rss

ന്യൂഡൽഹി: കോവിഡ്-19 വ്യാപനത്തെ തുടർന്ന് ഞായറാഴ്ച ആരംഭിക്കാനിരുന്ന വാർഷിക യോഗം( അഖില ഭാരതീയ പ്രതിനിധി സഭ )​ റദ്ദാക്കി. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കാറിന്റെ നിർദേശങ്ങളെ തുടർന്നാണ് യോഗം റദ്ദാക്കിയത്. ഭാവി പരിപാടികളിൽ തീരുമാനമെടുക്കാനായി പോഷക സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയ ഉന്നത സമിതിയാണ് അഖില ഭാരതീയ പ്രതിനിധിസഭ.

മാർച്ച് 15 മുതൽ 17 വരെ തീരുമാനിച്ചിരുന്ന യോഗം റദ്ദാക്കിയ വിവരം ആർ.എസ്.എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. മഹാത്മാ ഗാന്ധി വധം നടന്നപ്പോഴും അടിയന്തരാവസ്ഥ സമയത്തുമാണ് ഇതിനുമുൻപ് ആർ.എസ്.എസ് വാർഷിക യോഗം റദ്ദാക്കിയിട്ടുള്ളത്.

11 മേഖലകളിൽ നിന്നായി 1500 പ്രതിനിധികൾ,​ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ,​ 35 സംഘടനകളുടെ ദേശീയ നേതാക്കൾ,​ ആർ.എസ്.എസിന്റെ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ,​ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നതെന്ന് ആർ.എസ്.എസ് വക്താവ് അരുൺ കുമാർ പറഞ്ഞു.

രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊതുപരിപാടികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കം സർക്കാർ നയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

വൈറസ് ബാധയെ തുടർന്നുള്ള രണ്ടാമത്തെ മരണം ഡൽഹിയിലാണ് റിപ്പോർട്ട് ചെയ്തത്. 68 വയസുകാരിയാണ് മരിച്ചത്. ഇവർ കഴിഞ്ഞ മാസം സ്വിറ്റ്സർലാന്റിലും ഇറ്റലിയിലും പോയിരുന്നു. ഡൽഹിയിലെ റാം മനോഹർ ലോഹിയ ആശുപത്രിയിൽ കൊറോണ വൈറസ് ബാധിച്ച് രണ്ട് പേർ കൂടി ചികിത്സയിലാണ്.