വാഷിംഗ്ടണ്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രോഗത്തെ നേരിടുന്നതിനായി 5000 കോടി യു.എസ് ഡോളർ (3.65 ലക്ഷം കോടി രൂപ) സഹായവും പ്രഖ്യാപിച്ചു.
അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ട്രംപ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ ഏതാനും സംസ്ഥാനങ്ങൾ ഇതിനകം പ്രാദേശിക ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ന്യൂയോർക്ക് ഗവർണറും കഴിഞ്ഞദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിക്ക് (ഫെമ) കൂടുതൽ ഫണ്ട് ചെലവഴിക്കാനും കൂടുതൽ സംഘങ്ങളെ നിയോഗിക്കാനും കഴിയും. വെസ്റ്റ് നൈൽ വൈറസിനെതിരെ 2000ൽ പ്രസിഡന്റ് ബിൽ ക്ലിന്റൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
കോവിഡ്19 ബാധിച്ച് 120 പേർ മരിച്ച സാഹചര്യത്തിൽ സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. അടുത്ത 15 ദിവസത്തേക്കാകും അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി പെഡ്രോ സാൻചെസ് വെള്ളിയാഴ്ച അറിയിച്ചു. അതേസമയം, കൊറോണ ബാധിച്ച് വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 5374 ആയി. 122 രാജ്യങ്ങളിലായി ഒന്നരലക്ഷത്തോളംപേര്‍ ചികില്‍സയിലാണ്.