corona

വാഷിംഗ്ടൺ: ആഗോളതലത്തിൽ വ്യാപിച്ച കൊറോണ വൈറസ് (കൊവിഡ് - 19)​​ ബാധ മൂലം അമേരിക്കയിൽ മാത്രം 50 പേർ മരിക്കുകയും 2000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

26 യൂറോപ്യൻ രാജ്യങ്ങളിലേക്ക് അമേരിക്ക യാത്രാവിലക്ക് ഏർപ്പെടുത്തി.

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫെഡറൽ ഫണ്ടിൽ നിന്ന് 5,000 കോടി യു.എസ്. ഡോളർ അനുവദിക്കും. അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ ഉടൻ സജ്ജമാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ട്രംപ് നിർദ്ദേശിച്ചു. വെസ്റ്റ് നൈ‍ൽ വൈറസ് ബാധയുണ്ടായ 2000ത്തിന് ശേഷം ഇതാദ്യമായാണ് യു.എസിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്.

' അടുത്ത എട്ടാഴ്ചകൾ നിർണായകമാണ്. നാം കൊറോണ വൈറസിനെക്കുറിച്ച് പഠിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യും"- ട്രംപ് പറഞ്ഞു.
അമേരിക്കയിലെ ജനങ്ങൾക്ക് ആവശ്യമുള്ളതും അവകാശപ്പെട്ടതുമായ പരിചരണം ലഭ്യമാക്കുന്നിതിന് വിഘാതം സൃഷ്ടിക്കുന്ന എന്തിനെയും നീക്കം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. കൊറോണ പരിശോധന കിറ്റുകൾ ലഭ്യമാക്കാൻ വൈകിയതിൽ ട്രംപ് സർക്കാരിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.


 സ്‌പെയിനിലും അടിയന്തരാവസ്ഥ

കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 120 പിന്നിട്ടതോടെ സ്‌പെയിനിലും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്നലെ മുതൽ 15 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. അടുത്തയാഴ്ചയോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം പതിനായിരം കടന്നേക്കുമെന്നും പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞു. സ്പെയിനിൽ ഇതുവരെ 4209 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

 ചൈനയിൽ കൊറോണ വൈറസ് എത്തിച്ചത് അമേരിക്കയാണെന്ന തരത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തതിനെതിരെ ചൈനീസ് അംബാസിഡറെ വിളിച്ചു വരുത്തി അമേരിക്ക പ്രതിഷേധം അറിയിച്ചു.

 യൂറോപ്പ് കൊറോണയുടെ കേന്ദ്രം

കൊറോണ വ്യാപനത്തിന്റെ കേന്ദ്രമായി യൂറോപ്പ് മാറിയെന്ന് ലോകാരോഗ്യ സംഘടന. ചൈനയേക്കാൾ ദൈനംദിന വ്യാപന തോത് യൂറോപ്യൻ രാജ്യങ്ങളിൽ കൂടുതലാണ്. ഇറ്റലിയിൽ ഇന്നലെ മാത്രം 250 പേർ മരിച്ചു. ഫ്രാൻസിൽ ഒറ്റ ദിവസം കൊണ്ട് 800 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടനാ തലവൻ തെദ്രോസ്‌ അധാനം ഗെബ്രെിയേസസ്‌ പറഞ്ഞു.

 നോർത്ത് വെസ്റ്റ് ലണ്ടനിൽ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകത്തേറ്റവും പ്രായം കുറഞ്ഞ വൈറസ് ബാധിതയാണിത്.

ട്രംപിന് കൊറോണ പരിശോധന

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കും.

കഴിഞ്ഞ ദിവസം ട്രംപിനൊപ്പം വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ബ്രസീലിയൻ നയതന്ത്ര പ്രതിനിധിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.

'വൈറ്റ് ഹൗസിലെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നുമില്ല.' - ട്രംപ്‌ പറഞ്ഞു.

അതേസമയം തന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസൊനാരോ അറിയിച്ചു.

ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം വൈറസ് ബാധിതരുള്ള ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,547 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം രോഗികളുടെ എണ്ണം 17,660 ആയി. 1266 പേർ മരിച്ചു.

രോഗം പടരുന്നത് തടയാൻ ഇറ്റലിയിൽ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭക്ഷ്യവസ്തുക്കളും മരുന്നുകളും വിൽക്കുന്ന കടകൾ ഒഴികെ ഹോട്ടലുകളും ബാറുകളുമടക്കം എല്ലാ വ്യാപാര സ്ഥാപനങ്ങളും പൂട്ടാൻ സർക്കാർ ഉത്തരവിട്ടു. റോമിലെ എല്ലാ കത്തോലിക്ക പള്ളികളും അടച്ചിടും.

 കൊറോണ വ്യാപനം കണത്തിലെടുത്ത് ഇറ്റലി,ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സിംഗപ്പൂർ വിലക്കേർപ്പെടുത്തി.

 സൗദിയിൽ പുതിയ 24 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സൗദിയിൽ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 86 ആയി. എല്ലാ അന്താരാഷ്ട്ര സർവീസുകളും സൗദി അറേബ്യ രണ്ടാഴ്ചത്തേക്ക് നിറുത്തിവച്ചു.