''അമ്മേ ഇതുകണ്ടോ? കൊച്ചിയിലെ നാഷണൽ ഫാഷൻ ടെക്നോളജി കോളേജിൽ നിന്നും വന്ന മെയിൽ. ഡീറ്റെയിൽസ് എല്ലാം ഇതിലുണ്ട്. ഇപ്പോൾ ശ്രമിച്ചാൽ ഫസ്റ്റ് ബാച്ചിൽ തന്നെ എനിക്ക് അഡ്മിഷൻ കിട്ടിയേക്കും."
പ്രസന്നമിഴികളോടെ അലസ അടുക്കളയിൽ നിന്ന മാനസിയുടെ സമീപമെത്തി.
''നീ എന്താ പറയുന്നത്?"
അലസ ലാപ്ടോപ്പ് ഓപ്പൺ ചെയ്ത് മാനസിയെ കാണിച്ചുകൊടുത്തു. കോളേജിന്റെ ഫോട്ടോസും മറ്റെല്ലാ ഡീറ്റെയിൽസും മാനസി പരിശോധിച്ചു.
''അമ്മേ ഞാൻ ഗൂഗിളിലും സെർച്ച് ചെയ്തു. നല്ല മിടുക്കന്മാരായ അദ്ധ്യാപകരാ. ക്വാളിഫൈഡ്സും. പേരെടുത്ത മോഡൽസ്. അവരുടെ ഡെമോസ്ട്രേഷൻസ്.... എന്റെ കുറച്ചു ഡിസൈൻസ് ഫേസ് ബുക്കിൽ കണ്ടിട്ടാ അവർ എനിക്ക് മെയിൽ അയച്ചത്."
''ആഗ്രഹിച്ച കോഴ്സിനു തന്നെ പോകാൻ ഒടുവിൽ തീരുമാനിച്ചിരിക്കുന്നു ഇല്ലേ? ഇനിയും നിനക്ക് റീതിങ്ക് ചെയ്യാൻ സമയമുണ്ട് മോളേ. മെഡിസിൻ വേണ്ടാന്ന് തീർത്തും തീരുമാനിച്ചോ?"
''എന്താമ്മേ പിന്നെയും പിന്നെയും അതിൽ തന്നെ പിടിച്ചു നിൽക്കുന്നേ?"
''എനിക്കും നിന്റച്ഛനും നിന്നെ ഒരു ഡോക്ടറായി കാണണമെന്ന ആശ കൊണ്ടല്ലേ മോളേ. ഭാവിയിൽ നാട്ടിൽ ഒരു ഹോസ്പിറ്റൽ തുടങ്ങണമെന്ന തീരുമാനത്തിലുമാണ് അച്ഛൻ. എല്ലാം നീ കാരണം തകിടം മറിയുമല്ലോ! നിന്റെ അച്ഛമ്മ വൈദ്യസഹായം കിട്ടാതെ മരിച്ച ദുഃഖമാ അദ്ദേഹത്തിനിന്നും. നാട്ടിൽ പോലും പോകാതെ കഴിയുന്നതും അതുകൊണ്ടാ."
''അതിന് ഞാനെന്തു വേണം? ഇഷ്ടമില്ലാഞ്ഞിട്ടല്ലേ അതിന്. അതും ഇതുമായിട്ടെന്താ ബന്ധം? അച്ഛനും അമ്മയും മറ്റാരെയെങ്കിലും കണ്ടെത്തിക്കോളൂ അതിന്. എന്നെ നിർബന്ധിച്ചിട്ട് ഒരു കാര്യവുമില്ല. ഒരിക്കലും അത് നടക്കാൻ പോകുന്നില്ല."
അലസ പറഞ്ഞു.
''നമ്മുടെ കുടുംബത്തിലൊരു ഡോക്ടർ. അതായിരുന്നു ആഗ്രഹം. ഒരു ഡോക്ടറെ സമയത്ത് കിട്ടാതെയാണ് ശാന്തനുവിന്റെ അമ്മ മരണപ്പെട്ടത്. അതുകൊണ്ടാണ് അദ്ദേഹം നാട്ടിലൊരു ഹോസ്പിറ്റലിനെപ്പറ്റി ചിന്തിച്ചതുതന്നെ. നിന്നെ ഡോക്ടറാക്കണമെന്ന് വാശി പിടിക്കുന്നതും. നാട്ടിലെ അച്ഛമ്മയുടെ ആ വീടും വിൽക്കാത്തത് അതുകൊണ്ടാണെന്ന് നിനക്കറിയാഞ്ഞിട്ടല്ലല്ലോ. 'ഭാനു മെമ്മോറിയൽ ഹോസ്പിറ്റൽ" എന്ന പേരും ഉറപ്പിച്ചു വച്ചിരിക്കുകയാ."
''ഇനീപ്പം ആ ആഗ്രഹം നിങ്ങൾ രണ്ടാളും മനസീന്നങ്ങ് പാടേ മാറ്റിക്കോ... ആ പ്രതീക്ഷ ഇനി വേണ്ട. ഞാനച്ഛനോട് ഈ കാര്യം സംസാരിച്ചു. അച്ഛന് കാര്യങ്ങൾ മനസിലായിട്ടുണ്ട്. ഇനി അമ്മയായിട്ട് കുനുഷ്ട് ഉണ്ടാക്കാതിരുന്നാൽ മതി."
ഇവളോടിനി പറഞ്ഞിട്ട് ഒരു രക്ഷയുമില്ലെന്ന് ഉറപ്പായതു പോലെ മാനസി അപ്രിയം ഭാവിച്ച് ഊണുമുറിയിലെ കസേരയിൽ ചെന്നിരുന്നു. അമ്മ തലയിൽ കൈ വച്ച് മുഖം കുനിച്ചിരിക്കുന്നത് കണ്ട് അലസ പറഞ്ഞു.
''അമ്മേ നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞില്ലേ? എന്നാൽ പോകാൻ റെഡിയായിക്കോ. ഫ്ലൈറ്റ് ടിക്കറ്റ് എടുക്കണം. നെടുമ്പാശ്ശേരി ട്രിപ്പിനിപ്പം ചാർജ് കുറവാ. ഞാനച്ഛനെ വിളിച്ച് പറഞ്ഞു കഴിഞ്ഞു."
മാനസിയിൽ നിന്ന് മറുപടി ലഭിക്കാതിരുന്നപ്പോൾ ആ മനസിനെ ഒന്ന് തണുപ്പിക്കണമെന്ന് അലസയ്ക്ക് തോന്നി. അവൾ വീണ്ടും പറഞ്ഞു:
''അമ്മേ... അമ്മ നാട്ടിലൊരു ഹോസ്പിറ്റൽ തുടങ്ങ്. എന്നിട്ട് അവിടെ കുറേ ഡോക്ടർമാരെ നിയമിക്ക്, ചെറുപ്പക്കാരെ. എന്നിട്ടമ്മ അവരെയൊക്കെ മകനായും മകളായും കണ്ട് സ്നേഹിച്ച് കൊതി തീർക്ക്. അപ്പോൾ എത്ര മക്കളാ അമ്മയ്ക്കുണ്ടാകുന്നത് ഡോക്ടർമാരായിട്ട്. പറഞ്ഞാൽ അനുസരിക്കുന്ന കുറേ മക്കളായാൽ ഈ നിരാശ മാറിക്കിട്ടും."
അലസ മാനസിയുടെ കവിളിൽ സ്നേഹം ഭാവിച്ച് തലോടിക്കൊണ്ട് കുസൃതിയോടെ പറഞ്ഞു.
''കളിയാക്കാതെടീ. നീ ഒരു തമാശയ്ക്ക് പറഞ്ഞതാണെങ്കിലും ഞാനതിനെപ്പറ്റി ഇനി ആലോചിക്കും. നിന്നെ ഒരു ഡോക്ടറാക്കാൻ സാധിക്കില്ലെങ്കിലും ഒരു മിടുക്കൻ ഡോക്ടറെ കൊണ്ട് കെട്ടിക്കുകയെങ്കിലും ചെയ്യാമല്ലോ. അതിനെങ്കിലും നീ സമ്മതിക്കണേ."
അലസ അത് കേട്ടതായിപ്പോലും ഭാവിച്ചില്ല. അവൾ അടുക്കളയിൽ പോയി മടങ്ങി വന്നത് രണ്ടുകപ്പ് കോൾഡ് കോഫിയുമായിട്ടാണ്.
അതും നടക്കില്ലല്ലോ എന്നൊരു ഭാവം ആ മുഖത്തുണ്ടായിരുന്നതിന്റെ കാരണം മാനസിക്ക് മനസിലായില്ല.
''എയർ ടിക്കറ്റ് റെഡിയാക്കിയെന്ന് അച്ഛന്റെ മെസേജ് വന്നമ്മേ. നമുക്ക് രണ്ടുപേർക്കുമുണ്ട്."
അലസ മൊബൈലിലെ അലേർട്ട് മെസേജ് തുറന്നു വായിച്ചു.
''എന്നത്തേക്കാ? "
ഇനി രണ്ടുദിവസം മാത്രം. അമ്മയ്ക്ക് സിസ്റ്റർ മഗ്ദലനയെ കാണണ്ടേ? എന്നെ നാട്ടിലാക്കിയാൽ മതി. അവിടെ ഗോപി ആശാനും ശകുന്തളാമ്മയും ഉണ്ടല്ലോ. എന്റെ ഫേസ്ബുക്ക് ഫ്രണ്ട്സിനെയെല്ലാം നേരിട്ടു കാണണം. കുറച്ചു സമയം ചെലവഴിക്കണം."
മാനസി മറുപടി പറഞ്ഞില്ല.
അവളുടെ മനസിൽ നേരത്തേ തീരുമാനിച്ച കുറേ കാര്യങ്ങളുണ്ടായിരുന്നു. തളിരിന്റെ അഡ്മിഷൻ, അലസയുടെ അഡ്മിഷൻ. അതിന്റെ ഒരുക്കങ്ങൾ. കുട്ടികളെ ഒരുമിച്ച് ഒരു ഹോസ്റ്റലിൽ നിറുത്താനുള്ള ഏർപ്പാടുകൾ.
''അമ്മയെന്താ ആലോചിക്കുന്നത്?"
മാനസി മറുപടി പറഞ്ഞില്ല.
''മോളേ നിന്റെ കൊച്ചിയിലെ അഡ്മിഷൻ ശരിയാക്കിയിട്ട് നീ വേണമെങ്കിൽ മടങ്ങിപ്പോന്നോളൂ. അച്ഛൻ അങ്ങനെയല്ലേ പറഞ്ഞത്. എനിക്കവിടെ കുറച്ച് ജോലികളുണ്ട്. വീടിന്റെ അറ്റകുറ്റപ്പണി തീർക്കണം. അതിനൊക്കെ എത്രയായാലും കുറച്ചു ദിവസങ്ങളെടുക്കും. നിനക്ക് അടുത്ത മാസമല്ലേ ക്ലാസ് തുടങ്ങുകയുള്ളൂ."
''അതെ. എന്നാൽ അങ്ങനെ ആയിക്കോട്ടേ അമ്മേ. അപ്പോൾ രണ്ടുമൂന്നു ജോടി ഡ്രസ് എടുത്താൽ മതിയല്ലോ."
''അതുമതി."
മാനസി മറുപടി പറഞ്ഞു.
ബാക്കി കാര്യങ്ങളൊക്കെ അച്ഛനും മകളുമറിയാതെ തനിക്ക് രഹസ്യമായി ചെയ്യാൻ വേണ്ട സമയം കിട്ടുമെന്നുള്ള ആശ്വാസത്തിൽ മാനസി ദീർഘനിശ്വാസമുതിർത്തു. അലസ മൊബൈലെടുത്ത് സ്വന്തം മുറിയിലേക്ക് നടന്നു.
അവൾ നെറ്റ് ഓൺ ചെയ്തതും സജ്ജയന്റെ മെസേജുകളും ഫോട്ടോകളും തുരുതുരെ മൊബൈലിൽ വന്നുകൊണ്ടേയിരുന്നു.
സജ്ജയ് അലസയുടെ ബോയ് ഫ്രണ്ടാണ്. മുംബയ് സ്വദേശി, ഇന്റർനാഷണൽ മോഡൽ. രണ്ടുവർഷത്തിലേറെയായി അവർ ഫേസ് ബുക്ക് വഴി ഫ്രണ്ട്സായിട്ട്. സജ്ജയന്റെ ഇഷ്ടപ്രകാരമാണ് അലസ ഫാഷൻ ടെക്നോളജി കരിയർ തന്നെ സെലക്ട് ചെയ്തത്. അവർ ഇതുവരെ തമ്മിൽ കണ്ടിട്ടില്ല. എങ്കിലും കണ്ടതിനപ്പുറത്തുള്ള ഒരാത്മബന്ധമാണ് അവർ തമ്മിൽ.
**************
മാനസി അവളുടെ മുറിയിലേക്ക് നടന്നു. അലസ ഇപ്പോഴൊന്നും മുറിയിലേക്ക് വരില്ലെന്നുറപ്പായപ്പോൾ ചുമരലമാര തുറന്നു. അലസയ്ക്കു വേണ്ടി താൻ സെലക്ട് ചെയ്ത പല ഡ്രസുകളും അവളിന്നും ഉപയോഗിച്ചിട്ടില്ല. അതിൽ മുന്തിയതരം വിലയുള്ളതും കാഴ്ചയിൽ ഭംഗിയുള്ളതുമായ കുറച്ചെണ്ണം തിരഞ്ഞെടുത്ത് സ്വന്തം ബാഗിൽ അടുക്കിവച്ചു. തളിരിന് കൊടുക്കണം. അവൾക്ക് നന്നായി ചേരുമെന്നാണ് വിശ്വാസം. കാഴ്ചയിൽ നിന്റെ മകളേക്കാൾ സുന്ദരിയാണവൾ എന്നാണ് സിസ്റ്റർ പറഞ്ഞത്. ബാഗിന്റെ തൂക്കം ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി. നാളെ ഈ സമയമാകുമ്പോൾ പുറപ്പെടണം. എത്രയോ വേണ്ടപ്പെട്ട ആരെയോ കാണാൻ പോകുന്ന പ്രതീതിയായിരുന്നു അവരുടെ മനസിലപ്പോൾ.
*********************
സിസ്റ്റർ മഗ്ദലനയും തളിരും പ്രാർത്ഥന കഴിഞ്ഞ് ഒരുമിച്ചാണ് ചാപ്പലിൽ നിന്നും പുറത്തേക്കിറങ്ങിയത്.
സിസ്റ്റർ തളിരിന്റെ ചുമലിൽ സ്നേഹത്തോടെ തൊട്ടുതലോടി. ഒരു മാടപ്രാവിനെപ്പോലെ തളിർ സിസ്റ്ററിനോട് ചേർന്നുനിന്നു. സിസ്റ്ററിന് തന്നോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ ഇങ്ങനെയാണ്. തളിരിന് അതുറപ്പാണ്. ചിലപ്പോളത് ഉപദേശവുമാവാം. മനസിന് ആശ്വാസം പകരാനാണ് ഈ തലോടൽ എന്നൂഹിച്ചു തളിർ.
തളിർ സിസ്റ്ററിനെ നോക്കി.
''എന്താ സിസ്റ്റർ?"
തളിർ ഭവ്യതയോടെ ചോദിച്ചു. വീണ്ടും ഒരു തൂവൽ സ്പർശത്തോടെ സിസ്റ്റർ ചോദിച്ചു.
''എനിക്ക് ഒരു വ്യക്തിയെപ്പറ്റി അറിയേണ്ടതുണ്ട്. നിനക്ക് അടുത്തറിയാവുന്ന ആളെക്കുറിച്ചാണ്... "
''ആരാണ് സിസ്റ്റർ? എന്താണ് കാര്യം?"
''ഒരു ലോഡിംഗ് തൊഴിലാളിക്ക് ഒരു ദിവസം എത്രരൂപ കൂലിയിനത്തിൽ കിട്ടും?"
അപ്രതീക്ഷിതമായ ആ ചോദ്യത്തിന്റെ സാംഗത്യം മനസിലായില്ലെങ്കിലും തളിർ മറുപടി പറഞ്ഞു.
''കൃത്യമായി എനിക്കറിയില്ല സിസ്റ്റർ. ആ പ്രദേശത്തെ ലോഡിംഗ് ആന്റ് അൺലോഡിംഗ് പോലെയായിരിക്കും അവരുടെയൊക്കെ വരുമാനം."
''അപ്പോൾ ഒരു കൃത്യമായുള്ള വരുമാനമായിരിക്കില്ല അല്ലേ?"
''അങ്ങനെയാവാനാണ് സാദ്ധ്യത. ചില സീസണിൽ കൂടുതൽ കിട്ടും. ചിലപ്പോൾ കിട്ടാതെയിരിക്കും. ജോലിയില്ലാതെ യൂണിഫോമിട്ട് ചില ദിവസങ്ങളിൽ അവർ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. കടവരാന്തയിലൊക്കെ.... ഞാൻ മീൻ മേടിക്കാൻ ചന്തയിൽ പോകുമ്പോൾ."
''അപ്പോൾ നീ ഇതൊക്കെ ഒബ്സർവ് ചെയ്യാറുണ്ടല്ലേ?"
തളിർ ചിരിച്ചുകൊണ്ടു ചോദിച്ചു.
''എന്തിനാ സിസ്റ്റർ ഇവരുടെയൊക്കെ വിശേഷങ്ങൾ അറിയുന്നത്?"
''വെറുതെയല്ല. ഒരാളെപ്പറ്റി അറിയാൻ. നിന്നെ അറിയാവുന്ന, നിനക്കറിയാവുന്ന ഒരാളെപ്പറ്റി."
''ആരാണ് സിസ്റ്റർ ആ ആൾ?"
''നിന്റമ്മയ്ക്ക് വളരെ വേണ്ടപ്പെട്ട ഒരു സാധു പയ്യൻ."
''എന്താ സിസ്റ്റർ കാര്യം?"
''ചുമടെടുക്കുന്ന ലാഘവത്തോടെ ഒരാൾ ചില കാര്യങ്ങൾ ഏറ്റെടുക്കാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നിരിക്കുന്നു. അയാളെ കൊണ്ട് നേരിടാനാവുമോ ആ ചുമതല എന്നറിയാൻ ഒരു കൗതുകം തോന്നി. അത്ര തന്നെ."
''സിസ്റ്റർ പറയുന്നത് എനിക്ക് മനസിലാവുന്നില്ല. ദയവ് ചെയ്തു തെളിച്ചു പറയൂ."
''നിന്റമ്മയ്ക്ക് എത്രയും വേണ്ടപ്പെട്ട ഒരാൾ. പക്ഷേ നിനക്കയാൾ എങ്ങനെയെന്നറിയില്ല."
''ആരെയാണ് സിസ്റ്റർ ഉദ്ദേശിക്കുന്നത്? അമ്മയുടെ മിത്രം എനിക്കും മിത്രമാണ് സിസ്റ്റർ. അതുപോലെ അമ്മയുടെ ശത്രു എന്റെയും ശത്രുവായിരിക്കും. പിന്നെ അമ്മയ്ക്ക് മിത്രങ്ങളെന്നു പറയാൻ അധികമാരുമില്ല. ഒന്നോ, രണ്ടോ പേരുമാത്രം. ആരുമായിട്ടും അമ്മ അടുക്കാൻ പോകാറില്ല, ഞാൻ തീരെയുമില്ല."
''ഞാനയാളുടെ പേര് പറയാം. പ്രഭു."
സിസ്റ്റർ പറഞ്ഞു. തളിരിന്റെ മുഖം വിടർന്നു.
''പ്രഭുവിനെപ്പറ്റിയാണോ സിസ്റ്റർ ഇത്രയും ചുറ്റിക്കെട്ടി ചോദിച്ചത്. ആ ആൾ അമ്മയുടെ പരിചയക്കാരൻ എന്നല്ല പറയേണ്ടത്. അമ്മയ്ക്കയാൾ മകനെപ്പോലെയാണ്. സിസ്റ്റർ വെറുതെ ചോദിച്ചതാണോ അയാളെപ്പറ്റി?"
''വെറുതേയല്ല. ആവശ്യമുണ്ട്."
സിസ്റ്റർ ആത്മധൈര്യത്തോടെ മറുപടി നൽകി.
''ങേ?... എന്താവശ്യമാ സിസ്റ്റർ?"
''ആ പ്രഭു ഇവിടെ വന്നിരുന്നു എന്നെ കാണാൻ."
'' അമ്മ പറഞ്ഞുവിട്ടതാവും അല്ലേ? നമ്മുടെ വിവരങ്ങൾ അറിയാൻ."
തളിർ സംശയം പ്രകടിപ്പിച്ചു.
''അതു മാത്രമല്ല മോളേ. മറ്റുചില കാര്യങ്ങൾ കൂടി സംസാരിക്കാൻ. വളരെ മാന്യമായ രീതിയിലാണാ കുട്ടി എന്നോട് സംസാരിച്ചത്."
''എന്തായിരുന്നു സിസ്റ്റർ? എന്നോട് പറയാനാകുമെങ്കിൽ..."
''നിന്റെ മുന്നോട്ടുള്ള പഠിത്തത്തിനെപ്പറ്റി അറിയാനുള്ള ജിജ്ഞാസ. ഡോക്ടറാക്കി പഠിപ്പിക്കാൻ എത്ര രൂപയുടെ ചെലവ് വരുമെന്നൊക്കെ. അയാളാൽ കഴിയുന്ന സഹായം ചെയ്യാമെന്ന് പറയാനാണ്."
''അയ്യോ പാവം... അത്രയും മനസുണ്ടായല്ലോ. അമ്മ ഒരു ഡോക്ടറെന്ന നിലയിലാ എന്നെക്കുറിച്ച് ഇവരോടൊക്കെ സംസാരിച്ചു വച്ചിരിക്കുന്നേ. ഈ പ്രഭുവും ഡോക്ടറായി തന്നെയാകും എന്നെ കണ്ടിരിക്കുക."
''അതെ. അതു ശരിയാ. പാവത്തിന്റെ വരുമാനം കൊണ്ട് അതിന് സാദ്ധ്യമല്ലെന്നറിയാല്ലോ... എങ്കിലും അത് ചോദിക്കാനായി എന്നെക്കാണാൻ വന്നില്ലേ. നല്ലൊരു മനസിന്റെ ഉടമയാ...പാവം."
''സിസ്റ്ററിനെ പോലെയാ അമ്മയും പറയുന്നത്. പ്രഭു നല്ലൊരു മനസിന്റെ ഉടമയാണെന്ന്..."
''ആരും ഇഷ്ടപ്പെട്ടുപോകുന്ന ഒരു പ്രകൃതം. ആദ്യം ഇടപെട്ടപ്പോൾ തന്നെ എനിക്കത് ബോദ്ധ്യപ്പെടുകയും ചെയ്തു. അതാ ഞാനാ പയ്യനോട് അല്പം സംസാരിച്ച് നോക്കിയതും. എവിടെയൊക്കെയോ പറന്നുയരണം എന്നൊരു വാശി ഉള്ളതുപോലെ."
''അതെ സിസ്റ്ററേ...അമ്മയും അതു തന്നെയാ പ്രഭുവിനെപ്പറ്റി പറയുക."
''നിന്നോടെങ്ങനെയാ?"
''ഞാനുമായിട്ടങ്ങനെ സംസാരിക്കാറില്ല. ഇടയ്ക്ക് അമ്മയോട് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. അമ്മയ്ക്ക് സ്വന്തം മകനെപ്പോലെയാ. "
തളിർ പ്രഭുവിനെപ്പറ്റി കേട്ടറിവുള്ള കാര്യങ്ങൾ വിവരിച്ചു.
''രുക്കു അങ്ങനെ ഒരാളെ അടുത്തു സ്നേഹിക്കണമെങ്കിൽ അവൾ അവനെ നന്നായി പഠിച്ചിരിക്കും. അല്ലാതെ... ""
സിസ്റ്റർ അഭിപ്രായപ്പെട്ടു.
''അതെ സിസ്റ്ററേ. ചികിത്സയ്ക്കായി അമ്മയാണ് പ്രഭുവിനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്നത്. അവൻ ഭാവിയെപ്പറ്റി കൃത്യമായ ധാരണയുള്ള ഒരു പയ്യനെന്നാണ് അമ്മ പറയാറ്. അമ്മയുടെ വിശ്വസ്ത സഹായി ആണെന്ന് പറയാം. ദേവേന്ദ്രക്കാരണവരുടെ റിസോർട്ട് പണിക്ക് അവിടെ എത്തിയതുമുതലാ അമ്മയ്ക്ക് പരിചയമെന്ന് തോന്നുന്നു. നാലുവർഷത്തോളമാവും. പക്ഷേ വർഷങ്ങളായി പരിചയമുള്ളതുപോലെയാ അവർ തമ്മിലുള്ള സ്നേഹബന്ധം. "
തളിർ പറഞ്ഞുനിറുത്തി.
''എല്ലാത്തിനും ഒരു തലയിലെഴുത്തു വേണം. പ്രസവിച്ചു വളർത്തിയ സ്വന്തം മക്കൾ ഉപകരിക്കാത്ത കാലമാ ഇത്. അപ്പോഴാ ഈ പാവത്തിന്റെ ഉത്തരവാദിത്തമുള്ള സമീപനം. അതത്ര ചെറുതല്ല തളിരേ."
''അതെ സിസ്റ്റർ."
''ചിലപ്പോൾ ഈ തലയിലെഴുത്തെന്ന് പറയുന്നത് സത്യമാണെന്ന് തോന്നും. എന്റെ ജീവിതം തന്നെ അതിനൊരുദാഹരണമാണ്. ഒരു സന്യാസിനിയാകാനായിരുന്നു എന്റെ യോഗം."
ഒരു സംശയം ചോദിക്കുന്നതുപോലെ തളിർ ചോദിച്ചു.
''എന്താണ് സിസ്റ്ററേ ഈ തലയിലെഴുത്തെന്ന് പറയുന്നത്?"
''ഒരേ സമയത്ത് ഒരമ്മയുടെ വയറ്റിൽ പിറന്ന രണ്ട് ബീജങ്ങൾ. രണ്ടുപേർക്കും രണ്ടുതരം സ്വഭാവം. അനുഭവങ്ങളും വ്യത്യസ്തം. ഒരു ബീജം പകുത്തുവരുന്നതുകൊണ്ട് കാഴ്ചയിലവർ ഒരുപോലെ ആയെന്നുവരും. പക്ഷേ സ്വഭാവത്തിൽ നല്ല വ്യത്യാസം കാണും. കുഞ്ഞ് പുറത്തേക്ക് വരുമ്പോൾ ഉച്ചിയിൽ പതിക്കുന്ന കിരണങ്ങളെ ആശ്രയിച്ചിരിക്കും സ്വഭാവവും അനുഭവവും. അരസെക്കന്റ് വ്യത്യാസത്തിനല്ലേ തലയിൽ രശ്മികൾ പതിക്കുന്നത്. ആ നേരം അതിന്റെ ഭാവി കുറിക്കപ്പെടുന്നു എന്നാണ് കേട്ടിട്ടുള്ളത്."
''അപ്പോൾ രശ്മികളുടെ സൂക്ഷ്മമായ നിരീക്ഷണവും കണ്ടുപിടിക്കപ്പെടുന്നു. അതാണോ ഭാവി പ്രവചനം എന്ന് അസ്ട്രോളജേഴ്സ് പറയുന്നത്? "
തളിർ സംശയം ചോദിച്ചു.
''അതെ. അതാണവരും പറയുന്നത്. ഭൂമിയിൽ പെറ്റുവീഴുന്ന സമയം കിറുകൃത്യമായിരിക്കണമെന്ന്."
''അങ്ങനെ സിസ്റ്ററിന് ആരെയെങ്കിലും പരിചയമുണ്ടോ? എന്ന് വച്ചാൽ ഇരട്ടകുട്ടികളെ?"
''അറിയാം. മറ്റെങ്ങും തെളിവെടുപ്പിന് പോകേണ്ടതില്ല. ഞാനും എന്റെ സാലിയും ഇരട്ടകളാണ്. ഒരു മിനിട്ടിന്റെ വ്യത്യാസത്തിന് ഭൂമിയിലേക്ക് വന്നവരാണ് ഞങ്ങൾ. "
''എന്നിട്ട് സാലി സിസ്റ്റർ എവിടെ?"
''സാലി സിസ്റ്ററോ? സാലി കൊച്ച് ഭർത്താവും കുട്ടികളുമായി സുഖമായി നാട്ടിൽ കഴിയുന്നു. ഞാൻ കർത്താവിന്റെ മണവാട്ടിയുമായി. എത്ര വിരോധാഭാസം അല്ലേ? ആ സമയവ്യത്യാസമാണെന്നെ ഇങ്ങനെ തോന്നിപ്പിച്ചത്."
''സിസ്റ്റർ പറഞ്ഞുവരുന്നത്?"...
തളിരിന്റെ മുഖത്ത് ആകാംക്ഷ നിറഞ്ഞു.
''ഞാനിത്രയും കാടുകയറിപ്പറഞ്ഞത് മറ്റൊന്നുമല്ല മോളേ. നീ കുറച്ചുമുൻപ് ഒരു സംശയം പറഞ്ഞില്ലേ?"
''എന്താ സിസ്റ്റർ? ഞാൻ മറന്നുപോയി.""
''നിന്റെ ആഗ്രഹത്തിനെതിരായാണ് എപ്പോഴും നിന്റെ വിധിയെന്ന്."
''അതെ."
''അത് തീർത്തും പറയാൻ വരട്ടെ. കുറച്ചുദിവസങ്ങൾ കൂടി നമുക്ക് കാക്കാം. എന്നുവച്ചാൽ ഒന്നുരണ്ടുദിവസങ്ങൾക്കുള്ളിൽ പൂർണമായി ഒരു തീരുമാനത്തിലെത്താം."
''സിസ്റ്റർ എന്താ ഇങ്ങനെ പറയുന്നത്? അല്ല ഉദ്ദേശിക്കുന്നത്? പ്രഭുവിനെപ്പോലെ ഒരാൾ അങ്ങനെ ഒരാഗ്രഹം പ്രകടിപ്പിച്ചിട്ടാണോ? അത് നടക്കില്ലല്ലോ സിസ്റ്റർ? എന്റമ്മയോടുള്ള ആത്മാർത്ഥത കൊണ്ടാ ആ പാവം അങ്ങനെയൊക്കെ ചിന്തിക്കുന്നത്."
''ഈശ്വരന്മാർ സഹായിച്ചാൽ വേറെയൊരാളെത്തും. നമുക്ക് പ്രാർത്ഥിക്കാം. നടന്നേക്കും. രണ്ടാമത്തെ ചാൻസായാലും നീ എൻട്രൻസ് എഴുതി എടുത്തില്ലേ. അതൊരു ഭാഗ്യമല്ലേ. കുറേ കഷ്ടപ്പെട്ടിട്ടാണെങ്കിലും."
തളിർ ആശയൊഴിഞ്ഞ മിഴികളോടെ സിസ്റ്ററിനെ നോക്കി.
സിസ്റ്ററെന്താണ് ഉദ്ദേശിക്കുന്നതെന്ന് തളിരിന് വ്യക്തമല്ലായിരുന്നു. മാനസി അവൾക്ക് വേണ്ടി മെഡിക്കൽ അഡ്മിഷൻ ശരിയാക്കുമെന്നുള്ള കാര്യം പറയാമായിരുന്നെങ്കിലും അവൾ നേരിട്ടുതന്നെ തളിരിനോട് പറയട്ടെ എന്ന് സിസ്റ്റർ വിചാരിച്ചു.
അവർ സംസാരം നിറുത്തി. സിസ്റ്റർ ചാപ്പലിലേക്ക് പോയി.
ആ സമയത്താണ് ലാൻഡ് ഫോൺ ബെല്ലടിച്ചത്. തളിർ ഫോൺ അറ്റൻഡ് ചെയ്തു.
''ഞാൻ മാനസി ആണ്."
(തുടരും)