corona-kerala

തിരുവനന്തപുരം: തലസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങളിൽ അമിതമായ ഭീതിയുണ്ടാക്കുന്ന പ്രചരണം ഒഴിവാക്കണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ. ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കളക്ടർ പറഞ്ഞതായുള്ള വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അധികൃതർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഫലപ്രദമായ പ്രതിരോധത്തിനായി ആൾക്കൂട്ടങ്ങളും യാത്രയും പരമാവധി ഒഴിവാക്കാനാണ് കളക്ടർ നിർദ്ദേശിച്ചതെന്നും അധികൃതർ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

തലസ്ഥാന ജില്ലയിൽ ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കളക്ടർ പറഞ്ഞതായ വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാണ്. ഫലപ്രദമായ പ്രതിരോധത്തിനായി ആൾക്കൂട്ടങ്ങളും യാത്രയും പരമാവധി ഒഴിവാക്കാനാണ് കളക്ടർ നിർദ്ദേശിച്ചത്. അമിതമായ ഭീതിയുണ്ടാക്കുന്ന പ്രചാരണം ഒഴിവാക്കണമെന്ന് അഭ്യർഥിക്കുന്നു.
- ജില്ലാ ഇൻഫർമേഷൻ ഓഫീസർ

രോഗികളിൽ പലരും നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് കളക്ടർ നേരത്തെ പറഞ്ഞിരുന്നു. ജനങ്ങൾ അനാവശ്യമായി പുറത്ത് പോകരുതെന്നും,​ രോഗ ലക്ഷണമുള്ളവർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടാതെ ഷോപ്പിംഗ് മാളുകളും ബീച്ചും അടച്ചിടുമെന്നും കളക്ടർ അറിയിച്ചിരുന്നു. മൂന്ന് പേർക്കാണ് തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ചത്. ജില്ലയിൽ 249 പേർ നിരീക്ഷണത്തിലാണ്.