തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ കുടുങ്ങിപ്പോയ മലയാളികളുടെ ആദ്യസംഘമെത്തി. റോമിൽ കുടുങ്ങിയ 21 പേരാണ് ഇന്ന് രാവിലെ എട്ട് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ദുബായ് വഴിയായിരുന്നു യാത്ര.
ഇന്ത്യയിൽ നിന്ന് പോയ മെഡിക്കൽ സംഘം ഇവരെ പരിശോധിച്ചിരുന്നു. കൊറോണ പോസിറ്റീവ് അല്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇവരെ നാട്ടിലേക്ക് കൂട്ടിയത്. എന്നാൽ രോഗത്തിന്റെ പശ്ചാത്തലത്തിൽ ഇവരെ ആലുവ ആശുപത്രിയിലെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇറ്റലിയിൽ കൊറോണ വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തെങ്കിലും, കൊറോണ വൈറസ് ബാധയില്ലെന്ന സാക്ഷ്യപത്രം നൽകാൻ സാധിക്കാത്തതിനാൽ ഇവർക്ക് ഇന്ത്യയിലേക്ക് വരാൻ സാധിച്ചില്ല. സാക്ഷ്യപത്രം നൽകിയാൽ മാത്രം ഇന്ത്യയിലേക്ക് കൊണ്ടുവന്നാൽ മതിയെന്നായിരുന്നു കേന്ദ്ര സർക്കാർ വിമാനകമ്പനികൾക്ക് നൽകിയ നിർദേശം. ഇറ്റലിയിൽ ഇത്തരത്തിലൊരു സാക്ഷ്യപത്രം നൽകിയിരുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
ഇറ്റലിയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മർദ്ദം ഉണ്ടായിരുന്നു. കേന്ദ്രസർക്കാർ ഇറ്റലിയിലേക്ക് പ്രത്യേക വിമാനം അയയ്‌ക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.