തിരുവനന്തപുരം: സ്ഥലം ആഭ്യന്തര വിമാനത്താവളം. മുംബയിൽ നിന്നുള്ള വിമാനത്തിൽ വന്നിറങ്ങിയ വിദേശ ദമ്പതികളെ കാത്ത് പുറത്ത് കോവളത്തെ ഹോട്ടൽ അയച്ച കാർ കിടപ്പുണ്ട്. സഞ്ചാരിയുടെ പേര് അടങ്ങിയ പ്ലക്കാർഡും പിടിച്ച് നിന്ന ഡ്രൈവറെ തിരിച്ചറിഞ്ഞ് ദമ്പതികൾ കാറിനടുത്തേക്ക് നടന്നു.
അപ്പോൾ സമീപത്തെ മറ്റ് ടാക്സി ഡ്രൈവർമാരുടെ കൂട്ടത്തിൽ നിന്നു ചില കമന്റുകൾ 'ഹലോ കൊറോണാ...' അളിയാ കൊറോണായാ വരുന്നത്. ഓട്ടം പിടിക്കല്ലേ...! വിദേശികൾ നീരസത്തോടെ ചുറ്റും നോക്കി. ഒരു പുച്ഛച്ചിരിയുമായിട്ടാണ് എല്ലാവരുടേയും നില്പ്. മലയാളം ഡയലോഗ് മനസിലായില്ലെങ്കിലും കൊറോണയുമായി ബന്ധപ്പെട്ട് നല്ല കമന്റല്ല വന്നതെന്ന് സായിപ്പിന് മനസിലായി. കാറിൽ കയറി ഹോട്ടലിലേക്ക് പോയി.
സീൻ രണ്ട്
കോവളം തീരത്തെ സന്ധ്യ. പൊതുവെ സഞ്ചാരികൾ കുറവ്. ഉള്ളവർ പതിവുപോലെ പുറത്തേക്കിറങ്ങി റസ്റ്റോറന്റുകളിലും മറ്റും പോകുന്നു. ഒരു കാര്യവുമില്ലാതെ അവിടെ ചുറ്റിത്തിരിയുന്ന ഒരാൾ കൂട്ടത്തോടെ പോകുകയായിരുന്ന സഞ്ചാരികളുടെ പിന്നാലെ പോയി. കൊറോണാ... കൊവിഡ് കൊവിഡ്... എന്ന് വിളിച്ചിട്ട് കൂവുന്നു. ഇന്നലെവരെ സായിപ്പിനെയും മദാമ്മയെയും കാണുമ്പോൾ വിനീത വിധേയന്റെ ഭാവത്തിൽ ചിരിച്ചു നിന്നവരുടെ കൂട്ടത്തിലുള്ളവനാണ് ആ 'മാന്യനും'. ചിലരൊക്കെ വിദേശ സഞ്ചാരികളെ അങ്ങേയറ്റം കളിയാക്കി വെറുപ്പിക്കുകയാണെന്ന് ഹൗവ്വാ ബീച്ചിൽ കട നടത്തുന്ന സജി പറഞ്ഞു. 'ഇങ്ങനെ പരിഹസിച്ചാൽ പിന്നെ കേരളത്തിൽ വിദേശികൾ വരാതെയാകുമെന്നും സജി പറയുന്നു.
സീൻ മൂന്ന്
ഇംഗ്ലണ്ടിൽ നിന്നുള്ള ഡെറിക്ക് എന്ന സഞ്ചാരി ഹോട്ടൽ റിസപ്ഷനിൽ എത്തി പറഞ്ഞ പരാതി ഇങ്ങനെ '' ഒരാൾ എന്നോടു ചോദിക്കുന്നു ഇറ്റലിയിൽ നിന്നു വന്നതാണോ എന്ന്. രോഗ ബാധയുള്ള സ്ഥലത്തു നിന്നും രക്ഷപ്പെട്ട് ഇവിടെ എത്തി ഒളിവിൽ കഴിയുന്നവരാണ് ഞങ്ങൾ എന്ന ഭാവമാണ് ഇവിടത്തുകാർക്ക്'' രണ്ടാഴ്ച താമസിക്കാനെത്തിയ ആ സഞ്ചാരി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഗോവയ്ക്കു പോയി.
കോവളത്ത് മാത്രമല്ല, വിദേശികൾ എത്തുന്ന മറ്റെല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മലയാളികളുടെ ആതിഥ്യമര്യാദയുടെ ഖ്യാതി കളയാനായി ചിലർ ഇറങ്ങി നടക്കുകയാണ്. ഒാരോ ടൂറിസ്റ്റു കേന്ദ്രങ്ങളുടെയും നിലനിൽപ്പ് വിദേശ സഞ്ചാരികളെ ആശ്രയിച്ചാണ്. സാധാരണ മാർച്ചിൽ ഇറ്റലിയിൽ നിന്നു കൂടുതൽ സഞ്ചാരികളെത്തുന്നതാണ്, ഇത്തവണ അതുണ്ടായില്ല. മാർച്ചിലെ ഇതുവരെയുള്ള കണക്ക് നോക്കിയാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്തിലൊന്ന് സഞ്ചാരികളേയുള്ളൂ. ഏപ്രിൽ 15 വരെ വിസ അനുവദിക്കുന്നില്ല. അതു കഴിയുമ്പോൾ രോഗഭീതി അകന്നാൽ മാത്രമേ വിസ അനുവദിക്കുകയുള്ളൂ. ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചപ്പോൾ തന്നെ ബുക്കിംഗുകളിൽ ഒരു പങ്ക് കാൻസലായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ എത്തുന്ന ഡിസംബർ, ജനുവരി മാസങ്ങളിൽ രോഗ ഭീതി ഉണ്ടാകാത്തത് മാത്രമാണ് ഈ മേഖലയിലുള്ളവരുടെ ഏക ആശ്വാസം.
മറീൻ മടങ്ങുന്നു, കണ്ണീരോടെ...
കാനഡയിൽ നിന്നു മൂന്നു മാസത്തെ സന്ദർശന വിസയുമായാണ് മറീൻ എത്തിയത്. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണാനായി ഡൽഹിയിലെ ഏജന്റിന് നൽകിയത് 6 ലക്ഷം രൂപ. സന്ദർശനം രണ്ടു മാസം പിന്നിട്ടപ്പോഴാണ് കോവളത്ത് എത്തിയത്. ലൈറ്റ് ഹൗസിനടുത്ത് ഹോട്ടൽ സാഗരയിൽ മുറിയെടുത്തു താമസിച്ചു. മകനൊപ്പം കാറിൽ നഗരം കാണാൻ തിരിച്ച് മറീൻ തിരിച്ചെത്തിയത് കരഞ്ഞുകൊണ്ടാണ്. നഗരത്തിലെ ഒരു ഷോപ്പിൽ ചെന്നപ്പോൾ അവരോട് പുറത്തിറങ്ങാൻ പറഞ്ഞുവെന്നും മോശമായി പെരുമാറിയെന്നും പറഞ്ഞാണ് കരഞ്ഞത്. ഉടനെ നാട്ടിലേക്ക് മടങ്ങുകയാണെന്നും ബാക്കി കാശ് വേണമെന്ന് ഏജന്റിനോടു പറഞ്ഞപ്പോൾ കാശ് തരാൻ കഴിയില്ലെന്നുമായിരുന്നു കിട്ടിയ മറുപടി. ഓരോ തവണ കേരളത്തിൽ വരുമ്പോഴും സന്തോഷത്തോടെ മാത്രം പോകുന്ന മറീനെപോലെയുള്ളവർ ഇപ്പോൾ മടങ്ങുന്നത് വേദനയോടെയാണ്.
നാടൻ സഞ്ചാരികൾക്കും പേടി
അവധി ദിവസങ്ങളിൽ നാടൻ സഞ്ചാരികൾ കൂട്ടത്തോടെയാണ് കോവളത്തും വർക്കല ബീച്ചിലുമൊക്കെ എത്തിയിരുന്നത്. ഇപ്പോൾ അങ്ങനെ വരാറില്ല. കുറച്ചു പേർ മാത്രമാണ് എത്താറുള്ളത്. കോവളത്തെ പാർക്കിംഗ് മൈതാനത്ത് ഏതാനും കാറുകൾ മാത്രമേയുള്ളൂ. സഞ്ചാരികൾക്ക് പഴവർഗങ്ങളും തുണിത്തരങ്ങളുമൊക്കെ വിറ്റു നടന്നവരും നിരാശയിലാണ്. കിഴക്കേകോട്ടയിൽ നിന്നു കോവളത്തേക്കുള്ള കെ.എസ്.ആർ.ടി.സി എ.സി ബസുകളിൽ കഴിഞ്ഞ ആഴ്ചവരെ നല്ല തിരക്കായിരുന്നു. ഇപ്പോൾ തിരക്ക് തീരെയില്ല. കുറച്ചു ദൂരെയുള്ള ബന്ധുവീടുകളിൽ പോകാൻ പോലും ആളുകൾ മടിക്കുന്ന കാലത്ത് നാലാൾ വന്നു കൂടുന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ എങ്ങനെ മനസമാധാനത്തോടെ പോകും?
മ്യൂസിയത്തും കനകക്കുന്ന് കൊട്ടരവളപ്പിലുമൊക്കെ രാവിലെ ഓടിച്ചാടി നടന്നവരിൽ പകുതിയിലേറെപ്പേർ ആ നടത്ത നിറുത്തി. ഇപ്പോൾ വീട്ടുവളപ്പിലെ പരിമിതമായ സാഹചര്യത്തിലാക്കി വ്യായാമമൊക്കെ.
വിദേശ സഞ്ചാരികൾക്ക് ഇപ്പോൾ എല്ലായിടത്തും പോകാൻ കഴിയില്ല.
പരിമിതി മനസിലാക്കി ഇവിടെ തുടരുന്നവരെ പോലും ശല്യം ചെയ്യുന്നത്
ശരിയല്ല. ടൂറിസത്തിന്റെ നാശത്തിന് ഇത് വഴിവയ്ക്കും
- ശിശുപാലൻ, ഹോട്ടൽ ഉടമ