amritanandamayi

കൊല്ലം: ലോകാരോഗ്യ സംഘടന കോവിഡ് - 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യം മറികടക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് മാതാ അമൃതാനന്ദമയി പ്രത്യേക സന്ദേശത്തിൽ പറഞ്ഞു. കേന്ദ്ര - സംസ്ഥാന ആരോഗ്യ വകുപ്പുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ചുള്ള എല്ലാ മുൻകരുതലുകളും മഠം സ്വീകരിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യത്തിന്റെ ഗൗരവം എല്ലാവരും മനസിലാക്കുകയും സഹകരിക്കുകയും വേണം. കഴിഞ്ഞ 45 വർഷത്തിനിടയിൽ ഒരിക്കൽ പോലും അസൗകര്യം മൂലമോ മറ്റ് ദുരന്തങ്ങളെ പേടിച്ചോ ഒരു പരിപാടിയും മാറ്റിവച്ചിട്ടില്ല. എന്നാൽ കൊറോണയെന്ന മഹാമാരിയെ ലോകം ഭയക്കുമ്പോൾ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്തമുണ്ട്.

വെല്ലുവിളികളിൽ നിന്ന് ഒളിച്ചോടാതെ ധൈര്യത്തോടെ അവയെ അഭിമുഖീകരിക്കാനാണ് ആദ്ധ്യാത്മികതയും വേദാന്തവും നമ്മെ പഠിപ്പിക്കുന്നത്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ നമ്മൾ അതെങ്ങനെ ചെയ്യും. നിങ്ങളുടെ വീടിന് പുറത്ത് തീവ്രവാദി കാത്തിരിക്കുന്നുവെന്ന് കരുതുക. നിങ്ങൾ വാതിൽ തുറന്ന് പുറത്തുവരുന്ന ആ നിമിഷം, അവൻ നിങ്ങളെ ആക്രമിക്കും. ഈ വൈറസിന്റെ അവസ്ഥയും സമാനമാണ്. നിലവിലെ സാഹചര്യത്തിൽ, നമുക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ഈശ്വരകൃപയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യാം. ഈ പ്രയാസകരമായ സാഹചര്യത്തെ അതിജീവിക്കാൻ നമുക്ക് കഴിയട്ടെ. ഇപ്പോൾ നിലനിൽക്കുന്ന അവസ്ഥ വേഗത്തിൽ കടന്നുപോകട്ടേയെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.