സി.ഐ ഇഗ്‌നേഷ്യസിന്റെ പ്രത്യേക താൽപ്പര്യം അനുസരിച്ച് അയാളുടെ അതേ സെല്ലുതന്നെ സിദ്ധാർത്ഥിനും ലഭിച്ചു.
വൈകിട്ട് എല്ലാവരെയും സെല്ലിൽ കയറ്റി ഗാർഡുകൾ അത് പുറത്തുനിന്നു പൂട്ടി.
''നീ സെല്ലിൽ കിടന്നിട്ടുണ്ടോടാ?"
തന്റെ പായ് നിവർത്തിയിട്ട് അതിൽ കാലുകൾ നീട്ടിവച്ച് ഭിത്തിയിൽ ചാരിയിരുന്നുകൊണ്ട് ഇഗ്‌നേഷ്യസ് സിദ്ധാർത്ഥിനെ നോക്കി.
''ഇല്ല സാർ. പക്ഷേ അതിനുള്ള സാദ്ധ്യത പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. നൂലിട വ്യത്യാസത്തിൽ രക്ഷപ്പെടുകയായിരുന്നു."
അവൻ ദീർഘമായി നിശ്വസിച്ചു.
പെട്ടെന്ന് ഒരു ഗാർഡ് അവിടെയെത്തി.
''സിദ്ധാർത്ഥിനെ സൂപ്രണ്ട് വിളിക്കുന്നു."
''എന്തിനാ?" അവന്റെ പുരികം ചുളിഞ്ഞു.
എസ്.പി സാറ് കാണാൻ വന്നിരിക്കുന്നു."
'എസ്.പി' എന്നു കേട്ടതേ സിദ്ധാർത്ഥിന്റെ മുഖം കറുത്തു.
''എനിക്കാരെയും കാണണ്ടാ."
അവൻ തിരിഞ്ഞിരുന്നു.
''ചെല്ലെടാ. എന്താ കാര്യമെന്ന് അറിയാമല്ലോ." ഇഗ്‌നേഷ്യസ് നിർബന്ധിച്ചു.
ഒരു നിമിഷം ചിന്തിച്ചിട്ട് സിദ്ധാർത്ഥ് എഴുന്നേറ്റു.
''സാറ് പറഞ്ഞതുകൊണ്ട് പോകാം."
ഗാർഡ് സെല്ലു തുറന്നുകൊടുത്തു. അവൻ ഇറങ്ങിയ ഉടനെ വീണ്ടും പൂട്ടി.
താൻ പ്രതികളെ ലോക്കപ്പു ചെയ്യുന്നതാണ് അപ്പോൾ ഇഗ്‌നേഷ്യസിന് ഓർമ്മ വന്നത്.
സൂപ്രണ്ടിന്റെ ഓഫീസ്.
ഗാർഡിനു പിന്നാലെ സിദ്ധാർത്ഥ് അവിടെയെത്തി.
ഒന്നു സല്യൂട്ടു ചെയ്തിട്ട് ഗാർഡ് ഇറങ്ങി പുറത്തുനിന്നു.
എസ്.പിയും സൂപ്രണ്ടും സിദ്ധാർത്ഥിനെ നോക്കി. പക്ഷേ, അവൻ എസ്.പിയെ കണ്ടതായി നടിച്ചില്ല.
സൂപ്രണ്ട് പറഞ്ഞു.
''എസ്.പി വന്നിരിക്കുന്നത് നാളെ നിന്നെ പുറത്തുകൊണ്ടുപോകാനുള്ള കോടതിയുത്തരവും വാങ്ങിയാണ്. എന്തിനെന്നറിയാമോ?"
''കൊല്ലാനായിരിക്കും." മുഖത്തടിക്കും പോലെ സിദ്ധാർത്ഥിന്റെ മറുപടി.
എസ്.പിയുടെ മുഖം ചുവന്നു. പക്ഷേ, സൂപ്രണ്ടിൽ യാതൊരു മാറ്റവും ഉണ്ടായില്ല.
''അല്ലെടാ. നീ റോഡിൽ അടക്കം ചെയ്ത നിന്റെ അമ്മയുടെ ബോഡി വീണ്ടുമെടുത്ത് മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. സംസ്കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളും നിന്റെ വീട്ടിൽ സജ്ജീകരിക്കും. അന്ത്യകർമ്മത്തിന് മകനുള്ള അവസരമാണ് കോർട്ട് ഓർഡറിലൂടെ കിട്ടിയിരിക്കുന്നത്."
സിദ്ധാർത്ഥ് തറഞ്ഞു നിന്നു. ഇത്രവേഗത്തിൽ അമ്മയുടെ ഭൗതികശരീരം ഇവർ തിരിച്ചെടുക്കുമെന്നു കരുതിയില്ല!
സൂപ്രണ്ടിന്റെ ശബ്ദം അവനെ ഉണർത്തി.
''നീ രാവിലെ തന്നെ റെഡിയായി നിൽക്കണം. പത്തുമണിക്ക് പോലീസ് വരും നിന്നെ കൊണ്ടുപോകാൻ."
''ഞാൻ പോകുന്നില്ല സാർ..."
പൊടുന്നനെ അവന്റെ ശബ്ദം പതിഞ്ഞു.
''അതെന്താടാ?" സൂപ്രണ്ടിന്റെ കണ്ണുകൾ കുറുകി.
''നാട്ടുകാരെ കാണിക്കാൻ വേണ്ടി പോലീസിന്റെ ദാക്ഷിണ്യം എന്ന പേരിൽ ആ ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ അമ്മ മരിക്കാൻ കാരണക്കാർ ഇവരൊക്കെയാ... അതുകൊണ്ടുതന്നെ എനിക്കിവരുടെ ഒത്താശ വേണ്ടാ."
''എടാ." അതുവരെ മിണ്ടാതിരുന്ന എസ്.പി കൃഷ്ണപ്രസാദ് ചാടിയെഴുന്നേറ്റു. ''നീ വന്നില്ലെങ്കിൽ നിന്നെ കൊണ്ടുപോകാൻ ഞങ്ങൾക്കറിയാം."
''അത് നടക്കത്തില്ല സാറേ... അഥവാ നിങ്ങൾ എന്നെ ബലമായി കൊണ്ടുപോയാൽ ചുറ്റും വലകെട്ടി പോലീസു നിന്നാലും ഞാൻ ചാടിപ്പോകും. പിന്നെ ഞാനീ ജയിലിൽ വരുന്നത് രണ്ട് മൂന്നെണ്ണത്തിനെ തീർത്തിട്ടാകും."
കൃഷ്ണപ്രസാദിന്റെ ക്ഷമയറ്റു. സിദ്ധാർത്ഥിനെ അടിക്കാൻ അയാൾ കൈയോങ്ങി. പൊടുന്നനെ സൂപ്രണ്ട് അവർക്കിടയിൽ കയറി.
''മിസ്റ്റർ പ്രസാദ്. നോ... ഇത് ജയിലാണ്. ഇവിടെവച്ച് ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മറുപടി പറയേണ്ടത് ഞാനാ."
പുലി മുരളും പോലെ എസ്.പിയിൽ നിന്ന് ഒരു ശബ്ദമുണ്ടായി.
''എടാ സിദ്ധാർത്ഥേ. നീ നോക്കിക്കോ. ഇവിടെനിന്ന് നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതും എന്റെ ആൾക്കാരാ. നിന്നെ കാണിച്ചുതരാം."
സിദ്ധാർത്ഥ് രോഷം കടിച്ചൊതുക്കി മിണ്ടാതെ നിന്നു.
എസ്.പി തുടർന്നു:
''നിനക്ക് വയ്യെങ്കിൽ വേണ്ടെടാ. നിന്റെ തള്ളയെ പട്ടിയെ മൂടും പോലെ ഞങ്ങൾ മൂടിക്കോളാം."
''നിങ്ങൾക്കും കാണുമല്ലോ സാറേ തന്തയും തള്ളയും. ഈ പറഞ്ഞത് ആ സമയത്തും സംഭവിക്കില്ലെന്ന് പറയാൻ പറ്റില്ലല്ലോ. ഈ കാക്കിയുടെ പിൻബലമില്ലെങ്കിൽ സാറും ഞാനും ഒക്കെ ഒരുപോലാ. മറക്കണ്ടാ."
കടുപ്പത്തിൽ അത്രയും പറഞ്ഞിട്ട് സിദ്ധാർത്ഥ് തിരിഞ്ഞു. സൂപ്രണ്ടിനെ നോക്കി.
''സോറി സാർ..."
അവൻ നെഞ്ചുവിരിച്ച് കൈകൾ വീശി പുറത്തേക്കു പോയി.
''ബാസ്റ്റഡ്."
കൃഷ്ണപ്രസാദ് കടപ്പല്ലു ഞെരിച്ചു.
*****
രാത്രി.
ചെങ്ങറ ജ്യുവലറിയുടെ അവസാന ഷട്ടറും താഴ്‌ത്തി, അത് പൂട്ടിയിട്ട് ജോലിക്കാരൻ താക്കോൽകൂട്ടം ഷാജി ചെങ്ങറയെ ഏൽപ്പിച്ചു.
അയാൾ നേരത്തെ കാറിൽ കയറി ഇരിക്കുകയായിരുന്നു.
കാർ മുന്നോട്ടെടുക്കുന്നതിനിടയിൽ ഷാജി ആർക്കോ ഒരു കോളയച്ചു.
''ഞാൻ ഉടനെയെത്തും."
അഞ്ചുമിനിട്ടുകഴിഞ്ഞ് കാർ കോന്നി - പത്തനാപുരം റോഡിൽ വലതു ഭാഗത്തുള്ള ഒരു വീടിനു മുന്നിൽ ബ്രേക്കിട്ടു. അവിടെ അയാളെ കാത്ത് ചിലർ ഉണ്ടായിരുന്നു.
(തുടരും)