിയുടെ നട്ടെല്ല് പൊട്ടിയിരുന്നു.
ഉണങ്ങി വീഴാറായാലും വെട്ടില്ല
ലാ കോളേജിന് മുന്നിൽ വേരുൾപ്പെടെ ഉണങ്ങിയ ഒരു തല്ലിമരം നിൽപ്പുണ്ട്. ഒരിലപോലും മരത്തിൽ അവശേഷിക്കുന്നില്ല. ഏതു നിമിഷവും കടപുഴകുമെന്ന നിലയിലാണ് മരത്തിന്റെ നിൽപ്പ്. രാവു പകലും നിരവധി പേർ തിങ്ങിക്കൂടുന്ന ജംഗ്ഷനിൽ വലിയ അപകടങ്ങൾക്ക് വഴിവച്ചേക്കാം. തൊട്ടടുത്ത് തന്നെ ഇലക്ട്രിക് പോസ്റ്റും നിരവധി കേബിളുകളുമുണ്ട്. പരാതികൾ പലത് നൽകിയിട്ടും ഒരു കുലുക്കവുമില്ലെന്ന് നാട്ടുകാർ.
ടെൻഡർ നടപടികൾ പൂർത്തിയാക്കി. ഒരു കോൺട്രാക്ടർക്ക് കരാർ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന് കാര്യവട്ടത്ത് മറ്റൊരു പണി നടക്കുന്നതിനാലാണ് ഇവിടത്തെ ജോലികൾ വെെകുന്നത്. ഒരാഴ്ചയ്ക്കകം ജോലികൾ തുടങ്ങും, വാട്ടർ അതോറിട്ടിയുടെ വർക്കുകൾ കുറച്ചുകൂടി പൂർത്തിയാകാനുണ്ട്.
- പി.എസ്. രാജ്മോഹൻ തമ്പി
അസിസ്റ്റൻഡ് എക്സിക്യുട്ടീവ് എൻജിനിയർ
പൊതുമരാമത്ത് വകുപ്പ് ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകിയെന്നാണ് അറിവ്. അവിടെ കുടിവെള്ളവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് റോഡ് കുഴിച്ചത്. ഇപ്പോൾ നടക്കുന്ന വാട്ടർ അതോറിട്ടിയുടെ ജോലികൾ ഏതാണ്ട് പൂർത്തിയായി. സമയബന്ധിതമായ ടാറിംഗ് അടക്കമുള്ള ജോലികൾ പൂർത്തിയാക്കും.
-വി.കെ.പ്രശാന്ത്, എം.എൽ.എ