nigraham-38

ഷാജി ചെങ്ങറ കാറിൽ നിന്നിറങ്ങിയതും അടച്ചിട്ടിരുന്ന വാതിൽ തുറന്ന് ഒരാൾ പുറത്തേക്കു തലനീട്ടി.

സിറ്റൗട്ടിലെ ലൈറ്റ് ഓഫു ചെയ്തിരുന്നു. വാതിൽ തുറന്നതും അകത്തെ വെളിച്ചം ഒരു നീളൻ ചതുരമായി സിറ്റൗട്ടിലേക്കു വീണു.

ഷാജി അകത്തുകയറിയ ഉടൻ വാതിൽ അടയ്ക്കപ്പെട്ടു.

മുറിയിൽ നാലുപേർ ഉണ്ടായിരുന്നു. തലേന്ന് പകൽ സമയം പോലീസിനു നേർക്ക് പെട്രോൾ ബോംബ് എറിഞ്ഞവർ.

''സാറിരിക്ക്."

ഒരാൾ കസേര നീക്കിയിട്ടു.

ഷാജി ഇരുന്നു.

പിന്നിലെ മുന്നിലെ ടീപ്പോയിലേക്കു നോക്കി.

അവിടെ സ്മിർനോഫ് ബ്രാണ്ടിയുടെ രണ്ട് ഫുൾ ബോട്ടിലുകളും മിനറൽ വാട്ടറും ഗ്ളാസുകളും ഉപദംശകങ്ങളുമെല്ലാം ഒരുക്കിവച്ചിരുന്നു.

''എല്ലാം കിട്ടിയല്ലോ?"

ഷാജി വാതിൽ തുറന്നവനെ നോക്കി.

''കിട്ടി സാർ..."

അയാൾ ഒരു പേപ്പർ ക്യാരിബാഗിൽ നിന്ന് ചിക്കൻ സിക്സ്‌റ്റിഫൈവിന്റെ പായ്ക്കറ്റ് എടുത്തു തുറന്നുവച്ചു.

ഷാജി ഒരു പീസ് എടുത്ത് വായിലിട്ടു രുചിച്ചു നോക്കി.

''കൊള്ളാം." അയാൾ കൈയാട്ടി.

''നിങ്ങളും ഇരിക്ക്."

അവർ നാലുപേരും അയാൾക്ക് മുന്നിലിരുന്നു.

''കുപ്പി പൊട്ടിക്കട്ടേ സാറേ?" രണ്ടാമൻ തിരക്കി.

ഷാജി തലയാട്ടി.

അയാൾ കുപ്പിയെടുത്തു അടപ്പിന്റെ ഭാഗം കൈമുട്ടിനടിയിൽ ഒന്നിടിച്ചു. പിന്നെ താറാവിന്റെ കഴുത്ത് പരിക്കുന്നതുപോലെ അടപ്പു തുറന്നു.

മറ്റൊരാൾ ഗ്ളാസുകൾ നിരത്തിവച്ചു.

അതിലേക്കു മദ്യവും മിനറൽ വാട്ടറും ഒന്നുചേർന്നു പുളഞ്ഞു.

''ചിയേഴ്സ്."

ഷാജി ഒരു ഗ്ളാസ് ഉയർത്തി.

പിന്നാലെ മറ്റുള്ളവരും.

പകുതിയോളം അകത്താക്കിയിട്ട് ഷാജി കസേരയിൽ പിന്നോട്ടു ചാരിയിരുന്നു. മദ്യഗ്ളാസ് നെഞ്ചിൽ വച്ച് മെല്ലെ ഉരുട്ടി. ശേഷം പറഞ്ഞു:

''നമുക്ക് ഇത്രയും പറ്റിയ ഒരു ദിവസം ഇനി കിട്ടാനില്ല. ആ സി.ഐയും അകത്ത്, സിദ്ധാർത്ഥും അകത്ത്. ഒരിക്കൽ മോഹിച്ചുപോയിട്ടുള്ളവളുമാരൊന്നും എന്റെ കയ്യിൽ നിന്നു രക്ഷപെട്ടിട്ടില്ല...

പക്ഷേ മാളവിക... ഭീഷണിക്കും പ്രലോഭനങ്ങൾക്കും അപ്പുറം അവൾ എന്റെ കയ്യിൽ നിന്നു വഴുതിപ്പോയി. അത് പാടില്ല. അവൾ വരണം എന്റെ കാൽച്ചുവട്ടിൽ... മാനവും പ്രാണനും എടുക്കരുതേയെന്ന് യാചിക്കണം. പിന്നെ നാളെ പുലർച്ചെ ജനം കാണുന്നത് അവളുടെ നിർജ്ജീവമായ ബോഡി ഏതെങ്കിലും മരക്കൊമ്പിൽ തൂങ്ങിനിൽക്കുന്നതായിരിക്കണം." ക്രൂരമായി ചിരിച്ചുകൊണ്ട് ഷാജി ഗ്ളാസിൽ അവശേഷിച്ചതുകൂടി ഊറ്റി​ക്കൊടി​ച്ചി​ട്ട് ശക്തി​യി​ൽ ഗ്ളാസ് മുന്നി​ലെ ടീപ്പോയി​ൽ വച്ചു. ശേഷം പാന്റ്‌സി​ന്റെ പോക്കറ്റി​ൽ നി​ന്നു കർച്ചീഫ് എടുത്ത് ചുണ്ടുതുടയ്ക്കുകയും ഒരു ചി​ക്കൻ പീസുകൂടി​ എടുത്ത് വായി​ലിടുകയും ചെയ്തു.

''എല്ലാ കാര്യവും ഇന്നു രാത്രിയോടെ പര്യവസാനിക്കും സാറേ... ഞങ്ങള് അവളെ കൊണ്ടുവന്ന് സാറിന്റെ കാൽക്കലേക്കിട്ടുതരും. അതുകഴിഞ്ഞ് ഞങ്ങളെ മറക്കാതിരുന്നാ മതി."

ഒരുവൻ അർത്ഥഗർഭമായി ചിരിച്ചു.

''അത് പിന്നെ പറയണോടാ. എന്റെ ആഗ്രഹം സാധിച്ചുകഴിഞ്ഞാൽ നിങ്ങൾക്കു കടിച്ചുകീറാനുള്ള മാംസക്കഷണമാ അവള്. കേസുവരുമെന്നൊന്നും നിങ്ങള് പേടിക്കണ്ടാ. ഒക്കെ ഞാൻ നോക്കിക്കോളാം."

അവർ നാലുപേർക്കും അതിരറ്റ ആഹ്ളാദമായി.

സമയം പിടഞ്ഞുവീണു.

രണ്ട് കുപ്പികളും തീർന്നു.

''എങ്കിൽ ഞങ്ങളിനി പോയിട്ടുവരാം സാറേ... കാറിൽ ഇനിയും കുപ്പി കാണുമല്ലോ അല്ലേ?"

എഴുന്നേൽക്കുന്നതിനിടയിൽ ഒരുവൻ തിരക്കി.

''അക്കാര്യത്തിൽ വിഷമിക്കണ്ടാ. ആവശ്യത്തിനുണ്ട്. ങ്‌‌‌ഹാ. നിങ്ങടെ വണ്ടിയെന്തിയേ?"

നല്ല ഫോമിൽ ആയിക്കഴിഞ്ഞിരുന്നു ഷാജി ചെങ്ങറയും .

''വീടിനു പിന്നിൽ കിടപ്പുണ്ട്."

''എങ്കിൽ പോയിട്ടുവാ..." ഷാജി സെൽഫോൺ എടുത്തു.

നാലുപേരും പുറത്തിറങ്ങി വാതിൽ ചേർത്തടച്ചു.

അരമിനിട്ടു കഴിഞ്ഞപ്പോൾ വീടിനു പിന്നിൽ നിന്ന് ഒരു സുമോ എടുത്തു ചാടും പോലെ റോഡിലേക്കിറങ്ങി. ശേഷം ഇടത്തേക്കു വെട്ടിത്തിരിഞ്ഞു പാഞ്ഞുപോയി.

****

തെങ്ങുംകാവ്.

രാത്രി 11 മണി കഴിഞ്ഞിരുന്നു.

മാളവിക അപ്പോഴും ഉറങ്ങിയിട്ടില്ല.

അപ്പുറത്തെ മുറിയിൽ അച്ഛൻ ചുമയ്ക്കുന്നതും അമ്മ എന്തോ പിറുപിറുക്കുന്നതും അവൾ കേട്ടു.

നേരത്തെ സിദ്ധാർത്ഥ് വിളിച്ചുകഴിഞ്ഞ് പലവട്ടം അവൾ സെൽഫോൺ എടുത്തുനോക്കി. അവൻ വീണ്ടും വിളിച്ചാലോ?

അങ്ങനെ ഉണ്ടാകാത്തപ്പോൾ നേരിയ നിരാശയും തോന്നി. പിന്നെ മാളവിക ആശ്വസിക്കുവാൻ ശ്രമിച്ചു. ജയിലിൽ നിന്ന് അങ്ങനെ വിളിക്കാൻ കഴിയില്ലല്ലോ..

പക്ഷേ കരുതിയിരിക്കണമെന്ന അവന്റെ ഉപദേശം അവളിൽ ഭീതി പടർത്തിയിരുന്നു. അതിനാൽ തന്നെ നേരത്തെ വാതിലുകൾ അടച്ചു കൊളുത്തുമിട്ടു.

എന്നാൽ നേരം ഇരുട്ടിത്തുടങ്ങിയതു മുതൽ ആരോ പരിസരത്ത് ഉണ്ടെന്നൊരു തോന്നൽ.

ആരോ നടക്കുന്നതുപോലെ.. കരിയിലകൾ ഞെരിഞ്ഞമരുന്നതു പോലെ...

പെട്ടെന്ന് എവിടെയോ ഒരു വാഹനത്തിന്റെ ശബ്ദം.

(തുടരും)