ധ്രുവങ്ങൾ പതിനാറ്, മാഫിയ എന്നി ചിത്രങ്ങൾക്ക് ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കാൻ മലയാളികളായ ഷറഫുവും സുഹാസും. അമൽ നീരദ് ചിത്രം വരത്തനാണ് ഷറഫു- സുഹാസിന്റെ ആദ്യ സിനിമ . പിന്നീട് മുഹ്സിന് പരാരിക്കൊപ്പം വൈറസ് എന്ന സിനിമയുടെ രചനയിലും ഇവർ പങ്കാളികളായി. ധനുഷാണ് ഇൗ ചിത്രത്തിലെ നായകൻ.
ധനുഷിന്റെ നാല്പത്തിമൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന് സുഹാസും ഷറഫുവും തിരക്കഥയൊരുക്കുന്ന കാര്യം സംവിധായകൻ കാർത്തിക് നരേൻ സ്ഥിരീകരിച്ചിട്ടുണ്ട്. സത്യജ്യോതി ഫിലിംസാണ് ഇൗ ത്രില്ലർ നിർമ്മിക്കുന്നത്. അടുത്ത ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിലെത്തും.
കാർത്തിക് സുബ്ബരാജിന്റെ ബിഗ് ബജറ്റ് ഗാംഗ്സ്റ്റർ ത്രില്ലറായ ജഗമേ തന്തിരമാണ് ധനുഷ് ഒടുവിൽ അഭിനയിച്ച് പൂർത്തിയാക്കിയത്. ഏറെ നിരൂപക പ്രശംസ നേടിയ പരിയേറും പെരുമാളിന്റെ സംവിധായകൻ മാരി ശെൽവരാജ് ഒരുക്കുന്ന കർണനാണ് ധനുഷിന്റെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം.
കർണനിൽ നായികയായി എത്തുന്നത് രജീഷ വിജയനാണ്. ആനന്ദ് എൽ റായിയുടെ സംവിധാനത്തിൽ ബോളിവുഡ് ചിത്രവും, സഹോദരൻ ശെൽവരാഘവന്റെ സംവിധാനത്തിൽ പുതുപ്പേട്ടൈയുടെ രണ്ടാം ഭാഗവും ഇതിനകം ധനുഷിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട് .