മലയാള കവിതയിലെ ശക്തിയുടെയും പരിവർത്തനത്തിന്റെയും മുഖ്യശില്പികളിലൊരാളാണ് വിടപറഞ്ഞ സാഹിത്യാചാര്യൻ
പുതുശേരി രാമചന്ദ്രൻ . മഹാപ്രതിഭയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചപ്പോൾ 2015 ഡിസംബർ 12 ന് കേരളകൗമുദി പ്രസിദ്ധീകരിച്ച കുറിപ്പ്
......................................
എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച ഡോ. പുതുശ്ശേരി രാമചന്ദ്രൻ കണ്ണശ ഭാരതവും കണ്ണശ ഭാഗവതവും സമ്പൂർണ വ്യാഖ്യാന സഹിതം പുറത്തിറക്കാനുള്ള സാഹിത്യ സപര്യയിലാണ്. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാളം ഭരണഭാഷയാക്കാനുള്ള നടപടികൾ പുരോഗമിക്കവേ മലയാളഭാഷയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പങ്കുവയ്ക്കുകയാണ് പുതുശ്ശേരി മാഷ്.
ആദ്യം ജനനം. പിന്നെ പേരിന്റെ പിറവി. സാധാരണ അങ്ങനെയാണ് സംഭവിക്കാറുള്ളത്. കുട്ടിയും പേരും ഒരുമിച്ച് പിറക്കുന്നത് അത്യപൂർവം. മാവേലിക്കരയ്ക്കടുത്ത് വള്ളികുന്നത്ത് പോക്കാട്ട് ദാമോദരൻ പിള്ളയുടെയും ജാനകിയുടെയും മകൻ സ്വന്തം പേരുമായിട്ടാണ് ജനിച്ചത്.
ജാനകി പൂർണ ഗർഭിണി. പേറ്റ് നോവ് തുടങ്ങി. ഉമ്മറത്ത് നിലവിളക്കിന് മുന്നിൽ രാമായണ പാരായണം. യുദ്ധകാണ്ഡത്തിൽ രാമചന്ദ്രജയ! എന്ന വരിയെത്തിയപ്പോൾ കുഞ്ഞുപിറന്നതിന്റെ സൂചനയായി വായ്ക്കുരവ. ശുഭലക്ഷണം. കുഞ്ഞിന് രക്ഷിതാക്കൾ പേരും നിശ്ചയിച്ചു. രാമചന്ദ്രൻ. കൈരളിയുടെ പ്രിയപ്പെട്ട ഡോ. പുതുശ്ശേരി രാമചന്ദ്രൻ.
രാമായണ ഈണം കേട്ടു പിറന്ന പുതുശ്ശേരി കണ്ണശ്ശരാമായണം സമ്പൂർണമായി കണ്ടെടുത്തു മലയാളത്തിന് സമർപ്പിച്ച എഴുത്തിന്റെ അച്ഛനായി. ഇപ്പോഴിതാ ആധുനിക മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പേരിലുള്ള സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരത്തിന് അർഹനായിരിക്കുന്നു.
വെള്ളയമ്പലം ഇലങ്കം ഗാർഡൻസിലെ 'ഗീതി"ൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപകൻ കൂടിയായ പുതുശ്ശേരിക്ക് ഒരു ഭാവഭേദവുമില്ല. സീതാവിരഹത്തിന്റെ നേരിയ ശോകഛായ ഈ രാമന്റെ മുഖത്തുണ്ട്. ജീവിതസഖിയായ ബി. രാജമ്മ മൂന്നുവർഷം മുമ്പാണ് മരിച്ചത്. അതിനുശേഷം മകൾ പ്രൊഫ. ഗീത ആർ. പുതുശ്ശേരിക്കൊപ്പമാണ് താമസം. പുരസ്കാര ലബ്ധിയിൽ അഭിനന്ദിക്കാനെത്തിയവർ നൽകിയ പൂച്ചെണ്ടുകളും സമ്മാനങ്ങളും ഭാര്യയുടെ ചിത്രത്തിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നു. ഒപ്പം പുതുശ്ശേരി മലയാളത്തിന് സമർപ്പിച്ച സമ്പൂർണ കണ്ണശ്ശ രാമായണ വ്യാഖ്യാനവും.
എഴുത്തുകാർ അക്ഷരമാളിക പണിയുന്നവരാണ്. ചിലർ തനിക്കുവേണ്ടിയും മറ്റു ചിലർ സമൂഹത്തിനുവേണ്ടിയും വരും തലമുറകൾക്കുവേണ്ടിയും എന്നേയുള്ളൂ വ്യത്യാസം. നെഞ്ചിലെ സമരത്തീച്ചൂളയിൽ ചുട്ടെടുത്ത ഇഷ്ടികകൾ കൊണ്ട് കവിതാഹർമ്മ്യങ്ങൾ പണിത പുതുശ്ശേരി മലയാളഭാഷയുടെ തറവാട് ബലപ്പെടുത്തുകയും വിപുലപ്പെടുത്തുകയും ചെയ്തു. അങ്ങനെ കവിയ്ക്കും അദ്ധ്യാപകനുമപ്പുറം മികച്ച ഭാഷാ ഗവേഷകനുമായി.
സാഹിത്യരംഗപ്രവേശം 17-ാം വയസിൽ കവിതയിലൂടെ ഗ്രാമീണ ഗായകൻ ആദ്യകാവ്യസമാഹാരം. യാഥാസ്ഥിതികതയോട് എന്നും വിയോജിപ്പും വിമതസ്വരവുമായിരുന്നു പുതുശ്ശേരിക്ക്. സ്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യ സമരജ്വാലകൾ മാടിവിളിച്ചു. മറ്റൊന്നുമാലോചിച്ചില്ല. സമരപ്പാതയിലേക്ക് ചാടിയിറങ്ങി സ്കൂളിൽ നിന്ന് പുറത്തുമായി. എങ്കിലും ഭാഷയെയും കവിതയെയും പ്രണയിച്ച ആ യുവാവ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളം ഓണേഴ്സ് ഒന്നാം റാങ്കോടെ പാസായി.
കവിതയുടെ വഴിയിലൂടെ ശക്തമായി നീങ്ങുമ്പോൾതന്നെ ഇംഗ്ളീഷ്, സംസ്കൃതം, തമിഴ് ഭാഷകളിൽ നിന്ന് നിരവധി കവിതകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തു. തമിഴിലെ ഭക്തികാവ്യമായ കുലശേഖര ആൾവാരുടെ പെരുമാൾ തിരുമൊഴിയുടെ വിവർത്തനത്തിനാണ് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചത്.
1977 ൽ തിരുവനന്തപുരത്തു നടന്ന ഒന്നാം ലോകമലയാള സമ്മേളനത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. ഭാഷാ ഗവേഷണത്തിലും കവിതയിലും ഒരേസമയം മുഴുകുമ്പോഴും നിരവധി ചുമതലകളും അദ്ദേഹം ഭംഗിയായി നിർവ്വഹിച്ചു. സ്ഥലനാമസമിതി പ്രസിഡന്റ് , സെന്റർ ഫോർ ഏഷ്യൻ ആഫ്രിക്കൻ ആൻഡ് ലാറ്റിനമേരിക്കൻ സ്റ്റഡീസ് ഡയറക്ടർ, എം.ജി സർവകലാശാല കണ്ണശ്ശപഠനപീഠം പ്രൊഫസർ എന്നീ നിലകളിലും അദ്ദേഹം മലയാളത്തിനുള്ള ശക്തിപൂജ തുടരുന്നു.
ശൂരനാട് സംഭവത്തിന്റെ പേരിൽ ലോക്കപ്പിൽ കിടന്നു. തടവറയിൽ നിന്ന് സഹപ്രവർത്തകർക്കൊപ്പം മോചിതരായപ്പോൾ അമ്മ വിളമ്പിയ ഭക്ഷണത്തിന് അമൃതിന്റെ രുചിയായിരുന്നു. അന്ന് അമ്മയുടെ കണ്ണുകൾ തുളുമ്പിയത് വിളക്കുവെട്ടത്തിൽ കണ്ടു. കൂടുതൽ പഠിക്കാനും വായിക്കാനും കഴിയാത്തതിന്റെ ദുഃഖം എന്നും അമ്മയ്ക്കുണ്ടായിരുന്നു. അത് പുതുശ്ശേരിക്ക് പിന്നെയും പഠിക്കാനുള്ള വാശിയായി. പാർട്ടിയിൽ നിന്ന് അവധിയെടുത്ത് 1953 ൽ യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നു. 1954 ൽ വിദ്യാർത്ഥികൾ തിരഞ്ഞെടുത്ത് കോളേജ് മാഗസിന്റെ എഡിറ്ററുമാക്കി. അന്ന് കോളേജ് മാഗസിനിലെ മുഖപ്രസംഗം മലയാളത്തിന് സർവകലാശാല വേണമെന്നായിരുന്നു. മലയാള ഭാഷയ്ക്കുവേണ്ടിയുള്ള പോരാട്ടം അവിടെ തുടങ്ങുന്നു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കാനും ഔദ്യോഗികഭാഷയാക്കാനും വേണ്ടിയുള്ള നിരന്തരമായ യത്നങ്ങളിൽ സജീവമായി പങ്കെടുത്ത് വിജയിപ്പിക്കാനായതിനാൽ അഭിമാനവും സന്തോഷവുമുണ്ട്.
കണ്ണശ്ശരാമായണവുമായി എന്തുകൊണ്ട് ഇത്രത്തോളം ആത്മ ബന്ധമുണ്ടായി എന്നതിന്റെ ഉത്തരം പുതുശ്ശേരിയുടെ കമ്മ്യൂണിസ്റ്റ് മനസുതന്നെ. കണ്ണശ്ശ രാമായണത്തിലൊരിടത്തും ബ്രാഹ്മണരെ സ്തുതിക്കുന്നില്ല. ഭൂമിയിലെ ദേവനാണ് അവരെന്ന് സ്ഥാപിക്കുന്നില്ല. ബ്രാഹ്മണരുടെ പാദധൂളി ശിരസിലണിയുന്നത് പുണ്യമാണെന്ന് തന്ത്രപൂർവം പറയുന്നില്ല. എല്ലാജാതിക്കാർക്കും അർഹതപ്പെട്ടതും അവകാശപ്പെട്ടതുമാണ് രാമായണമെന്ന കണ്ണശ്ശന്റെ സമഭാവന പുതുശ്ശേരിയെ വല്ലാതെ ആകർഷിച്ചു. അതൊരു ആരാധനയായി. പിന്നെ ആത്മബന്ധവുമായി. കണ്ണശ്ശരാമായണത്തെക്കുറിച്ചു ഗവേഷണം നടത്താൻ പുതുശ്ശേരിയെ പ്രേരിപ്പിച്ചതും ഈ ബന്ധമാണ്.
മനസിൽ സദാ തെളിഞ്ഞു കത്തുന്ന ഓർമ്മവിളക്കായി ഭാര്യ മാറിയെങ്കിലും മലയാളത്തിന് കണ്ണശ്ശഭാഗവതം, ഭാഷ ഭഗവത്ഗീത (കണ്ണശ്ശ ഭാരതം) എന്നിവയുടെ വ്യാഖ്യാനം പഠനം എന്നിവ പൂർത്തിയാക്കാനുള്ള തപസിലാണിപ്പോൾ. എഴുത്തച്ഛന്റെയും കണ്ണശ്ശന്റെയും പ്രസാദം ലഭിച്ച അദ്ദേഹത്തിന് ജനിച്ചപ്പോൾ രാമായണത്തിൽ നിന്നു പേരുവന്നതുപോലെ നമുക്കെല്ലാം ആശംസിക്കാം, പ്രാർത്ഥിക്കാം ശ്രീരാമചന്ദ്രജയ!