ന്യൂഡൽഹി: നിരീക്ഷണത്തിലിരിക്കെ രക്ഷപ്പെട്ട യുവതിയെ ആഗ്രയിൽ നിന്ന് കണ്ടെത്തി. ബാംഗ്ളൂരിൽ കോവിഡ്-19 ബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്ന ഗൂഗിൾ ജീവനക്കാരന്റെ ഭാര്യയാണ് യുവതി. വെള്ളിയാഴ്ചയാണ് ആഗ്രയിൽ നിന്ന് കണ്ടെത്തിയത്.
ഇവരെ കാണാതായത് മുതൽ അന്വേഷണം ആരംഭിച്ചിരുന്നു. റയിൽവേ മന്ത്രാലയത്തിന്റെയും ആഗ്രയിലെ ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്. ബാംഗ്ളൂരിൽ നിന്ന് ഡൽഹിയിലേക്ക് വിമാനമാർഗവും, ഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് ട്രെയിൻ മാർഗവുമാണ് യുവതി സഞ്ചരിച്ചത്. വീട്ടുകാരോടൊപ്പം ഹോളി ആഘോഷിക്കാനാണ് യുവതി ആഗ്രയിലെത്തിയത്.
25 വയസുള്ള യുവതിയെ ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളേജിലേക്ക് നരീക്ഷണത്തിനായി മാറ്റി. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യുവതിയുടെ അച്ഛനെയും സഹോദരിയെയും 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്തു. കുടുംബത്തിലെ മറ്റ് എട്ട് പേർ കർശന നിരീക്ഷണത്തിലാണ്.
ഇറ്റലിയിൽ നിന്ന് അടുത്തിടെയാണ് ഗൂഗിൾ ജീവനക്കാരനായ ഭർത്താവും യുവതിയും നാട്ടിലെത്തിയത്. യുവതിയുടെ ഭർത്താവിന് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് ബംഗ്ലൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.