ചിരഞ്ജീവി നായകനാകുന്ന തെലുങ്ക് സിനിമയിൽ നിന്ന് തെന്നിന്ത്യൻ നായിക തൃഷ പിൻമാറി. ആചാര്യ എന്ന സിനിമയിൽ നിന്നാണ് തൃഷ പിൻമാറിയത്. സർഗാത്മകതയിലുണ്ടായ വ്യത്യാസമാണ് താൻ ചിത്രത്തിൽ നിന്ന് പിൻമാറാൻ കാരണമെന്ന് ട്വിറ്ററിൽ കുറിച്ചു. "സിനിമയുടെ ചിത്രീകരണ സമയമായപ്പോഴേക്കും താനുമായി ചർച്ച ചെയ്തതിലും വ്യത്യാസമായിട്ടാണ് രംഗങ്ങൾ ഒരുക്കിയത്. അതിനാലാണ് 'ആചാര്യ' ഉപേക്ഷിക്കാൻ കാരണം" തൃഷ ട്വിറ്ററിൽ കുറിച്ചത്.
ചിരഞ്ജീവിയുടെ സിനിമയിൽ തന്നെ പരിഗണിച്ചത് ഭാഗ്യമായി തന്നെയാണ് കരുതുന്നത്. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നു. ഉടനെ തന്നെ തന്റെ തെലുങ്ക് ആരാധകർക്കായി നല്ലൊരു പ്രോജക്ടുമായി വരുമെന്നും തൃഷ ട്വീറ്റിൽ വ്യക്തമാക്കി. 2016ലെ ഹൊറർ ത്രില്ലർ ' നായകി' യാണ് തൃഷയുടെ അവസാനത്തെ തെലുങ്ക് സിനിമ.
തൃഷയും ചിരഞ്ജീവിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. 2006ൽ മുരുഗദോസിന്റെ ബാനറിൽ നിർമ്മിച്ച 'സ്റ്റാലിൻ' എന്ന ചിത്രത്തിലാണ് ഇവർ അവസാനമായി ഒന്നിച്ചത്. കൊടാല ശിവയാണ് ആചാര്യയുടെ സംവിധായകൻ. ആദ്ദേഹവുമൊന്നിച്ചുള്ള ചിരഞ്ജീവിയുടെ ആദ്യ സിനിമയാണിത്. കൊനിഡെല പ്രൊഡക്ഷന്റെയും മാറ്റിനി എന്റർറ്റെയിൻമെന്റിന്റെയും ബാനറിലാണ് ആചാര്യ ഒരുങ്ങുന്നത്. മണി ശർമ്മയാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്. ആചാര്യയിൽ മറ്റൊരു പ്രധാന കഥാപാത്രമായി മഹേഷ് ബാബുവിനെ എത്തിക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ക്ഷേത്രങ്ങളുടെ മറവിൽ നടക്കുന്ന പണംതട്ടിപ്പിനെതിരെ പ്രവർത്തിക്കുന്ന ഒരു സമൂഹ്യ പരിഷ്കർത്താവിന്റെ കഥയാണ് സിനിമ പറയുന്നത്. 140 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.