തിരുവനന്തപുരം: സർക്കാർ തീരുമാനങ്ങളോട് എതിർപ്പോ വിയോജിപ്പോ പ്രകടിപ്പിക്കുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥരെ നിലക്കുനിർത്താൻ സർവീസ് ചട്ടങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി ചീഫ് സെക്രട്ടറി ടോം ജോസ്. സർക്കാറിന്റെ തീരുമാനങ്ങൾക്കെതിരെ മാദ്ധ്യമങ്ങളിലൂടെയോ സമൂഹ മാദ്ധ്യമങ്ങളിലൂടെയോ വിമർശിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നാണ് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്.
സർവെ ഡയറക്ടർ പ്രേം കുമാറിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കത്തയച്ച റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കെ. വേണുവിനെ അനുകൂലിച്ച് നിരവധി ഉദ്യോഗസ്ഥർ സമൂഹ മാദ്ധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർവ്വീസ് ചട്ടങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് ചീഫ് സെക്രട്ടറി രംഗത്തെത്തിയത്. സർക്കാർ തീരുമാനങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവർക്ക് സർവീസിൽ സ്ഥാനമുണ്ടാകില്ലെന്നാണ് താക്കീത്.
തന്റെ എതിർപ്പ് അവഗണിച്ച് സർവെ ഡയറക്ടറെ മാറ്റിയതിൽ പ്രതിഷേധിച്ച് അവധിയിൽ പ്രവേശിച്ച റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കെ.വേണു തിങ്കളാഴ്ച സർവീസിൽ പ്രവേശിക്കും. തുടർന്നും അവധി നീട്ടിയിരുന്നെങ്കിൽ വേണുവിനെ റവന്യു വകുപ്പിൽ നിന്ന് മാറ്റാനുള്ള നീക്കവും സജീവമായിരുന്നു.