മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റിൽ
കാസർകോട്: ട്രെയിനിൽ കടത്തുകയായിരുന്ന 1.40 കോടി രൂപയുടെ കുഴൽപ്പണവുമായി മഹാരാഷ്ട്ര സ്വദേശികൾ പിടിയിലായി. മഹാരാഷ്ട്ര സിതാമ കാർളേപാടിയിലെ അങ്കൂഷ് (38), മഹാരാഷ്ട്ര ബല്ലോടി സാങ്കയിലെ ശങ്കർ (29) എന്നിവരെയാണ് കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തത്.
നിസാമുദ്ദീൻ എക്സ്‌പ്രസിൽ എസ് 1 കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ റെയിൽവേ പൊലീസ് എസ്.ഐമാരായ രാജേന്ദ്രൻ, മൂസക്കുട്ടി എന്നിവർ നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ കാസർകോട്ട് ട്രെയിൻ എത്താറായപ്പോൾ അവിടത്തെ റെയിൽവേ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് എ.എസ്.ഐ മോഹനൻ, സിവിൽ പൊലീസ് ഓഫീസർമാരായ ബാലകൃഷ്ണൻ, സുധീർ, ശിവകുമാർ, കെ.എം ചിത്ര എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി ബാഗിൽ നിന്ന് പണം കണ്ടെത്തുകയായിരുന്നു.
മുംബയിൽ നിന്ന് എറണാകുളത്തേക്കാണ് ഇവർ ടിക്കറ്റെടുത്തത്. 40 ലക്ഷം രൂപയുടെ 2000ന്റെ നോട്ടുകളും ഒരു കോടി രൂപയുടെ 500ന്റെ നോട്ടുകളുമാണ് പിടിച്ചെടുത്തത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.