തിരുവനന്തപുരം: തലസ്ഥാനത്ത് കൊറോണ വെെറസ് സ്ഥിരീകരിച്ച രോഗികളിൽ പലരും നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ജില്ലാ കളക്ടർ. കോവിഡ് 19 സ്ഥിരീകരിച്ച രോഗി ആട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് എത്തിയത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ആളുകളുടെ വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയിൽ ഉത്സവങ്ങളും ആഘോഷങ്ങളും നിറുത്തിവയ്ക്കാൻ കർശന നിർദേശം നൽകി.
വർക്കലയിൽ ജാഗ്രത കൂട്ടുമെന്നും കളക്ടർ വ്യക്തമാക്കി. ജനങ്ങൾ വീട്ടിലിരിക്കണം. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങണം. ഷോപ്പിംഗ് മാളുകളും ബീച്ചും അടച്ചിടും. രോഗ ലക്ഷണമുള്ളവർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത്. ബ്യൂട്ടി പാർലറുകൾക്കും ജിമ്മുകൾക്കും നിയന്ത്രണമേർപ്പെടുത്തും. രോഗലക്ഷണം കണ്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും കളക്ടർ വ്യക്തമാക്കി. ജില്ലയിൽ 249 പേർ നിരീക്ഷണത്തിലാണ്.
അതേസമയം, തൃശൂരിൽ നിരീക്ഷണത്തിലുള്ള 58 പേർക്കും പത്തനംതിട്ടയിലുള്ള എട്ടുപേർക്കും രോഗബാധയില്ലെന്ന് തെളിഞ്ഞു. നെഗറ്റീവ് ഫലങ്ങൾ ആശ്വാസം നൽകുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വലിയ ജാഗ്രതയാണ് കോവിഡ് 19നെ പ്രതിരോധിക്കാൻ തുടരുന്നത്. ഇറ്റലിയിൽ നിന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 21 വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ നിരീക്ഷണത്തിൽ തുടരും. ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെയും എത്രയും വേഗം നാട്ടിലെത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.