blood-donation

തിരുവനന്തപുരം കൊറോണ ഭീതി മൂലം സംസ്ഥാനത്തെ ആശുപത്രികളിൽ രക്തലഭ്യത കുറഞ്ഞ സാഹചര്യത്തിൽ രക്തദാനവുമായി ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച ശേഷം രക്തം നൽകുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡി.വൈ.എഫ്‌.ഐ രക്തദാനത്തിന് മുന്നിട്ടിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ ജീവധാര പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം, തിരു. ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷ്, ജില്ലാ പ്രസിഡന്റ് വി.വിനീത്, ട്രഷറർ വി.അനൂപ്, സംസ്ഥാനകമ്മിറ്റി അംഗം സുരേഷ് ബാബു എന്നിവരുൾപ്പെടെ നൂറോളം പ്രവർത്തകർ ആശുപത്രിയിലെത്തി രക്തം നൽകി. തുടർന്നുള്ള 19 ദിവസവും ജില്ലയിലെ വിവിധ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ രക്തദാനം തുടരും. കണ്ണൂരിലെ തലശ്ശേരി, മലബാർ ക്യാൻസർ സെന്റർ മഞ്ചേരി മെഡിക്കൽകോളേജ്, തൃശൂർ ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും ഡി.വൈ.എഫ്‌.ഐ രക്തദാനം നടത്തി. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ രക്തദാനം നടത്തും. എല്ലാ രക്തബാങ്കുകളിലും ആവശ്യത്തിന് രക്തം ഉറപ്പാക്കാൻ ഡി.വൈ.എഫ്‌.ഐ സന്നദ്ധമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.